Sorry, you need to enable JavaScript to visit this website.

വാഹനം ഓടിച്ചിട്ടില്ലെന്ന വാദം ആവര്‍ത്തിച്ച് ശ്രീറാം വെങ്കട്ടരാമന്‍

തിരുവനന്തപുരം- മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കട്ടരാമന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗിന് മുന്നില്‍ ഹാജരായി.
കെ.എം ബഷീറിന്റെ കൊലപാതക കേസിലെ പരാതിക്കാരനും സിറാജ് ഡയറക്ടറുമായ എ. സൈഫുദ്ദീന്‍ ഹാജിയില്‍ നിന്ന് സമിതി മൊഴിയെടുത്തു. പ്രതിയുടേയും പരാതിക്കാരന്റേയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരുവരേയും ഇന്നലെ അന്വേഷണ സമിതി വിളിച്ചു വരുത്തിയത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി നല്‍കിയ കുറ്റപത്രത്തിന് നല്‍കിയ വിശദീകരണം ശ്രീറാം വെങ്കട്ടരാമന്‍ സമിതിക്ക് മുന്നില്‍ ആവര്‍ത്തിച്ചു. അപകട സമയത്ത് താന്‍ വാഹനമോടിച്ചിരുന്നില്ലെന്ന വാദമാണ് ശ്രീറാം അന്വേഷണ സമിതിക്ക് മുന്നില്‍ ഉന്നയിച്ചത്. ശ്രീറാം തന്നെയാണ് വാഹനമോടിച്ചിരുന്നതെന്നും ശ്രീറാം മദ്യപിച്ചിരുന്നതായും കാറിലുണ്ടായിരുന്ന ശ്രീറാമിന്റെ അടുത്ത സുഹൃത്ത് വഫാ ഫിറോസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(5)യില്‍ നല്‍കിയ മൊഴി സൈഫുദ്ദീന്‍ ഹാജി അന്വേഷണ കമ്മീഷന് സമര്‍പ്പിച്ചു. എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ നിലവില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇതു സംബന്ധിച്ച് ശേഖരിച്ച മൊഴികളും മറ്റ് ശാസ്ത്രീയ രേഖകളും കൂടി സമിതി പരിശോധിക്കണമെന്നും സൈഫുദ്ദീന്‍ ഹാജി ആവശ്യപ്പെട്ടു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഇത്തരത്തില്‍ തെറ്റായ മൊഴി നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന് സര്‍ക്കാരിന്റെ ഒരു പദവിയില്‍ തുടരാനുള്ള അര്‍ഹ തയില്ലെന്നും പരാതിക്കാരന്‍ ബോധിപ്പിച്ചു. ഈ മൊഴി അന്വേഷണ കമ്മീഷന്‍ ഒദ്യോഗികമായി രേഖപ്പെടുത്തി. പരാതിക്കാരനെ ക്രോസ് ചെയ്യാനുണ്ടോ എന്ന ചോദ്യത്തിന് പിന്നീട് അറിയിക്കാം എന്ന് ശ്രീറാം മറുപടി നല്‍കി. നിലവിലെ മ്യൂസിയം എസ്.ഐയില്‍ നിന്നും ഇന്നലെ സമിതി തെളിവെടുത്തു.
കെ.എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ശ്രീറാം വെങ്കട്ടരാമനെ സസ്‌പെന്‍ഡ് ചെയ്ത ശേഷം ചീഫ് സെക്രട്ടറിയാണ് ശ്രീറാമിനെതിരെ വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ ശ്രീറാം വെങ്കട്ടരാമന്‍ നല്‍കിയ വിശദീകരണം തള്ളി സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയ ശേഷമാണ് സഞ്ജയ് ഗാര്‍ഗിന് അന്വേഷണ ചുമതല നല്‍കിക്കൊണ്ടുള്ള ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുഖം നല്‍കാതെയാണ് തെളിവെടുപ്പിനായി ശ്രീറാം എത്തിയത്. തെളിവെടുപ്പിന് ശേഷം താഴെയിറങ്ങിയ ശ്രീറാമിനെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞപ്പോള്‍ സെക്രട്ടേറിയറ്റിനുള്ളിലേക്ക് തിരിഞ്ഞോടുകയായിരുന്നു. മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞെങ്കിലും മറുപടി നല്‍കാതെ ഒഴിഞ്ഞു മാറിയ ശ്രീറാം സെക്രട്ടേറിയറ്റിന് പുറത്തേക്ക് കാറ് വരുത്തി മടങ്ങുകയും ചെയ്തു.

 

 

Latest News