Sorry, you need to enable JavaScript to visit this website.

കൊതിപ്പിക്കുന്ന ജോർജിയൻ തെരുവുകളിലൂടെ

തിബ്‌ലിസി നഗരം
ലേഖകനും കുടുംബവും യാത്രാ സംഘത്തിൽ
ലേഖകനും യാത്രാ സംഘവും ഗൈഡ് മായയോടൊപ്പം

ഏതുതരം യാത്രക്കാരേയും വിസ്മയിപ്പിക്കുന്ന ജോർജിയൻ തെരുവുകളിലൂടെയുള്ള യാത്ര ചരിത്രവും സാംസ്‌കാരിക പാരമ്പര്യവും മാത്രമല്ല വിനോദവും വിജ്ഞാനവും സമന്വയിപ്പിക്കുന്ന രസക്കാഴ്ചകൾ കൂടി ഉൾകൊള്ളുന്നതാണ്. പഴമയും പുതുമയും നഗരവൽക്കരണവും ഗ്രാമീണതയുമൊക്കെ കൈകോർക്കുന്ന ഈ രാജ്യം സന്ദർശകർക്ക്  സർഗസഞ്ചാരത്തിന്റെ വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.  
മനോഹരമായ റോഡുകൾ, വൃത്തിയുള്ള അന്തരീക്ഷം, വശ്യമായ കാലാവസ്ഥ, സ്‌നേഹമസൃണമായ പെരുമാറ്റം, മനം കവരുന്ന പ്രകൃതിഭംഗി എന്നിവയൊക്കെയാകാം ജോർജിയയിലേക്ക് സന്ദർശകരെ ആകർഷിക്കുന്ന മുഖ്യ ഘടകങ്ങൾ. ഏതായാലും ജോർജിയൻ തെരുവിലൂടെയുള്ള സഞ്ചാരം ഒരു ചലച്ചിത്രത്തിന്റെ പശ്ചാത്തലത്തിൽ സ്വപ്‌ന യാത്ര ചെയ്യുന്ന പ്രതീതിയാണ് നൽകുക.
കോട്ടകളും പുരാതന പള്ളികളും കൊക്കേഷ്യൻ മലനിരകളും വിവിധ ഭാഗങ്ങളിലേക്ക് ഒഴുകുന്ന നദികളും തടാകങ്ങളും താഴ്‌വരകളും സമൃദ്ധമാക്കുന്ന കൃഷിയിടങ്ങളാൽ ധന്യമായ അദ്ഭുത ലോകം കാഴ്ചയുടെ വിസ്മയം തീർത്തപ്പോൾ  സുന്ദരിയായ ജോർജിയൻ ഗൈഡ് മായ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു.  മനോഹരമായ ജോർജിയൻ യാത്ര അവിസ്മരണീയമാക്കിയത് സ്‌നേഹ സമ്പന്നരായ കൂട്ടുകാരും മനസ്സറിഞ്ഞ് പെരുമാറിയ ഗൈഡുമായിരുന്നു. ഏവൻസ് ഹോളിഡേയ്‌സാണ് ഞങ്ങളുടെ അവിസ്മരണീയമായ ജോർജിയൻ യാത്ര ആസൂത്രണം ചെയ്തത്.


ദോഹയിൽ ബിസിനസ് ചെയ്യുന്ന പട്ടാമ്പിക്കാരൻ മോഹൻദാസും ഭാര്യ ലതയും മക്കളായ പ്രമോദ് മോഹൻദാസും പ്രണവ് മോഹൻദാസും യാത്രയിലുടനീളം ഗൈഡുമായി കുശലാന്വേഷണങ്ങൾ നടത്തിയും കൊച്ചു കൊച്ചു തമാശകൾ പങ്കുവെച്ചും ഓരോ സന്ദർശനവും സജീവമാക്കി.  പ്രണവിന്റെ മൊബൈലിൽ നിന്നുമൊഴുകിയെത്തിയ ഇന്ത്യൻ സംഗീതം സംഘത്തെ മൊത്തത്തിൽ തന്നെ ആവേശത്തോടെ നൃത്തച്ചുവടുകൾ വെപ്പിച്ചു. തൃശൂർക്കാരനായ ജ്യോതിനാഥ് വിശ്വനാഥനും ഭാര്യ ഉഷയും ഇരട്ടക്കുട്ടികളായ അഭിലാഷ്, അവിനാഷ് എന്നിവരും ഏറെ ശാന്തരായിരുന്നെങ്കിലും ഓരോ വിസ്മയ കാഴ്ചകളും ആഴത്തിൽ ഉൾകൊള്ളുകയും ആസ്വദിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവർ നാട്ടിൽ നിന്നും കൊണ്ടുവന്ന ചക്ക ഹലുവ മുഴുവൻ സംഘാംഗങ്ങളുടെയും രുചിമുകുളങ്ങളെ തൊട്ടുണർത്തുന്നതായിരുന്നു. പത്തനംതിട്ട സ്വദേശി ദിലീപ് പ്രഭാകരൻ ഞങ്ങളുടെ കൂട്ടത്തിലെ വിവാഹിതനായ ബാച്ചിലർ ആയിരുന്നു. മകൻ അഭിജിത് ഞങ്ങൾ തിരിച്ചുപോരുന്നതിന്റെ തലേ ദിവസം എത്തിയുള്ളൂവെങ്കിലും സൗഹൃദ കൂട്ടായ്മയിൽ ലയിച്ച് ഓരോരുത്തരും യാത്ര ഗംഭീരമാക്കാൻ പരസ്പരം മൽസരിച്ചിരുന്നതുപോലെ.      


കറുത്ത കടലും ഗുഹാനിർമിതികളുള്ള നിരവധി ദേവാലയങ്ങളും സ്മാരകങ്ങളും ജോർജിയയെ സവിശേഷമാക്കുമ്പോൾ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മഞ്ഞു പുതച്ചു കിടക്കുന്ന കൊച്ചു സുന്ദരിയെ പോലെ ജോർജിയ ഞങ്ങളോട് കുണുങ്ങി സംസാരിക്കുന്നതുപോലെ.  വിവിധ നാട്ടുകാരും സ്വഭാവക്കാരും പുതിയ കാഴ്ചകളുടെ വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിച്ചപ്പോൾ ജോർജിയൻ രുചികൾ പുതുമയുള്ള ഓർമകളാണ് സമ്മാനിച്ചത്. മിക്ക സ്ഥലങ്ങളിലും ലഹരി പദാർഥങ്ങളും പന്നി മാംസവും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഹലാൽ ഭക്ഷണങ്ങൾ ലഭിക്കുന്ന ധാരാളം സ്ഥാപനങ്ങളും എങ്ങും കാണാം.  മനോഹരമായ കാഴ്ചകളുടെ വിശദാംശത്തിലേക്ക് വരുന്നതിന് മുമ്പ് ജോർജിയയുടെ ചരിത്ര പാരമ്പര്യത്തിലേക്ക് നമുക്കൊന്നെത്തി നോക്കാം.   


കരിങ്കടലിന്റെ കിഴക്കായി കോക്കസസിൽ സ്ഥിതിചെയ്യുന്ന ഒരു യൂറേഷ്യൻ രാജ്യമാണ് ജോർജിയ. റഷ്യ (വടക്ക്), തുർക്കി, അർമേനിയ (തെക്ക്), അസർബെയ്ജാൻ (കിഴക്ക്) എന്നിവയാണ് ജോർജിയയുടെ അയൽരാജ്യങ്ങൾ. കിഴക്കൻ യൂറോപ്പിന്റെയും വടക്കേ ഏഷ്യയുടെയും സംഗമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഭൂഖണ്ഡാന്തര രാജ്യമാണ് ജോർജിയ. കർഷകൻ എന്നർത്ഥമുള്ള ജോർജെ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ജോർജിയനും കർഷകരുടെ മേഖല എന്നർത്ഥമുള്ള ജോർജിയയും ഉണ്ടായതെന്ന് കരുതുന്നു. പ്രാദേശികമായി 'കാർട്‌വെലെബി' എന്നാണ് ജോർജിയക്കാരെ വിളിക്കുന്നത്. ജോർജിയൻ ഭാഷയ്ക്ക് 'കർടുലി' എന്നാണ് തദ്ദേശനാമം.
ആധുനിക ജോർജിയയുടെ പ്രദേശം പ്രാചീന ശിലായുഗം മുതൽക്കേ തുടർച്ചയായി മനുഷ്യവാസം ഉള്ളതായിരുന്നു. ക്ലാസിക്കൽ കാലഘട്ടത്തിൽ ജോർജിയൻ നാട്ടുരാജ്യങ്ങളായ കോൽച്ചിസ്, ഐബീരിയ എന്നിവ ഉദയം ചെയ്തു. ഇവ പിന്നീട് ജോർജിയൻ സംസ്‌കാരത്തിനും കാലക്രമേണ ജോർജിയൻ രാജ്യ സ്ഥാപനത്തിനും അടിസ്ഥാന ശിലകളായി. നാലാം നൂറ്റാണ്ടിൽ ക്രിസ്തീയവൽക്കരിക്കപ്പെടുകയും പിന്നീട് 1008ൽ ഒരു ഏകീകൃത രാജഭരണത്തിനു കീഴിൽ ഒരുമിക്കപ്പെടുകയും ചെയ്ത ജോർജിയ പതിനാറാം നൂറ്റാണ്ടിൽ പല ചെറിയ രാഷ്ട്രീയ ഘടകങ്ങളായി വേർപിരിയുന്നതു വരെ ഉത്ഥാനത്തിന്റെയും ശക്തിക്ഷയത്തിന്റെയും പല ഘട്ടങ്ങളിലൂടെയും കടന്നുപോയി. 1801 മുതൽ 1866 വരെ ഇമ്പീരിയൽ റഷ്യ (റഷ്യൻ സാമ്രാജ്യം) ജോർജിയയെ പല പല കഷ്ണങ്ങളായി സാമ്രാജ്യത്തിന്റെ ഭാഗമാക്കി. റഷ്യൻ വിപ്ലവത്തിനുശേഷം അൽപം കാലം മാത്രം നീണ്ടുനിന്ന ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് ജോർജിയ (1918- 1921) ബോൾഷെവിക്ക് കടന്നുകയറ്റത്തിൽ നിലംപതിച്ചു. 1922ൽ ജോർജിയ സോവിയറ്റ് യൂണിയന്റെ ഭാഗമായി.


1991ൽ ജോർജിയ സോവിയറ്റ് യൂണിയനിൽ നിന്നും സ്വതന്ത്രമായി. ആഭ്യന്തര യുദ്ധത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും ഒരു ഇടവേളയ്ക്കു ശേഷം ജോർജിയ 1990കളുടെ അന്ത്യത്തോടെ താരതമ്യേന ശാന്തമായെങ്കിലും അബ്‌കേഷ, തെക്കൻ ഓസീഷ  എന്നീ പ്രദേശങ്ങൾ റഷ്യൻ ഒത്താശയോടെ വിഘടിച്ചുനിന്നു. 2003ലെ സമാധാനപരമായ റോസ് വിപ്ലവം പാശ്ചാതേ്യാൻമുഖവും നവീകരണോൻമുഖവുമായ ഒരു സർക്കാരിനെ ജോർജിയയിൽ പ്രതിഷ്ഠിച്ചു. ഈ സർക്കാർ ഉത്തര അറ്റ്‌ലാന്റിക് ഉടമ്പടി സഖ്യത്തിൽ ചേരുവാനും വിഘടിച്ചുനിൽക്കുന്ന ഭൂപ്രദേശങ്ങളെ ജോർജിയയുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനും ശ്രമിച്ചു. ഈ ശ്രമങ്ങൾ ജോർജിയയുടെ റഷ്യയുമായുള്ള ബന്ധം വഷളാക്കി. റഷ്യൻ സൈന്യം ജോർജിയയിൽ നിന്നും പിൻമാറാത്തത് ബന്ധം വഷളായതിനുള്ള കാരണങ്ങളിൽ ഒന്നായിരുന്നു. ക്രമേണ റഷ്യൻ സൈന്യത്തിൽ ഭൂരിഭാഗവും ജോർജിയയിൽ നിന്ന് പിൻമാറിയെങ്കിലും അബ്‌കേഷ, തെക്കൻ ഓസീഷ എന്നിവിടങ്ങളിൽ അവർ തുടർന്നു. 


യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന കരിങ്കടൽ യുക്രൈൻ, റഷ്യ, ജോർജിയ, തുർക്കി, ബൾഗേറിയ, റൊമാനിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 465000 ച. കി. മീ. വിസ്തൃതിയുള്ള ഇതിന്റെ പരമാവധി ആഴം 2210 മീറ്റർ ആണ്. ഡാന്യൂബ്, നീസ്റ്റർ, ബ്യൂഗ്, നിപ്പർ, കുബാൻ, കിസിൽ, ഇർമാക്ക്, സകാര്യ എന്നിവയുൾപ്പെട്ട ധാരാളം നദികൾ കരിങ്കടലിൽ പതിക്കുന്നുണ്ട്. ഏഷ്യാമൈനറിന്റെ ഘടനാപരമായ ഉയർന്നുപൊങ്ങലുകൾ മൂലം കാസ്പിയൻ തടാകം, മെഡിറ്ററേനിയൻ കടലിൽ നിന്ന് വേർപെട്ടപ്പോൾ രൂപം കൊണ്ട കരിങ്കടൽ ക്രമേണ ഒറ്റപ്പെട്ടതായി മാറി. കടുത്ത മലിനീകരണം ബാധിച്ചുകൊണ്ടിരിക്കുന്ന ഈ കടൽ ലോകത്തിലെ തന്നെ പ്രധാന ടൂറിസ്റ്റുകേന്ദ്രമാണ്.
പരമ്പരാഗതഭൂഖണ്ഡങ്ങളായ യൂറോപ്പ്, ഏഷ്യ എന്നിവ ഉൾക്കൊള്ളുന്ന ഒരു ബൃഹത്ഭൂഖണ്ഡമാണ് യുറേഷ്യ (യൂറോപ്പ്, ഏഷ്യ എന്നീ വാക്കുകൾ കൂട്ടിച്ചേർത്താണ് യൂറേഷ്യ എന്ന പദമുണ്ടായത്). ഏകദേശം 5,29,90,000 ചതുരശ്രകിലോമീറ്റർ (2,08,46,000 ചതുരശ്രമൈൽ) വിസ്തൃതിയുള്ള യൂറേഷ്യ, ഭൂമിയുടെ ഉപരിതലവിസ്തീർണ്ണത്തിന്റെ 10.6% വരും (കരഭാഗത്തിന്റെ 36.2%). ഇതിന്റെ ഏറിയപങ്കും ഭൂമിയുടെ കിഴക്കൻ ഉത്തരാർധഗോളത്തിൽ സ്ഥിതിചെയ്യുന്നു. പ്ലേറ്റ് ടെക്‌സോണിയൽ സിദ്ധാന്തം അനുസരിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡവും അറേബ്യൻ ഉപഭൂഖണ്ഡവും കിഴക്കൻ സാഖ പ്രദേശവുമൊഴിച്ചുള്ളവ യൂറേഷ്യൻ പാളിയിലാണ്. ഇങ്ങനെ നോക്കിയാൽ ഇന്ത്യൻ ഉപഭൂഖണ്ഡം, അറേബ്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ഇവയെ മാറ്റിനിർത്തിയുള്ള മുൻ സോവിയറ്റ് രാജ്യങ്ങൾ, മധ്യപടിഞ്ഞാറൻ റഷ്യ, മധേഷ്യ, ട്രാൻസ്‌കൊക്കേഷ്യൻ റിപ്പബ്ലിക് (ആർമീനിയ, അസർബയ്ജാൻ, ജോർജിയ) എന്നിവയും യൂറോപ്പും ചേർന്ന ഭാഗമാണ് യൂറേഷ്യ. ഇങ്ങനെ രണ്ടർത്ഥത്തിലും യൂറേഷ്യ എന്ന പദം ഉപയോഗിക്കുന്നു.


ഭൂമിശാസ്ത്രപരമായി യൂറോപ്പും ഏഷ്യയും ഒറ്റ ഭൂഖണ്ഡമാണെങ്കിലും, പുരാതന ഗ്രീക്ക് റോമൻ കാലഘട്ടം മുതലേ ഇവ രണ്ടായി കണക്കാക്കുന്നു. എന്നാൽ ഇവ തമ്മിലുള്ള അതിർത്തി വ്യക്തവുമല്ല. പലപ്രദേശങ്ങളിലും യൂറോപ്പ് ഏഷ്യയിലേക്കും ഏഷ്യ യൂറോപ്പിലേക്കും സംക്രമണം ചെയ്തിരിക്കുന്നു. കിഴക്കൻ യൂറോപ്പും പടിഞ്ഞാറൻ ഏഷ്യയും ഏതാണ്ട് ഒന്നുതന്നെയാവുന്നതും ഇസ്താംബൂൾ പോലുള്ള നഗരങ്ങൾ രണ്ടു വൻകരകളുടെ സ്വഭാവം കാണിക്കുന്നതിനും കാരണം മറ്റൊന്നല്ല. സൂയസ് കനാൽ പ്രദേശത്ത് യൂറേഷ്യയും ആഫ്രിക്കൻ ഭൂഖണ്ഡവും ഒത്തുചേരുന്നതിനാൽ, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ മൂന്നു ഭൂഖണ്ഡങ്ങളേയും ഒരുമിച്ച് ആഫ്രോയൂറേഷ്യ എന്ന ഒറ്റ ബൃഹത്ഭൂഖണ്ഡമായും വിഭാവനം ചെയ്യപ്പെടാറുണ്ട്. 400 കോടിയോളം ജനങ്ങൾ, അതായത് ലോകജനസംഖ്യയുടെ 72.5% പേർ യൂറേഷ്യയിൽ അധിവസിക്കുന്നു. (ഏഷ്യയിൽ 60ഉം യൂറോപ്പിൽ 12.5 ശതമാനവും)


ലോക ചരിത്രത്താളുകളിൽ ശ്രദ്ധേയമായ ഇടം പിടിച്ച രാജ്യമാണ് ജോർജിയ. 1991ൽ സ്വതന്ത്ര റിപ്പബ്ലിക്കായ ജോർജിയ നാലാം നൂറ്റാണ്ട് മുതലുള്ള ശേഷിപ്പുകളുമായി നില കൊള്ളുകയാണ്. യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച ഓൾഡ് തിബ്‌ലിസിയും, സോവിയറ്റ് യൂണിയന്റെ നെടുംതൂണായി മാറിയ ജോസഫ് സ്റ്റാലിന് ജൻമം നൽകിയ ഗോറിയും, ആയിരത്തോളം വർഷം പഴക്കമുള്ള ജോർജിയൻ ഓർത്തഡോക്‌സ് പള്ളികളും, ഉപ്പ്‌ലിസ്‌കോയിലെ ഗുഹാഗ്രാമങ്ങളും, ഓട്ടോമാൻ പേർഷ്യൻ രാജാക്കൻമാരുടെ ആക്രമണങ്ങളെയും അതിക്രമങ്ങളെയും അതിജീവിച്ച കോട്ടകളും കൊണ്ട് ഈ രാജ്യം ഇന്ന് തല ഉയർത്തി നിൽക്കുന്നു. അതിമനോഹരമായ ഒരുപാട് സ്ഥലങ്ങൾ ഉണ്ട് ജോർജിയയിൽ.


രണ്ട് പ്രധാന വിമാനത്താവളങ്ങളാണ് ജോർജിയയിലുള്ളത് തിബിലിസി ഇന്റർനാഷണലും, കുറ്റെയ്‌സി വിമാനത്താവളവും. ഇറാൻ, തുർക്കി, അർമേനിയ, ഗ്രീസ് എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും ബസും തീവണ്ടിയുമുണ്ട്. റഷ്യ, അസർബിജാൻ, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളാണ് ജോർജിയയുമായി അതിർത്തി പങ്കിടുന്നത്. ജിസിസി രാജ്യങ്ങളിലെ പൗരൻമാർക്കും, താമസ വിസയുള്ളവർക്കും ജോർജിയിലേക്ക് പോകാൻ വിസ വേണ്ട. പക്ഷേ പാസ്‌പോർട്ട് നിർബന്ധമാണ്, ഒപ്പം വിസയുടെ കാലാവധി കുറഞ്ഞത് ആറ് മാസമെങ്കിലും വേണം. മൂന്ന് മാസത്തേക്കുള്ള ടൂറിസ്റ്റ് വിസ അവിടെ ചെന്നിറങ്ങുമ്പോൾ സൗജന്യമായി ലഭിക്കും. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഒരോ യാത്രക്കാരനും ട്രാവൻ ഇൻഷൂറൻസ് നിർബന്ധമാണ്.


തിബ്‌ലിസി അന്താരാഷ്ട്ര വിമാനതാവളത്തിലാണ് ഞങ്ങൾ വിമാനമിറങ്ങിയത്. ഒട്ടും തിരക്കില്ലാത്ത എയർപോർട്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് മിനിറ്റുകൾക്കുളളിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാം. 
തിബ്‌ലിസിയാണ് ജോർജിയൻ തലസ്ഥാനം. ടൂറിസ്റ്റുകളെ ആശ്രയിച്ചാണ് ഈ നഗരത്തിലെ മിക്ക സംവിധാനങ്ങളും ആസൂത്രണം ചെയ്തിരിക്കുന്നത്. തിബ്‌ലിസി നിങ്ങളെ സ്‌നേഹിക്കുന്ന നഗരമെന്ന ടാഗ് ലൈൻ അന്വർഥമാക്കുന്ന കാഴ്ചകളും പെരുമാറ്റങ്ങളുമാണ് എവിടെയും അനുഭവഭേദ്യമാവുക. നല്ലവരായ ജനങ്ങൾ. സ്‌നേഹവും ആതിഥ്യ മര്യാദയും കൊണ്ട് സന്ദർശകരെ വീർപ്പുമുട്ടിക്കും. മാത്രമല്ല എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണണമെന്ന മോഹവുമായല്ലാതെ ആരും ഈ നഗരം വിട്ടുപോവില്ല. 


ഞങ്ങൾ വിമാനമിറങ്ങുമ്പോൾ സമയം രാവിലെ 11.30. സൂര്യൻ ഉദിച്ചുപൊങ്ങിയിട്ടുണ്ടെങ്കിലും തീരെ ചൂടില്ല. അന്തരീക്ഷ താപ നില 18 ഡിഗി. പഌക്കാർഡും പിടിച്ചും ഞങ്ങളേയും കാത്ത് ഗൈഡ് മായ എയർപോർട്ടിനകത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. സദാ പുഞ്ചിരിച്ചും നിർത്താതെ സംസാരിച്ചും  നിമിഷങ്ങൾക്കകം തന്നെ മായ ഓരോ യാത്രക്കാരന്റേയും ഹൃദയം കവർന്നു. എയർപോർട്ടിൽനിന്നും കയ്യിൽ കരുതിയിരുന്ന ഡോളർ ജോർജിയൻ കറൻസിയായ ലാറിയാക്കി മാറ്റി. ഒരു ഡോളറിന് 2.96 ലാറിയാണ് ലഭിക്കുക. 
സിം കാർഡുകളും എയർപോർട്ടിൽ സൗജന്യമായി ലഭിക്കും.  ഗൈഡിനോടൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോയുമെടുത്ത് നേരെ ഹോട്ടലിലേക്ക്. ഇറാനികൾ നടത്തുന്ന ഗോൾഡൻ സ്റ്റാർ ഹോട്ടലിലാണ് ഞങ്ങൾ താമസിച്ചത്.  ത്രീ സ്റ്റാർ ഹോട്ടൽ ആണെങ്കിലും അതിന്റെ അഹങ്കാരം ഒന്നും ഇല്ല. ഒരു ഹോം സ്‌റ്റേ സെറ്റപ്പ് പോലെ യുള്ള ഒരു സാധാരണ ഹോട്ടൽ. ചെറുതെങ്കിലും വൃത്തിയുള്ള റൂമുകൾ.  
ആദ്യ ദിവസം കാര്യമായ കാഴ്ചകളൊന്നുമില്ല. ഭക്ഷണം കഴിച്ച് അൽപം വിശ്രമിച്ചു. വൈകുന്നേരം തിബ്‌ലിസിയുടെ ശാന്ത ഗംഭീരമായ മാർക്കറ്റിലൂടെ വെറുതെ നടക്കാനിറങ്ങി. സാധനങ്ങൾക്കൊക്കെ വില കുറവാണ്. എല്ലാതരം പഴങ്ങളും പച്ചക്കറികളും സമൃദ്ധമായി വിളയുന്നതിനാൽ തുച്ഛമായ വിലക്ക് എല്ലാം സ്വന്തമാക്കാം. സലാഡിന് വേണ്ട ഇലകളും സുലഭം. 


ജോർജിയൻ പാരമ്പര്യ ഭക്ഷണങ്ങൾ വില കുറഞ്ഞതും സ്വാദിഷ്ടവുമാണ്. ചീസുകളും കച്ചാപൂരി എന്ന് വിളിക്കുന്ന ഒരു തരം റൊട്ടിയുമാണ് പ്രധാന ഭക്ഷണം.  തിബ്‌ലിസി സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള  മൂസക്കയുടെ ചായക്കടയല്ലാതെ മലയാളികൾക്ക്  നാടൻ ചോറും മീൻ കറിയുമൊക്കെ ലഭിക്കുന്ന അധിക സ്ഥലങ്ങളൊന്നും കാണാനായില്ല. 
നല്ല രസമുള്ള തണുപ്പ്. പുതപ്പിനുള്ളിൽ കിടന്നുറങ്ങാൻ വല്ലാത്ത രസം. രാത്രി നേരത്തെ ഉറങ്ങിയതിനാൽ പുലർച്ചെ നേരത്തെ എഴുന്നേറ്റു. ഇന്നാണ് ഔദ്യോഗിക ടൂർ ആരംഭിക്കുന്നത്. രാവിലെ പ്രാതൽ കഴിഞ്ഞ് എല്ലാവരും റെഡിയായപ്പോഴേക്കും ഗൈഡ് മായ വണ്ടിയുമായെത്തി. തിബ്‌ലിസി സിറ്റി ടൂറാണ് ഇന്നത്തെ മുഖ്യ ഇനം. 
മനോഹരമായ തിബ്‌ലിസി നഗരത്തിലെ ഓരോ കെട്ടിടവും സവിശേഷമാണ്, ഇടുങ്ങിയ വഴികളും പ്രത്യേകതരം നിർമാണ രീതികളുമൊക്കെ നിരീക്ഷിക്കാം. ആഡംബര കൊട്ടാരങ്ങളോ വലിയ സിമന്റ് സൗധങ്ങളോ എവിടെയും കാണാനായില്ല. എങ്ങും ചെറിയ ചെറിയ വീടുകൾ. എല്ലാ വീടിന് മുമ്പിലും മുന്തിരിവള്ളികൾ പടർത്തിയിരിക്കുന്നു. വ്യത്യസ്ത തരം മുന്തിരികൾ കായ്ച്ചുനിൽക്കുന്നത് കാണാൻ വലിയ രസമാണ്. നോക്കി നിൽക്കുന്നത് കണ്ടാൽ വീട്ടുകാർ ഓടി വന്ന് നമ്മെ സൽക്കരിക്കും.  ആതിഥ്യമര്യാദയിൽ മികച്ചുനിൽക്കുന്ന ജോർജിയൻ ജനത ഏത് സന്ദർശകന്റേയും മനം കവരും. 
പൊതുവെ സാമ്പത്തികമായി പിന്നിലാണെങ്കിലും ജോർജിയൻ കറൻസി ലാറക്ക് നല്ല മൂല്യമുണ്ട്. ഒരു ലാറക്ക് ഏകദേശം 25 രൂപ മൂല്യമുണ്ട്. മാത്രമല്ല  പൈസക്ക് നല്ല വിലയുള്ള ഒരു വിഭാഗമാണ് ജോർജിയൻ ജനത. മിക്ക പഴവർഗങ്ങളും സ്വന്തമായി ഉൽപാദിപ്പിക്കുന്നതിനാൽ രണ്ട് ലാറക്ക് ഒരു കിലോ ലഭിക്കും. പച്ചക്കറികളും ഇല വർഗങ്ങളും അതുപോലെ തന്നെ വില കുറച്ച് ലഭിക്കും.  സാധനങ്ങൾ വാങ്ങുമ്പോഴും കൊടുക്കുമ്പോഴും ചില്ലറ പോലും വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നവരാണ് എന്നതും പ്രത്യേകം ശ്രദ്ധയിൽപ്പെട്ടു. 


ഓർത്തഡോക്‌സ് ക്രിസ്ത്യാനികൾ കൂടുതലുള്ള രാജ്യമാണ് ജോർജിയ. അതിനാൽ  പുരാതനവും ആധുനികവുമായ നിരവധി ഓർത്തഡോക്‌സ് ചർച്ചുകൾ ഇവിടെയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഓർത്തഡോക്‌സ് ചർച്ചുകളിൽപ്പെട്ട ഹോളി ട്രിനിറ്റി കത്രീഡലിൽ നിന്നാണ് ഞങ്ങൾ സന്ദർശനം തുടങ്ങിയത്. വിശാലമായ കത്രീഡൽ സമുച്ചയത്തിൽ നിരന്തരം പ്രാർഥനകൾ നടന്നുകൊണ്ടിരിക്കുന്നു. വ്യത്യസ്ത ആവശ്യങ്ങൾക്കായി പ്രാർഥിക്കുവാൻ കത്രീഡലിനകത്ത് വ്യത്യസ്ത സ്ഥലങ്ങൾ തന്നെയുണ്ടെന്ന് മായ വിശദീകരിച്ചു. കത്രീഡലിനകത്ത് കയറണമെങ്കിൽ സ്ത്രീകൾ ശരീര ഭാഗങ്ങൾ മറയ്ക്കുന്ന വസ്ത്രമണിഞ്ഞ് തലമറയ്ക്കണം. അതിനാവശ്യമായ സ്‌കാർഫുകൾ പ്രവേശന കവാടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. 
കത്രീഡലിന്റെ നിർമാണ ചാതുരി പ്രത്യേക പരാമർശമർഹിക്കുന്നു. അതിനകത്തെ ഹാന്റ് പെയിന്റിംഗ് രണ്ട് വർഷം കൊണ്ടാണ് പൂർത്തിയാക്കിയതെത്ര. കത്രീഡൽ നിർമിക്കാനാവശ്യമായ മുഴുവൻ മാർബിളുകളും ഇറ്റലിയിൽ നിന്നുമാണ് കൊണ്ടു വന്നത്. 


കത്തീഡ്രലിനുള്ളിൽ നിരവധിയാളുകളുണ്ട്. കുറേ പാതിരിമാരും പ്രാർഥനാ ശുശ്രൂഷകളിൽ വ്യാപൃതരാണ്. പലരുമായും സംസാരിക്കാൻ ശ്രമിച്ചെങ്കിലും ആർക്കും ഇംഗഌഷ് അറിയാത്തതിനാൽ മായയുടെ സഹായത്തോടെ മാത്രമേ ആശയവിനിമയം സാധ്യമാകുമായിരുന്നുള്ളൂ. 
കത്തീഡ്രലിലെ വിശേഷങ്ങൾ പങ്കുവെച്ചും ഫോട്ടോ പകർത്തിയുമൊക്കെ കുറച്ചു സമയം അവിടെ ചെലവഴിച്ചു. പിന്നീട് നേരെ തിബ്‌ലിസി നഗരത്തിന്റെ തിലകക്കുറിയായ മിത്കവറി (കൂറ) നദിയിലൂടെയുള്ള ബോട്ട് യാത്രക്കായി പുറപ്പെട്ടു. നഗരം സജീവമായി വരുന്നേയുണ്ടായിരുന്നുള്ളൂ. നദിയിലൂടെയുള്ള ബോട്ട് യാത്ര ഹൃദ്യമായിരുന്നു. വൈകുന്നേരങ്ങളാണ് യാത്രക്ക് ഏറെ നല്ലതെന്നാണ് സുഹൃത്തുക്കളിൽ നിന്നും അറിയാൻ കഴിഞ്ഞത്. മഴമേഘങ്ങൾ മൂടിയ മനോഹരമായ സന്ധ്യയിൽ കൂറ നദിയിലൂടെ ഒഴുകുന്ന ഉല്ലാസ നൗകകളും ദീപാലംകൃതമായ നഗരക്കാഴ്ചകളും സഞ്ചാരികൾക്ക് ദൃശ്യവിസ്മയമാണ് സമ്മാനിക്കുക.  

( തുടരും) 

 

Latest News