റിയാദ് - വ്യത്യസ്ത ഇനം ഇന്ധനങ്ങളുടെ വിലകൾ പ്രദർശിപ്പിക്കുന്ന ഇലക്‌ട്രോണിക് സ്‌ക്രീനുകൾ സ്ഥാപിക്കാത്ത പെട്രോൾ ബങ്കുകളുടെ ലൈസൻസ് മരവിപ്പിക്കുമെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വിലകൾ പ്രദർശിപ്പിക്കുന്ന ഇലക്‌ട്രോണിക് സ്‌ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്താൻ ഈ മാസം മൂന്നു മുതൽ രാജ്യത്തെ പെട്രോൾ ബങ്കുകളിൽ മന്ത്രാലയം ശക്തമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ഒക്‌ടേൻ 91, 95 ഇനങ്ങളിൽ പെട്ട പെട്രോളിന്റെയും ഡീസലിന്റെയും മണ്ണെണ്ണയുടെയും വിലകൾ പ്രദർശിപ്പിക്കുന്ന ഇലക്‌ട്രോണിക് സ്‌ക്രീനുകൾ പെട്രോൾ ബങ്കുകളിൽ സ്ഥാപിക്കൽ നിർബന്ധമാണ്.
ഇക്കാര്യം ഉറപ്പു വരുത്തുന്നതിന് രാജ്യത്തെ മുഴുവൻ നഗരസഭകൾക്കും ബലദിയകൾക്കും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. വിലകൾ പ്രദർശിപ്പിക്കുന്ന ഇലക്‌ട്രോണിക് സ്‌ക്രീൻ സ്ഥാപനം പെട്രോൾ ബങ്കുകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള പ്രധാന വ്യവസ്ഥയായി നിർണയിച്ചിട്ടുണ്ട്. വില സ്‌ക്രീനുകൾ സ്ഥാപിക്കാത്ത ബങ്കുകൾക്ക് മൂന്നു തവണ വാണിംഗ് നോട്ടീസ് നൽകും. ഇതിനു ശേഷവും നിയമ ലംഘനം തുടരുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് മരവിപ്പിക്കുകയാണ് ചെയ്യുക. ഇന്ധന വില, സേവന ദാതാവിന്റെ വിശ്വാസ്യത, ഔദ്യോഗിക വിലകൾ പാലിക്കുന്നതിലെ പ്രതിജ്ഞാബദ്ധത എന്നിവയുമായി ബന്ധപ്പെട്ട് സുതാര്യതയും വ്യക്തതയും വർധിപ്പിക്കുകയും ഇന്ധന വില പുനഃപരിശോധനാ, ഭേദഗതി നയവുമായി ഒത്തുപോവുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌ക്രീൻ സ്ഥാപന വ്യവസ്ഥ നിർബന്ധമാക്കിയത്.
പെട്രോൾ ബങ്കുകളുടെ പ്രവേശന കവാടങ്ങളിൽ സ്ഥാപിക്കുന്ന ഇലക്‌ട്രോണിക് സ്‌ക്രീനുകൾ വഴി വ്യത്യസ്ത ഇനം ഇന്ധനങ്ങളുടെ വ്യക്തമായ വില റിയാലിൽ പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്. മൂല്യവർധിത നികുതി ഉൾപ്പെടെയുള്ള ഇന്ധന വിലയാണ് സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കേണ്ടത്. വിലകൾ പ്രദർശിപ്പിക്കുന്ന ഇലക്‌ട്രോണിക് സ്‌ക്രീനുകൾ സ്ഥാപിക്കാത്ത പെട്രോൾ ബങ്കുകളെ കുറിച്ചും സ്‌ക്രീനുകൾ ശരിയാംവിധം പ്രവർത്തിക്കാത്ത ബങ്കുകളെ കുറിച്ചും 940 എന്ന നമ്പറിൽ ബന്ധപ്പെട്ട് എല്ലാവരും വിവരമറിയിക്കണമെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.






