അമേരിക്ക - ചൈന വാണിജ്യ യുദ്ധത്തിന് അന്ത്യം കണ്ടതോടെ ആഗോള സാമ്പത്തിക രംഗം പുതു വർഷത്തിൽ പുതിയ ദിശയിലേയ്ക്ക് തിരിയാം. സാമ്പത്തിക രംഗത്തെ മാന്ദ്യം വിട്ടുമാറുമെന്ന പ്രതീക്ഷകളിൽ അമേരിക്ക, യൂറോപ്പ്, ഏഷ്യൻ ഓഹരി വിപണികളിൽ വാരാന്ത്യം ബുൾ തരംഗം അലയടിച്ചു.
ബോംബെ സെൻസെക്‌സ് 564 പോയന്റും നിഫ്റ്റി 165 പോയന്റും പോയവാരം ഉയർന്നു. വാരത്തിന്റെ ആദ്യ പകുതി മാർക്കറ്റുകൾ സമ്മർദത്തിലായിരുന്നെങ്കിലും നിഫ്റ്റി മുൻവാരം സൂചിപ്പിച്ച 11,823 ലെ സപ്പോർട്ട് നിലനിർത്തി. ബുധനാഴ്ച 11,832 വരെ വിപണി തളർന്നെങ്കിലും താങ്ങ് നിലനിർത്താനായത് ഓപറേറ്റർമാരെ പുതിയ പൊസിഷനുകൾക്ക് പ്രേരിപ്പിച്ചു.
വിദേശത്ത് നിന്നുള്ള അനുകൂല റിപ്പോർട്ടുകളിൽ കഴിഞ്ഞ ലക്കം സൂചിപ്പിച്ച 12,082 ലെ പ്രതിരോധം തകർത്ത് ക്ലോസിങിൽ നിഫ്റ്റി 12,086 ൽ ഇടം കണ്ടത്തി. ഈ വാരം ആദ്യ പ്രതിരോധം 12,158 ലാണ്. ഇത് മറികടക്കാൽ റെക്കോർഡ് പ്രകടനത്തിലുടെ 12,178 ലേയ്ക്ക് ഉയരും. വിദേശ നിക്ഷേപം കനത്താൽ ഡിസംബർ സെറ്റിൽമെൻറ്റിന് മുമ്പേ 12,271 പോയന്റിലേയ്ക്ക് കയറാം. നിഫ്റ്റിയുടെ താങ്ങ് 11,912 പോയന്റിലാണ്.
ബോംബെ സെൻസെക്‌സ് ഓപണിങിൽ 40,445 ൽ നിന്ന് 40,527 ലേയ്ക്ക് ഉയർന്നു. നിക്ഷേപകരുടെ വരവിൽ സൂചിക 41,000 പോയന്റ് കടന്ന് 41,056 വരെ ഉയർന്നങ്കിലും ഇടപാടുകൾ അവസാനിക്കുമ്പോൾ 41,009 ലാണ്. ഈ വാരം 41,331 ലെ തടസ്സം ഭേദിച്ചാൽ 41,654 നെ ലക്ഷ്യമാക്കി സഞ്ചരിക്കാം. ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിങിന് നീക്കം നടത്തിയാൽ സെൻസെക്‌സിന് 40,414 പോയന്റിൽ സപ്പോർട്ടുണ്ട്.
മുൻ നിരയിലെ പത്തിൽ ആറ് കമ്പനികളുടെ വിപണി മൂല്യത്തിൽ 65,060 കോടി രൂപയുടെ വൻ മുന്നേറ്റം. ആർ ഐ എൽ, എച്ച് ഡി എഫ് സി എന്നിവ നേട്ടത്തിൽ മുന്നിലെത്തി. എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ, എസ് ബി ഐ, കോട്ടക്ക് എന്നിവ മികവ് കാണിച്ചപ്പോൾ എച്ച് യു എൽ, ഇൻഫോസീസ്, റ്റി സി എസ്, ഐ റ്റി സി എന്നിവയുടെ വിപണി മൂല്യം കുറഞ്ഞു. വിദേശ ഫണ്ടുകൾ ആകെ 130 കോടി രൂപയുടെ നിക്ഷേപമാണ് കഴിഞ്ഞ വാരം നടത്തിയത്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 1800 കോടി രൂപയുടെ ഓഹരി വാങ്ങി. ഇതോടെ ഡിസംബറിലെ അവരുടെ നിക്ഷേപം 4271 കോടി രൂപയായി.
വർഷാന്ത്യം അടുക്കുമ്പോൾ വിദേശ ഓപറേറ്റർമാർ അവരുടെ പൊസിഷനുകളിൽ കുറവ് വരുത്തുക പതിവാണ്. വാരാന്ത്യത്തോടെ ഫണ്ട് മാനേജർമാർ രംഗം വിട്ടാൽ ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷമേ അവർ തിരിച്ച് എത്തൂ. ബി എസ് ഇ സൂചിക ഈ മാസം ഇതിനകം 893 പോയന്റും ഈ വർഷം 4941 പോയന്റും നേട്ടത്തിലാണ്. നിഫ്റ്റി ഡിസംബറിൽ 246 പോയന്റ് കയറി. 2019 ൽ ഇതു വരെ 1225 പോയന്റ് മികവ് കാഴ്ചവെച്ചു.
ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 71.26 ൽ നിന്ന് 70.66 ലേയ്ക്ക് ശക്തി പ്രാപിച്ചു. തുടർച്ചയായ എട്ടാം ദിവസമാണ് രൂപ മികവ് കാണിക്കുന്നത്. ഡോളറിന് മുന്നിൽ 69.86 ലേയ്ക്ക് വിനിമയ നിരക്ക് മെച്ചപ്പെടാം, 71.19 ൽ പ്രതിരോധമുണ്ട്. യു എസ് - ചൈന വ്യാപാരങ്ങൾ സാധാരണ നിലയിലേയ്ക്ക് നീങ്ങുമെന്ന വിലയിരുത്തലാണ് രൂപയുടെ നേട്ടത്തിന് പിന്നിൽ
ഒപെക്ക് ക്രൂഡ് പ്രതിദിന ഉൽപാദനത്തിൽ അഞ്ച് ലക്ഷം ബാരലിന്റെ കുറവ് വരുത്തും. വാരാന്ത്യം ന്യൂയോർക്കിൽ ക്രൂഡ് ഓയിൽ മൂന്ന് മാസത്തിനിടയിലെ ഉയർന്ന നിരക്കായ 64.91 ഡോളറിലെത്തി.
ആറ് മാസമായി എണ്ണ വില ബാരലിന് 5064 ഡോളറിലാണ്. എണ്ണ വില വർഷാന്ത്യത്തിന് മുൻപായി 68.38 ഡോളർ വരെ കയറാം. ജനുവരി മാർച്ച് കാലയളവിൽ ക്രൂഡ് വില 72.97-74.76 ഡോളറിനെ ഉറ്റ് നോക്കാം.
എണ്ണ വില ഓരോ ഡോളർ ഉയരുമ്പോൾ രൂപയുടെ മൂല്യത്തിൽ ഇടിവ് ശക്തമാകും. എണ്ണ വില ചൂപിടിച്ചാൽ നാണയപ്പെരുപ്പം പിടിച്ച് നിർത്താൻ ആർ ബി ഐ ഫെബ്രുവരി വായ്പാ അവലോകനത്തിൽ കൂടുതൽ ക്ലേശിക്കേണ്ടിവരും.