Sorry, you need to enable JavaScript to visit this website.

വിദേശ മോഡലിനെ ചുംബിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചു; സൗദി യുവാവിനെതിരെ നടപടി

റിയാദ് - ഇസ്‌ലാമിക മൂല്യങ്ങൾക്കും പൊതുസംസ്‌കാരത്തിനും അപകീർത്തിയുണ്ടാക്കിയ സൗദി യുവാവിനെ അറസ്റ്റ് ചെയ്യാൻ ഉത്തര അതിർത്തി പ്രവിശ്യ ഗവർണർ ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ രാജകുമാരൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.
 ഉത്തര അതിർത്തി പ്രവിശ്യയിലെ തുറൈഫ് നിവാസിയാണ് ഇസ്‌ലാമിക മൂല്യങ്ങൾക്കും പൊതുസംസ്‌കാരത്തിനും അപകീർത്തിയുണ്ടാക്കിയത്. 


ഇസ്‌ലാമിക മൂല്യങ്ങൾക്ക് അപകീർത്തിയുണ്ടാക്കുകയും പൊതുസംസ്‌കാരം പരസ്യമായി ലംഘിക്കുകയും ഇതിനെ പരിഹസിക്കുകയും ചെയ്യുന്ന സൗദി യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവത്തിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് ഉത്തര അതിർത്തി പ്രവിശ്യാ ഗവർണർ ഉത്തരവിട്ടത്. 


അപകീർത്തിപകരമായ വീഡിയോ ചിത്രീകരിച്ചത് റിയാദിൽ വെച്ചാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. മുഖ്യ പ്രതിക്കു പുറമെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട യുവതിയെയും അറസ്റ്റ് ചെയ്യുന്നതിന് ശ്രമം തുടരുകയാണ്. വീഡിയോയിൽ പ്രത്യക്ഷപ്പെട്ട യുവതി ജോർദാൻകാരിയായ മോഡലാണെന്നും ഇവരുടെ പേര് ആലാ എന്നാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. പ്രതികൾക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുന്നതിന് പബ്ലിക് പ്രോസിക്യൂഷനും ഉത്തരവിട്ടിട്ടുണ്ട്. 


പർദ ധരിക്കാത്ത നിലയിലുള്ള വിദേശ മോഡലിന്റെ കൈ സൗദി യുവാവ് ചുംബിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത് പൊതുസമൂഹത്തിന്റെ കടുത്ത രോഷത്തിന് ഇടയാക്കിയിരുന്നു. ഇരുവരെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് വിചാരണ ചെയ്ത് ശിക്ഷിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. 

 

Latest News