Sorry, you need to enable JavaScript to visit this website.

ലെവി ഇളവിനുശേഷം സൗദിയില്‍ 124 പുതിയ ഫാക്ടറികള്‍; 3000 സ്വദേശികള്‍ക്കും തൊഴില്‍

റിയാദ് - വ്യവസായ ശാലകളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് ലെവി ഇളവ് അനുവദിക്കാനുള്ള തീരുമാനത്തിനു ശേഷം മൂവായിരത്തോളം സൗദികൾ പുതുതായി വ്യവസായ ശാലകളിൽ ജോലിയിൽ പ്രവേശിച്ചതായി വ്യവസായ മന്ത്രി ബന്ദർ അൽഖുറൈഫ് വെളിപ്പെടുത്തി.

ലെവി ഇളവ് തീരുമാനത്തിനു ശേഷം 124 ഫാക്ടറികൾക്ക് മന്ത്രാലയം പുതുതായി ലൈസൻസ് നൽകിയിട്ടുണ്ട്. ആകെ 200 കോടിയിലേറെ റിയാൽ നിക്ഷേപങ്ങളോടെയാണ് ഈ ഫാക്ടറികൾ സ്ഥാപിക്കുന്നത്. ഈ സ്ഥാപനങ്ങളിൽ ആറായിരം തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും നിക്ഷേപങ്ങൾ നടത്തുന്നതിലും വ്യവസായ മേഖലയുടെ പങ്ക് ശക്തമാക്കുന്ന അനുകൂല സൂചനകളാണിവയെന്നും മന്ത്രി പറഞ്ഞു. 


ഒക്‌ടോബറിൽ ആകെ 110 കോടി റിയാൽ നിക്ഷേപം കണക്കാക്കുന്ന 74 ഫാക്ടറികൾക്ക് വ്യവസായ മന്ത്രാലയം ലൈസൻസ് നൽകി. നവംബറിൽ 74 ഫാക്ടറികൾക്കും ലൈസൻസ് അനുവദിച്ചിരുന്നു. ഈ വ്യവസായ ശാലകൾ 120 കോടി റിയാൽ നിക്ഷേപങ്ങളോടെയാണ് ആരംഭിക്കുന്നത്. ഇതോടെ രാജ്യത്ത് നിലവിലുള്ളതും സ്ഥാപന ഘട്ടത്തിലുമുള്ളതായ വ്യവസായ ശാലകളുടെ എണ്ണം 8750 ആയി ഉയർന്നു. ഒക്‌ടോബറിൽ ഫാക്ടറി ജീവനക്കാരുടെ എണ്ണത്തിൽ 3848 പേരുടെ വർധനയുണ്ടായി. ഇതിൽ 1878 പേർ സൗദികളാണ്. നവംബറിൽ ഫാക്ടറി ജീവനക്കാരുടെ എണ്ണത്തിൽ 2771 പേരുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതിൽ സ്വദേശികൾ 1086 ആണ്.


രണ്ടു മാസത്തിനിടെ ഏറ്റവും കൂടുതൽ ഫാക്ടറികൾക്ക് ലൈസൻസ് നൽകിയത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 48 വ്യവസായ ശാലകൾക്ക് ലൈസൻസ് അനുവദിച്ചു. രണ്ടാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ 36 ഫാക്ടറികൾക്കും ഇക്കാലയളവിൽ ലൈസൻസ് നൽകി. 
ഫാക്ടറികളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ലെവി അഞ്ചു വർഷത്തേക്കാണ് സർക്കാർ വഹിക്കുന്നത്. ഇതിലൂടെ വ്യവസായ ശാലകളുടെ സാമ്പത്തിക ഭാരം കുറക്കുന്നതിന് ലക്ഷ്യമിടുന്നു. രാജ്യത്ത് നിലവിൽ 8000 ഓളം ഫാക്ടറികളാണ് പ്രവർത്തിക്കുന്നത്. ആകെ ഒരു ട്രില്യൺ റിയാലിന്റെ നിക്ഷേപങ്ങളോടെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. അവശേഷിക്കുന്ന ഫാക്ടറികൾ സ്ഥാപന ഘട്ടത്തിലാണ്. 


2030 വരെയുള്ള കാലത്ത് വ്യവസായ ശാലകൾക്കുള്ള വൈദ്യുതി, ഇന്ധന നിരക്കുകൾ സ്ഥിരപ്പെടുത്തുന്നതിനെ കുറിച്ചും വ്യവസായ മന്ത്രാലയം പഠിക്കുന്നുണ്ട്. രാജ്യത്ത് 35 വ്യവസായ നഗരങ്ങളാണുള്ളത്. നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിക്കുന്ന വ്യവസായശാലകൾക്കാണ് ലെവി ഇളവ് അനുവദിക്കുന്നത്. ഫാക്ടറികളിൽ സ്വദേശികളെ ജോലിക്കു വെക്കുന്നതിന് ഇത് പ്രചോദനമായി മാറുകയാണ്. മന്ത്രിസഭാ തീരുമാന പ്രകാരം 2019 ഒക്‌ടോബർ ഒന്നാം തീയതി മുതൽ അഞ്ചു വർഷത്തേക്കാണ് വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്ക് ലെവി ഇളവ് ലഭിക്കുക. 2030 പദ്ധതി ലക്ഷ്യങ്ങൾക്ക് അനുസൃതമായി വ്യവസായ മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതിനും കയറ്റുമതി ഉയർത്തുന്നതിനും സ്വീകരിക്കേണ്ട നടപടികളുടെ ഭാഗമായാണ് വ്യവസായ ശാലകളിലെ വിദേശ തൊഴിലാളികൾക്ക് ലെവി ഇളവ് അനുവദിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചത്. 


വ്യവസായ ശാലകൾക്കുള്ള ലെവി ഇളവ് ഇനത്തിൽ ചെലവ് വരുന്ന തുക സ്വകാര്യ മേഖലാ ഉത്തേജന പദ്ധതിക്ക് നീക്കിവെച്ച ബജറ്റിൽ നിന്ന് കുറക്കും. ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾക്ക് സമാന രീതിയിൽ നേരത്തെ ലെവി ഇളവ് പ്രഖ്യാപിച്ചിരുന്നു. ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്കാണ് ലെവി ഇളവ് അനുവദിച്ചിരുന്നത്. ഇത്തരം സ്ഥാപനങ്ങളിലെ നാലു തൊഴിലാളികളെയാണ് ലെവിയിൽ നിന്ന് ഒഴിവാക്കിയിരുന്നത്. ഇതിന് സ്ഥാപന ഉടമ ഫുൾടൈം അടിസ്ഥാനത്തിൽ സ്ഥാപന നടത്തിപ്പ് വഹിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിനുള്ള തീരുമാനം 2014 ജൂൺ 23 ആണ് മന്ത്രിസഭ കൈക്കൊണ്ടത്. ഇതിനകം അഞ്ചു വർഷക്കാലം പദ്ധതി പ്രയോജനപ്പെടുത്തിയ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് ആനുകൂല്യം അവസാനിച്ചിട്ടുണ്ട്. ലെവി ഇളവ് ആനുകൂല്യം പ്രയോജനപ്പെടുത്തൽ അഞ്ചു വർഷം പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾക്ക് അഞ്ചു കൊല്ലം പൂർത്തിയാകുന്നതു വരെ ഇളവ് ലഭിക്കും. 

 

Latest News