ഇതെന്താ വെള്ളരിക്കാപട്ടണമോ, ജാമിയ  വിദ്യാര്‍ഥികളെ പിന്തുണച്ച് ടൊവിനോ തോമസ് 

തിരുവനന്തപുരം- പൗരത്വ ഭേദഗതി നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പോലീസ് നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി നടന്‍ ടൊവിനോ തോമസ്. 'അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നു കൊണ്ടേയിരിക്കും, ഹാഷ്ടാഗ് ക്യാമ്പെയിനുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും, ചരിത്രം പഠിപ്പിക്കുന്നത് അതാണ്'  ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ടൊവീനോയുടെ പോസ്റ്റ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വ്വതിയും രംഗത്ത് എത്തിയിരുന്നു. 'ജാമിയയ്‌ക്കൊപ്പം നില്‍ക്കുക' എന്ന ഹാഷ് ടാഗോടെ മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബിന്റെ ട്വീറ്റ് പാര്‍വ്വതി റീ ട്വീറ്റ് ചെയ്തു. നടന്‍മാരായ കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് തുടങ്ങി നിരവധി താരങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പിന്തുണ അറിയിച്ചിരുന്നു. 
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ദില്ലി ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായത് അതിക്രൂരമായ നടപടികളാണ്. മണിക്കൂറുകളോളം ദില്ലിയിലെ തെരുവുകള്‍ യുദ്ധക്കളമായി മാറുകയായിരുന്നു. പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ആവശ്യത്തിലധികം പോലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിട്ടുവെന്നും അക്രമം അഴിച്ചു വിട്ടുവെന്നുമുള്ള ആരോപണം പോലീസ് നിഷേധിച്ചു.

Latest News