അബ്ശിറിൽ 13 പുതിയ സേവനങ്ങൾ
റിയാദ് - ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിറിൽ 13 സേവനങ്ങൾ കൂടി പുതുതായി ഉൾപ്പെടുത്തി. പുതിയ സേവനങ്ങൾ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ ഉദ്ഘാടനം ചെയ്തു.
ട്രാഫിക് ഡയറക്ടറേറ്റ്, ജവാസാത്ത് ഡയറക്ടറേറ്റ്, സിവിൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് എന്നിവക്കു കീഴിലെ 13 പുതിയ ഓൺലൈൻ സേവനങ്ങളാണ് അബ്ശിറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അബ്ശിർ ബിസിനസ് പോർട്ടലും മന്ത്രി ഉദ്ഘാടനം ചെയ്തു.
പൊതുമര്യാദ നിയമ ലംഘനങ്ങൾ ഇലക്ട്രോണിക് സാങ്കേതിക വിദ്യയിൽ രജിസ്റ്റർ ചെയ്ത് പിഴ ചുമത്തുന്ന പൊതുസുരക്ഷാ വകുപ്പിന്റെ സേവനവും അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ ഉദ്ഘാടനം ചെയ്തു. റിയാദിൽ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് തന്റെ ഓഫീസിൽ വെച്ചാണ് പുതിയ സേവനങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തത്. ട്രാഫിക് ഡയറക്ടറേറ്റിനു കീഴിലെ നാലു പുതിയ ഓൺലൈൻ സേവനങ്ങളാണ് അബ്ശിറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാഹന വിൽപന, നിയമ ലംഘനങ്ങൾക്ക് സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട സേവനം, വിദേശ രജിസ്ട്രേഷനുള്ള വാഹനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഗതാഗത നിയമ ലംഘനങ്ങളെ കുറിച്ച അന്വേഷണം, ഗതാഗത നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി പിഴ ചുമത്തിയതിൽ വിയോജിപ്പ് പ്രകടിപ്പിക്കൽ എന്നീ നാലു സേവനങ്ങളാണ് ട്രാഫിക് ഡയറക്ടറേറ്റ് പുതുതായി അബ്ശിറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിദേശ നിക്ഷേപകർക്കുള്ള സേവനം, സ്ഥിര ഇഖാമ (പ്രീമിയം റെസിഡൻസി) ഉടമകൾക്കുള്ള വിസാ സേവനങ്ങൾ, വിദേശികൾ രാജ്യത്ത് പ്രവേശിക്കുമ്പോൾ പൂർത്തിയാക്കുന്ന നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട അതിർത്തി നമ്പറിനെ കുറിച്ച അന്വേഷണം, വിദേശങ്ങളിലുള്ളവരുടെ റീ-എൻട്രി ദീർഘിപ്പിക്കൽ എന്നീ സേവനങ്ങൾ ജവാസാത്ത് ഡയറക്ടറേറ്റ് അബ്ശിറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
സിവിൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് അബ്ശിറിൽ ഉൾപ്പെടുത്തിയ നവജാത ശിശുക്കളുടെ രജിസ്ട്രേഷൻ, സിവിലിയൻ പ്രൊഫഷൻ മാറ്റം, പരിഷ്കരിച്ച തഖ്ദീർ സേവനം, മാതാക്കൾക്കുള്ള പുതിയ ഫാമിലി കാർഡ് അനുവദിക്കൽ, വിവാഹ സന്ദർഭങ്ങളിൽ കുടുംബ കാർഡ് അനുവദിക്കൽ എന്നീ സേവനങ്ങളും ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു. അബ്ശിർ പോർട്ടൽ വഴി 1.4 കോടി പേർക്ക് ഡിജിറ്റൽ ഐഡന്റിറ്റി നൽകിയിട്ടുണ്ട്. ഇന്റർനെറ്റ് വഴിയും നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ബന്ധിപ്പിച്ച മറ്റു സർക്കാർ പോർട്ടലുകൾ വഴിയും അബ്ശിർ പോർട്ടൽ സേവനങ്ങൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്തുന്നതിന് ഇവർക്ക് സാധിക്കും.
ആഭ്യന്തര സഹമന്ത്രി ഡോ. ബന്ദർ ബിൻ അബ്ദുല്ല ബിൻ മുശാരി, ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഡോ. നാസിർ അൽദാവൂദ്, ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്ല അൽഗാംദി, പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറൽ ഖാലിദ് അൽഹർബി, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽമുഹന്ന, നാഷണൽ ഇൻഫർമേഷൻ സെന്റർ ഡയറക്ടർ ജനറൽ ഡോ. ഉസാം അൽവഖീത്, സിവിൽ ഡിഫൻസ് മേധാവി ജനറൽ സുലൈമാൻ അൽഅംറ് എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജവാസാത്തിന്റെ ഏതാനും പുതിയ ഓൺലൈൻ സേവനങ്ങൾ രണ്ടു മാസം മുമ്പ് ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഓൺലൈൻ സേവനങ്ങൾ നൽകുന്ന മുഖീം പോർട്ടൽ വഴി ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കൽ, വ്യക്തികൾക്ക് ഓൺലൈൻ സേവനങ്ങൾ നൽകുന്ന അബ്ശിർ പോർട്ടൽ വഴി പ്രൊബേഷൻ കാലത്ത് വിദേശ തൊഴിലാളികൾക്ക് ഫൈനൽ എക്സിറ്റ് വിസ നൽകൽ എന്നീ സേവനങ്ങളാണ് അന്ന് മന്ത്രി ഉദ്ഘാടനം ചെയ്തത്. ഇഖാമ പുതുക്കൽ, പുതിയ ഇഖാമക്കുള്ള നടപടിക്രമങ്ങൾ, റീ-എൻട്രി, ഫൈനൽ എക്സിറ്റ്, പുതിയ സൗദി പാസ്പോർട്ട്, പാസ്പോർട്ട് പുതുക്കൽ, വിസിറ്റ് വിസ ദീർഘിപ്പിക്കൽ തുടങ്ങി നിരവധി സേവനങ്ങൾ ജവാസാത്ത് ഡയറക്ടറേറ്റ് ഓൺലൈൻവൽക്കരിച്ചിട്ടുണ്ട്. മുഴുവൻ സേവനങ്ങളും ഓൺലൈൻവൽക്കരിച്ച് ഉപയോക്താക്കളില്ലാത്ത ഓഫീസുകൾ എന്ന ലക്ഷ്യം നേടുന്നതിനാണ് ജവാസാത്ത് ഡയറക്ടറേറ്റ് ശ്രമിക്കുന്നത്.






