കാസർകോട് - ജില്ലയിൽ ശനിയാഴ്ച പി എസ് സി പരീക്ഷ നടന്ന പല കേന്ദ്രങ്ങളിലും നിർബന്ധിതമായി ഉദ്യോഗാർത്ഥികളുടെപാദരക്ഷകൾ അഴിപ്പിച്ചതായി പരാതി. സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ വിദ്യാർഥികളോ അധ്യാപകരോ പാദരക്ഷകൾ ഉപയോഗിക്കുന്നത് വിലക്കാൻ പാടില്ലെന്ന് അടുത്തിടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയിരുന്നു.
ഇതിനിടയിലാണ് പി എസ് സി പരീക്ഷ എഴുതാനായി വന്നവരുടെചെരിപ്പുകൾ അഴിച്ചുവെപ്പിച്ചത്.കാസർകോട്നഗരത്തോടടുത്ത മൊഗ്രാൽപുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ പുതിയ ബ്ലോക്കിൽ പരീക്ഷയെഴുതാനെത്തിയ മുഴുവൻ പേരോടും നിർബന്ധിതമായി തന്നെ ചെരിപ്പും ഷൂസും പുറത്ത് അഴിച്ചുവെക്കാൻ അധികൃതർ ആവശ്യപ്പെട്ടതായി പരീക്ഷ എഴുതിയഒരു യുവതി പറഞ്ഞു. ടൈലിട്ട ക്ലാസ് മുറികളിൽ ചെരിപ്പ് ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമമെന്നാണ് ക്ലാസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപിക പറഞ്ഞത്.
അധ്യാപികയും പാദരക്ഷ പുറത്ത് അഴിച്ചുെവച്ചാണ് കയറിയത്. സർക്കാർ ഉത്തരവിനെ കുറിച്ച് ചോദിച്ചപ്പോൾ ഇത് ഇവിടുത്തെ പിടിഎയും വികസന സമിതിയും നേരത്തേ നടപ്പാക്കിയ നിയമമാണെന്നായിരുന്നു മറുപടി. തണുപ്പേറ്റാൽ കാലിന് വേദനയുണ്ടാകുമെന്നു പറഞ്ഞവർക്കു പോലും ഇളവ് നൽകിയില്ല. നഗരത്തിലെ തന്നെ വേറെയും സ്‌കൂളുകളിൽ ഇതു തന്നെയായിരുന്നു അവസ്ഥയെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.
ഗ്രാമവികസന വകുപ്പിനു കീഴിൽ വി ഇ ഒതസ്തികയിലേക്കാണ് ജില്ലയിൽ ശനിയാഴ്ച പി എസ് സി പരീക്ഷ നടന്നത്. തിരുവനന്തപുരത്തെ സിവിൽ പോലീസ് ഓഫീസർ പരീക്ഷാ ക്രമക്കേടിനെ തുടർന്ന് പി എസ് സി ഉദ്യോഗാർഥികൾക്കായി പുറത്തിറക്കിയ കർശനമായ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരുന്നു പരീക്ഷാ നടത്തിപ്പ്.
ഇതിനു പുറമേയാണ് പി എസ് സി മാർഗനിർദേശങ്ങളിലൊന്നും പറയാത്ത രീതിയിൽ പാദരക്ഷയ്ക്കു കൂടി വിലക്കു കൽപിച്ചത്. വാച്ച്, മൊബൈൽ, പഴ്സ് തുടങ്ങിയവയൊന്നും പരീക്ഷാഹാളിനു സമീപം കൊണ്ടുചെല്ലാൻ അനുമതിയില്ലാത്തതുകൊണ്ട് നേരത്തേ പരീക്ഷ നടന്ന മറ്റു ജില്ലകളിൽ ഉദ്യോഗാർഥികൾ നേരിട്ട ബുദ്ധിമുട്ടുകൾ ഇത്തവണയും ആവർത്തിച്ചു.
പല പരീക്ഷാകേന്ദ്രങ്ങളിലും വിലക്കുകൾ പാലിക്കാൻ കാണിച്ച ആത്മാർത്ഥത സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ ഉണ്ടായില്ല. പി എസ് സി യുടെ നിർദേശമുണ്ടായിരുന്നിട്ടും മിക്ക പരീക്ഷാകേന്ദ്രങ്ങളിലും ക്ലോക്കുകളോ അര മണിക്കൂർ സമയ ദൈർഘ്യത്തിൽ ബെല്ലടിക്കുന്നതിനുള്ള സംവിധാനമോ ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ടായി.
വയനാട്ടിൽ ക്ലാസ് മുറിയിൽ വെച്ച് പെൺകുട്ടി പാമ്പുകടിയേറ്റു മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ ക്ലാസ് മുറികളിൽ പാദരക്ഷക്ക് വിലക്കു കൽപിക്കാൻ പാടില്ലെന്ന് സർക്കാർ ഉത്തരവ് ഇറങ്ങിയത്. എന്നാൽ അതാത് സ്‌കൂളുകളുടെ സ്വന്തം നിയമമെന്ന പേരിലാണ് പി എസ് സി ഉദ്യോഗാർഥികളുടെ ചെരപ്പ് അഴിപ്പിച്ചത്.