യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക്  അബദ്ധത്തില്‍ എത്തിയത് 260 കോടി

ടെക്‌സാസ്- റൂത്ത് ബാലൂണ്‍ എന്ന യുവതിയെ ഒരു ദിവസത്തേക്ക് ശതകോടീശ്വരി ആക്കുകയാണ് അമേരിക്കയിലെ ബാങ്ക് ചെയ്തത്. അമേരിക്കയിലെ നോര്‍ത്ത് ടെക്‌സാസിലുള്ള ബാങ്കിന്റെ ക്ലറിക്കല്‍ അബദ്ധം മൂലമാണ് ഒരു ദിവസത്തേക്ക് റൂത്ത് കോടീശ്വരിയായത്.
കഴിഞ്ഞ ആഴ്ച ആദ്യം ബാങ്ക് അക്കൗണ്ട് പരിശോധിക്കുമ്പോഴാണ് ഞെട്ടിക്കുന്ന വിവരം 35കാരി തിരിച്ചറിയുന്നത്. തന്റെ അക്കൗണ്ടില്‍ കുറച്ച് അധികം പണം വന്നുകിടക്കുന്നു. അധികം എന്ന് പറഞ്ഞാല്‍ ഒരു 37 മില്ല്യണ്‍ ഡോളര്‍, ഏകദേശം 260 കോടി രൂപ. തനിക്ക് ഇത്രയും പണം ആരെങ്കിലും മനസ്സറിഞ്ഞ് സമ്മാനിച്ചതാണെന്നൊക്കെ ചിന്തിച്ച് നോക്കിയെങ്കിലും ഇതിന് സാധ്യത കുറവാണെന്ന് മനസ്സിലാക്കിയ റൂത്ത് ബാങ്കിനെ സമീപിച്ചു.
'ചൊവ്വാഴ്ച രാവിലെയാണ് ബാങ്ക് ആപ്പ് വഴി ബാലന്‍സും ട്രാന്‍സാക്ഷനും പരിശോധിച്ചത്. 37 മില്ല്യണ്‍ ഡോളര്‍ വന്നുകിടക്കുന്നത് കണ്ട് ഒന്ന് ഞെട്ടി. ബാങ്കുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല', റൂത്ത് ബലൂണ്‍ പറഞ്ഞു. അക്കൗണ്ട് വിവരങ്ങള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഭര്‍ത്താവ് ബ്രയാന് അയച്ചു നല്‍കി. സംഗതി എന്തോ തട്ടിപ്പ് പരിപാടി ആണെന്നാണ് ഇദ്ദേഹം കരുതിയത്.
ഭര്‍ത്താവ് ബാങ്കിനെ ബന്ധപ്പെട്ടപ്പോഴാണ് ലെഗസി ടെക്‌സാസ് ബാങ്ക് സംഭവിച്ച അബദ്ധം തിരിച്ചറിഞ്ഞത്. ക്രിസ്മസ് അത്ഭുതമല്ല ശുദ്ധമായ അബദ്ധം സംഭവിച്ചതാണെന്ന് ബാങ്ക് ദമ്പതികളെ അറിയിച്ചു.  ഒപ്പം പണം ഒറ്റയടിക്ക് തിരികെ എടുക്കുകയും ചെയ്തു. സംഭവത്തില്‍ ഇവരോട് ബാങ്ക് മാപ്പ് പറഞ്ഞിട്ടുണ്ട്. ഒരു ദിവസത്തേക്ക് അബദ്ധത്തില്‍ ആണെങ്കിലും ശതകോടീശ്വരി ആയപ്പോള്‍ എങ്ങിനെ ചെലവാക്കാമെന്ന് വരെ ചിന്തിച്ച് കൂട്ടിയെന്ന് റൂത്ത് വെളിപ്പെടുത്തി. 

Latest News