നിര്‍ഭയ കേസ് പ്രതിയുടെ വധശിക്ഷ പുനപ്പരിശോധിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് വിട്ടു നിന്നു

ന്യൂദല്‍ഹി- നിര്‍ഭയ കേസ് എന്നറിയപ്പെടുന്ന ദല്‍ഹി ബലാത്സംഗക്കൊല കേസില്‍ സുപ്രീം കോടതി വിധിച്ച വധശിക്ഷ പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ സ്വയം വിട്ടു നിന്നു. കേസില്‍ കുറ്റവാളിയായ അക്ഷയ് കുമാര്‍ സിങാണ് 2017ലെ സുപ്രീം കോടതി വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഇതു പരിഗണനയ്‌ക്കെടുത്ത ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ ആര്‍ ബാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് ഹര്‍ജിയില്‍ അനുയോജ്യമായ മറ്റൊരു ബെഞ്ചാണ് വാദം കേള്‍ക്കേണ്ടതെന്ന് വ്യക്തമാക്കി.

കേസിലെ ഇരയുടെ അമ്മയ്ക്കു വേണ്ടി നേരത്തെ തന്റെ ഒരു ബന്ധു കോടതിയില്‍ ഹാജരായിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഇതു മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി നാളത്തേക്കു മാറ്റിയത്.

കേസില്‍ വധശിക്ഷ ലഭിച്ച മറ്റു മൂന്നു പ്രതികളുടെ പുനപ്പരിശോധനാ ഹര്‍ജി കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി തള്ളിയിരുന്നു. 2017ലാണ് കോടതി ഇവര്‍ക്കു വധശിക്ഷ വിധിച്ചത്. പ്രതികളില്‍ ഒരാള്‍ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു.
 

Latest News