കോഴിക്കോട്- പൗരത്വ നിഷേധത്തിനെതിരെ ചരിത്രം കുറിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് രാപ്പകൽ ജാഥക്ക് ആവേശോജ്വല സമാപ്തി. ഞായറാഴ്ച പൂക്കോട്ടൂർ യുദ്ധസ്മാരകത്തിൽ നിന്ന് തുടങ്ങിയ കാൽനട ജാഥ മഹാറാലിയോടെ കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു. സ്വാതന്ത്ര്യസമര ഭൂമിയായ പൂക്കോട്ടൂരിൽ നിന്ന് ആരംഭിച്ച സമരവും വിജയം നേടുമെന്ന് സാദിഖലി തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പാർലമെന്റ് അംഗീകരിച്ചത് പൗരത്വ വിഭജന നിയമമാണ്. സാമ്രാജ്യത്വ ശക്തികൾ പോലും ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് നാട് വിഭജിച്ചതെങ്കിൽ മോഡി പൗരത്വത്തിന്റെ അടിസ്ഥാനം മതമാക്കുകയാണ്. ഇന്ത്യയെ മതത്തിന്റെ പേരിൽ വിഭജിക്കുന്നതിനെതിരെ അവസാനം വരെ പോരാടുമെന്ന് തങ്ങൾ പറഞ്ഞു.
ജുഡീഷ്യൽ പരിശോധനയിൽ പൗരത്വ ഭേദഗതി നിയമം തകരുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഭജിച്ച് ഭരിച്ചാൽ എല്ലാ കുഴപ്പങ്ങളും മൂടി വെക്കാമെന്നത് വ്യാമോഹം മാത്രമാണ്. പട്ടിണി കൂടി വരികയാണ്. രാജ്യം എങ്ങോട്ട് പോകുന്നുവെന്ന ഭയമാണ് ഭരണാധികാരികൾക്ക്. ലോക രാജ്യങ്ങൾക്ക് മുന്നിൽ നിൽക്കുകയും സാമ്പത്തിക ശക്തിയായി വളരുകയും ചെയ്ത രാജ്യമാണിത്. ഇന്ത്യയുടെ വളർച്ചയിൽ ലോകം സന്തോഷിക്കുകയും ചെയ്തിരുന്നു. ഇന്നതല്ല സ്ഥിതി. കേവല നിയമമല്ല, രാഷ്ട്രത്തെ മതത്തിന്റെ പേരിൽ തകർക്കുന്നതിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടമാണിത്. മഹാത്മാ ഗാന്ധിയെ നിഷ്‌കാസനം ചെയ്തവർ രാജ്യത്തെ വെല്ലുവിളിക്കുകയാണ്. രാജ്യത്തെ സംശയത്തിൽ ആഴ്ത്തിയവർക്കെതിരെ രാജ്യത്തൊട്ടാകെ സമരം നടക്കുന്നു. കൊടി പിടിക്കാത്ത പല സമരങ്ങളും വരാനുണ്ട്. ബി.ജെ.പി ക്ഷീണിച്ച് വരികയാണ്. മഹാരാഷ്ട്ര കൈവിട്ടു. മൂന്ന് സംസ്ഥാനങ്ങൾ കോൺഗ്രസ് നേടി. കർണാടക അഴിമതിപ്പണത്തിലൂടെ പിടിച്ചു നിർത്തിയതാണ്. ബി.ജെ.പിക്ക് കാലാകാലം ഭരിക്കാനാവില്ല.
ന്യൂനപക്ഷങ്ങൾ ഭയക്കേണ്ടതില്ല. രാജ്യത്തെങ്ങും പോരാട്ടത്തിലിറങ്ങിയത് വെറും മുസ്‌ലിംകളല്ല. രാഹുലും കോൺഗ്രസും പൗരാവകാശ സമരത്തിന് നേതൃത്വം നൽകുന്നു. മതേതര ശക്തികൾ ഒന്നിച്ച് തുമ്മിയാൽ പോകുന്നതാണ് ബി.ജെ.പി ഭരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയിൽ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം ഇന്ത്യക്ക് നൽകാനാണ് ഭരണപക്ഷവുമായി യു.ഡി.എഫ് സഹകരിച്ചതെന്ന് വി.ഡി സതീശൻ പറഞ്ഞു. 1947 ൽ ലഹളയുടെ ഭാഗമായി ജാമിഅ കത്തിക്കാൻ തീപ്പന്തവുമായി വരുന്നുണ്ടെന്ന വിവരം അറിഞ്ഞ് വാക്കിംഗ് സ്റ്റിക്കുമായി കാവൽ നിന്നയാളാണ് പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവെങ്കിൽ കൊച്ചുമകൾ പ്രിയങ്ക ഗാന്ധി ഇന്നവിടെ കാവലിരിക്കുകയാണെന്നും സതീശൻ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ്, ടി.പി.അബ്ദുല്ലക്കോയ മദനി, സി.പി.ഉമർ സുല്ലമി, അബ്ദുസ്സമദ് സമദാനി, നാസർ ഹയ്യ് തങ്ങൾ, നജീബ് മൗലവി, കുഞ്ഞിമുഹമ്മദ് പറപ്പൂർ, ശൈഖ് മുഹമ്മദ് കാരക്കുന്ന്, സി.പി കുഞ്ഞിമുഹമ്മദ്, സി.ടി.സക്കീർ ഹുസൈൻ, കെ.എം ഷാജി എം.എൽ.എ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയവർ പ്രസംഗിച്ചു.