Sorry, you need to enable JavaScript to visit this website.

ജാമിഅ സമരത്തിന് ട്വിറ്ററില്‍ ലൈക്കടിച്ചു; അബദ്ധമെന്നു പറഞ്ഞ് 'കാനഡക്കാരന്‍' നടന്‍ അക്ഷയ് കുമാര്‍ തടിയൂരി

മുംബൈ- പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി ജാമിഅ നഗറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധ സമരത്തിന്റെ ദൃശ്യമടങ്ങിയ പോസ്റ്റ് ട്വിറ്ററില്‍ ലൈക്കടിച്ച കനേഡിയന്‍ പൗരനായ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ മലക്കം മറിഞ്ഞു. ട്വീറ്റുകള്‍ നോക്കി സ്‌ക്രോള്‍ ചെയ്ത് താഴോട്ടു പോകുന്നതിനിടെ അബദ്ധത്തില്‍ ലൈക്ക് അടിച്ചു പോയതകാമെന്നും ഇതു കണ്ട ഉടന്‍ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ടെന്നുമാണ് ഇന്ത്യന്‍ പൗരത്വത്തിനു അപേക്ഷയും നല്‍കി കാത്തിരിക്കുന്ന ബോളിവുഡ് താരത്തിന്റെ വിശദീകരണം. അഭിനന്ദനങ്ങള്‍, ജാമിഅക്ക് സ്വാതന്ത്ര്യം കിട്ടി കുറിപ്പോടെയുള്ള കവചിത വേഷത്തിലുള്ള പോലീസിന്റെ ദൃശ്യത്തിനാണ് അക്ഷയ് ലൈക്കടിച്ചത്. ഈ ദൃശ്യത്തിലെവിടേയും വിദ്യാര്‍്ത്ഥികളെ കാണിക്കുന്നില്ല.

അബദ്ധമാണെന്ന അക്ഷയ് കുമാറിന്റെ വിശദീകരണം ട്വിറ്ററില്‍ വൈറലായി. അരമണിക്കൂറിനകം 1800 പേരാണ് ഇതു റിട്വീറ്റ് ചെയ്തത്. പതിനായിരത്തോളം പേര്‍ ലൈക്കടിക്കുകയും ചെയ്തു. നടനെതിരെ ട്രോളുകളുടെ പൂരമാണ് സമൂഹ മാധ്യമങ്ങളില്‍. പലഘട്ടങ്ങളിലും ബിജെപി സര്‍ക്കാരിനെ ഒളിഞ്ഞ് പിന്തുണച്ചിട്ടുള്ള അക്ഷയ് കുമാറിന്റെ കനേഡിയന്‍ പൗരത്വം സമൂഹമാധ്യമങ്ങളിലെ വിമര്‍ശകര്‍ക്ക് ഒരു ഇഷ്ടവിഭവമാണ്. കഴിഞ്ഞ വര്‍ഷമാണ് താന്‍ ഇന്ത്യന്‍ പൗരനല്ലെന്ന സത്യം അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയത്. സ്വന്തം ഫാസിസ്റ്റ് പ്രത്യയശാസ്ത്രം പോലും തുറന്നു പറയാനുള്ള ധൈരമില്ലാത്തത്ര നട്ടെല്ലില്ലാത്തയാളാണ് കാനഡക്കാരനായ അക്ഷയ് കുമാറെന്ന് മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഷഹ്‌ല റാശിദ് പ്രതികരിച്ചു.
 

Latest News