Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാലുപാടും വെള്ളം

എൻ.എസ് മാധവനുമായി എനിക്ക് അടുപ്പമില്ല. പക്ഷേ കൂടെക്കൂടെ അദ്ദേഹത്തിന്റെ ചിന്തകൾ എന്നെ സ്വാധീനിക്കുന്നതായി തോന്നുന്നു. ഒരാഴ്ച മുന്പ് അദ്ദേഹം ഗണിതത്തെയും മനസ്സിന്റെ വിഹ്വലതയെയും പറ്റി എഴുതിയ കുറിപ്പ് ഞാൻ ഉപജീവിച്ചുനോക്കി.  ഇപ്പോഴിതാ മറ്റൊരു വിഷയം എനിക്ക് ഉപജീവനമാകുന്നു.
രണ്ടു ദ്വീപുകളെപ്പറ്റി മാധവൻ എഴുതിയ ലേഖനത്തിൽനിന്ന് എന്റെ ആലോചന തുടങ്ങട്ടെ.
പാപ്പുവ ന്യൂ ഗിനി (പി എൻ ജി) എന്ന വലിയ സമുദ്ര രാഷ്ട്രത്തിൽനിന്ന് ബ്യൂഗൻവിൽ എന്ന ദ്വീപസമൂഹം സ്വാതന്ത്ര്യം നേടിയിരിക്കുന്നു. അര നൂറ്റാണ്ടു മുമ്പ് ഒരു സസ്യശാസ്ത്ര പ്രൊഫസർ കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്നതായി പറയുന്ന ബ്യൂഗൻ വില്ലക്ക് ആ പേരു കിട്ടിയത് ആദ്യമായി അതിനെ തിരിച്ചറിഞ്ഞ ഫ്രഞ്ച് സഞ്ചാരിയുടെ പേരിൽനിന്നത്രേ. ചൂഷണത്തിന്റെ കഥ ഏറെ പറയാനുള്ള പി എൻ ജിയിലേക്ക് എന്റെ രണ്ടു സുഹൃത്തുക്കൾ ജോലിയുമായി പോയി. സിസ്റ്റം മാനേജറും ന്യൂസ് എഡിറ്ററും. എപ്പോഴും ചൂടായിരുന്ന സിസ്റ്റം വിദഗ്ധനും എഡിറ്ററും പിണങ്ങിപ്പിരിഞ്ഞു. പിന്നെ കേട്ടത് ദുരൂഹമായ രീതിയിൽ
ചെറുപ്പക്കാരൻ മാനേജർ മരിച്ച കഥയായിരുന്നു. പി എൻ ജിയുടെ ഓർമ സുഖകരമല്ല, സ്വാതന്ത്ര്യം അമൃതമാണെങ്കിലും.


മാധവൻ ഉരുക്കഴിച്ച മറ്റേ കഥയിൽ ഒരു സന്ന്യാസിയാണ് സംക്രമ പുരുഷൻ. വെറും സന്ന്യാസിയല്ല, പീഡനത്തിൽ കേളി കേട്ട, നിയമത്തെ വെട്ടിച്ച് കറങ്ങുന്ന, സന്ന്യാസി, സ്വാമി നിത്യാനന്ദ. തെക്കൻ അമേരിക്കയിലേക്കു കടന്ന സ്വാമി ഏറെ ദ്വീപുകളുടെ ഉടമാവകാശമുള്ള ഇക്വഡോർ എന്ന രാജ്യത്തുനിന്ന് ഒരു ദ്വീപ്, തുരുത്ത് എന്ന് നമ്മുടെ കൊച്ചുമലയാളത്തിൽ മൊഴിയുന്നതാവും ഭംഗി, വിലക്കു വാങ്ങിയതായി വാർത്ത വന്നു.
ആ പ്രദേശത്തിന് അദ്ദേഹം കൈലാസ് എന്നു നാമകരണം ചെയ്തു. പോലീസിനു പോയിട്ട് സാക്ഷാൽ കൈലാസനാഥനു പോലും അവിടെ കാലു കുത്താൻ അവകാശമില്ലാത്ത വിധം അതിനെ സ്വാമി ഒരു പരമാധികാര റിപ്പബ്ലിക് ആയി മാറ്റി. അപ്പോഴാണ് ഇക്വഡോറിന് വിവേകോദയം ഉണ്ടായത്. അവിടെ ഒരു ദ്വീപും വിൽപനക്കില്ലത്രേ.
നിത്യാനന്ദക്ക് അടുത്ത പീഡന പരിപാടി ആലോചിക്കാം.


എണ്ണിയാലൊടുങ്ങാത്ത തുരുത്തുകളുള്ള ആ പ്രദേശത്ത് ദ്വീപുകൾ ഉയരുകയും മറയുകയും ചെയ്യുന്നത് പതിവായിരിക്കുന്നു.  പലയിടത്തുനിന്നും ആളുകൾ ഒഴിഞ്ഞു പോകുന്നു, കോഴിക്കോട്ടെയും മറ്റും താണ നിലങ്ങളിൽ വെള്ളം കേറുമ്പോൾ പാവങ്ങൾ മാറിത്താമസിക്കുന്നതു പോലെ. ഭൂമിയുടെ അങ്ങേയറ്റത്തുനിന്ന് മഞ്ഞുകട്ടകൾ
ഉരുകിയൊഴുകിയെത്തുമ്പോൾ ദ്വീപുകൾക്കു ചുറ്റുമുള്ള കടൽ നിരപ്പ് ഉയരുമ്പോൾ കര വെള്ളത്തിലാകുന്നു. പല തുരുത്തുകളുടെയും കര കടലിൽനിന്ന് കാൽ മീറ്റർ പോലും കാണില്ലത്രേ. 
ജനസംഖ്യ പതിനായിരത്തിൽ താഴ്ന്ന തുവാലു എന്ന രാജ്യത്തെപ്പറ്റി വായിച്ചതോർക്കുന്നു.  തുവാലു ഒരു റിപ്പബ്ലിക് തന്നെ, തുവലു ഡെമോക്രാറ്റിക് റിപ്പബ്ലിക്. ദ്വീപിന്റെ നിമജ്ജനത്തിനും ജനത്തിന്റെ പലായനത്തിനും സക്രിയ സാക്ഷ്യം വഹിക്കുകയാണ് സർക്കാറിന്റെ അജണ്ട. ഒടുവിലത്തെ സ്ഥിതി എന്തെന്നറിയില്ല.
അതുപോലെ അറിയാത്തതാണ് മാലിദ്വീപിലെ ഒരു തുരുത്തിനെപ്പറ്റി പടർന്ന കഥയുടെ നിജസ്ഥിതിയും. കേരളത്തിലെ ഒരു രാഷ്ട്രീയക്കാരൻ ഒരു തുരുത്തു കണ്ട് മോഹിച്ചുപോലും. ഭൂമിയും കടലും തമ്മിൽ അടക്കം പറയുന്ന കാഴ്ചയിൽ അദ്ദേഹം വീണു.
 'അഹോ ഉദഗ്രരമണീയാ പൃഥ്വീ' എന്ന് കാളിദാസനെപ്പോലെ പാടാതിരുന്നത് പാട്ട് അറിയാത്തതുകൊണ്ടു മാത്രം. ദല്ലാൾമാർ അദ്ദേഹത്തെ ഉത്സാഹ ഭരിതനാക്കി, വേലിയിറക്കത്തിൽ. രാവിലെ നമ്മുടെ നേതാവ് ദർശിച്ച ഭൂതലം വേലിയേറ്റത്തിൽ മറഞ്ഞു.  അതിനകം ഇടപാട് തീർപ്പാക്കിയിരുന്നു. കഥയാണ്, കഥയിൽ ചോദ്യമില്ല. എന്തായാലും എവിടെയൊക്കെയോ ഭൂമി വെള്ളത്തിലാകുന്നതായി
കേൾക്കുന്നു.    
വെള്ളക്കെട്ടുകൾ അവിടവിടെ ആവും പോലെ നികത്തിയെടുത്ത തുരുത്തുകളാണ് കേരളം. തല കൊയ്യാനും കര വെട്ടിപ്പിടിക്കാനും ഇറങ്ങിയ പരശുരാമന്റെ ദൗത്യം അതായിരുന്നു. ഒരു വശത്ത് 'ഊക്കേറിടും പ്രകൃതി കെട്ടിയ കോട്ട പോലെ' കിടക്കുന്ന സഹ്യനുള്ളതുകൊണ്ട് നാലുപാടും വെള്ളം ചൂഴ്ന്ന ദ്വീപല്ലാതായി തോണി പോലെ തോന്നുന്ന കേരളം. 
പ്രകൃതിയുടെ മുത്തശ്ശൻ എന്നു നാം വിളിക്കുന്ന ഹിമവാൻ തല ഉയർത്തിനിൽക്കുന്നതുകൊണ്ട് ഇന്ത്യയും ദ്വീപായില്ല. അല്ലെങ്കിൽ ജംബു ദ്വീപം ദ്വീപു തന്നെ ആകുമായിരുന്നു. ജംബു ദ്വീപത്തിന്റെ അതിർത്തി ഇപ്പോഴും നിർണയിക്കപ്പെട്ടിട്ടില്ല. ഭൂഖണ്ഡങ്ങളെ കശക്കിയെറിയുന്ന വിനോദത്തിൽ ഏർപ്പെട്ടിരിക്കുന്ന പരാശക്തി ഒരിക്കൽ എവിടന്നോ തള്ളിമാറ്റിയതാണത്രേ ഹിമാലയം. അതു രൂപപ്പെടുന്നതിന് മുമ്പും ഉണ്ടായിരുന്നുപോലും വിന്ധ്യൻ. 
ജംബു ദ്വീപത്തിന്റെ വിന്ധ്യനു തെക്കുള്ള ഭാഗത്തെവിടെയോ ആയിരുന്നു ശ്രീലങ്ക.  നമ്മൾ ഇപ്പോൾ കാണുന്ന കലാപ കലുഷിതമായ ശ്രീലങ്കയല്ല ഹനുമാൻ തീയിട്ട ലങ്കയെന്നു പറയുന്നു പ്രാചീനചരിത്രകാരനും ഭൂപര്യവേക്ഷകനുമായ എച്ച്.ഡി  സങ്കാലിയ. എന്തായാലും കിടപ്പ് എങ്ങനെയായാലും, തെക്കുതെക്കൊരു തുരുത്തുണ്ടായിരുന്നു,
അവിടേക്കൊരു കടൽപാലം ഉണ്ടായിരുന്നു, ലങ്കാപുരിയെന്ന അവിടം മനോഹരവും സമൃദ്ധവുമായിരുന്നു. അതിനും തെക്കുപടിഞ്ഞാറു മാറിക്കിടന്നിരുന്ന ദ്വാരകയും ഒരു ദ്വീപായിരുന്നുവെന്നാണ് പുരാണ ദർശനം. പുഴു പെരുതായി തക്ഷകനായി പരീക്ഷിത്തിനെ കൊന്നതും ജലധി നടുവിൽ വെച്ചായിരുന്നു. 


നാലുപാടും വെള്ളംകൊണ്ടു ചുറ്റപ്പെട്ടതുകൊണ്ടോ എന്തോ ദ്വീപുകൾ എപ്പോഴും ആകർഷകങ്ങളായിരുന്നു.  കേരളത്തിന്റെ പടിഞ്ഞാറുള്ള ലക്ഷദ്വീപിൽ പലരും സുഖവാസത്തിനു പോകുന്നു. സുഖവാസത്തോടൊപ്പം ചേർന്നുപോകുന്ന വികൃതികളൊന്നും ഇല്ലാത്തതാണ് ലക്ഷദ്വീപിന്റെ ചരിത്രം. എത്രയോ ആണ്ടുകളായി അവിടെ കൊലയും കളവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.  പിന്നെ എപ്പോഴെങ്കിലും വെട്ടിപ്പിടിത്തം നടന്നു തുടങ്ങിയെങ്കിൽ ദ്വീപിലേക്ക് വക്രത ഇറക്കുമതി ചെയ്ത വരത്തന്മാരെ വാഴ്ത്തുക. തന്റെ പിന്മുറക്കാർ അതിനൊക്കെ മുതിരുമെന്നു കരുതിക്കാണില്ല, അവസാനത്തെ ചേരമാൻ പെരുമാൾ അവിടെയൊരു തുരുത്തിൽ അന്ത്യവിശ്രമം കൊള്ളാൻ തീരുമാനിച്ചപ്പോൾ.   


വസിക്കുന്നവർക്ക് ദ്വീപ് സുഖം അരുളുന്നു. പുറത്ത് വസിക്കുന്നവരുടെ സുഖം ഉറപ്പ് വരുത്താനും ദ്വീപ് വേണം. നമുക്ക് ഏറ്റവും പ്രിയപ്പെട്ടതും പേടിപ്പെടുത്തുന്നതുമാണ് ആൻഡമാൻ - നിക്കോബർ ദ്വീപുകൾ. അവിടത്തെ ആദിവാസികളുടെ രുചിഭേദങ്ങളെപ്പറ്റി ഇപ്പോഴും വിശദമായ വിവരമില്ല. കടൽ കടത്തി അവിടത്തെ കോട്ടമതിലിനുള്ളിൽ
ആജീവനാന്തം അടച്ചിട്ടിരുന്നവരുടെ സ്വാതന്ത്ര്യ കാഹളത്തിന്റെ മാറ്റൊലി ഇന്നും കേൾക്കാം. 
അതിനൊക്കെ മുമ്പേ തുടങ്ങിയതാണ് നാടു കടത്തൽ എന്ന ശിക്ഷയും അക്രമവും. നാലുപാടും വെള്ളമായതുകൊണ്ട് അന്തേവാസികൾ രക്ഷപ്പെടുകയില്ല. അതിൽ കൂടുതൽ ഉറപ്പു വേണോ സുഖവാസത്തിന്? സാമ്രാജ്യത്വം കൊടി കെട്ടിത്തുടങ്ങിയപ്പോൾ, ദ്രോഹികളെയും കലാപകാരികളെയും തള്ളിയൊതുക്കാൻ കണ്ട സ്ഥലമാണ് ഒരു ഭൂഖണ്ഡത്തോളം വലിപ്പമുള്ള ഓസ്‌ട്രേലിയ. നാടു കടന്നവരുടെ ഉന്നതിയുടെ ചരിത്രം അവിടെ ഉണർന്നെണീക്കുന്നു. 


പ്രഭുക്കളെയും സൈന്യാധിപന്മാരെയും വിറപ്പിച്ച ഒരാളുണ്ടായിരുന്നു രണ്ടു നൂറ്റാണ്ടു മുമ്പ് യൂറോപ്പിൽ.  പുരാണ സദൃശമായ പേരും പെരുമയും ആർജിച്ചിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട്. അത്ഭുത യോദ്ധാവും അജയ്യ നേതാവുമായിരുന്ന നെപ്പോളിയനും ഒരിക്കൽ തല കറങ്ങി വീണു.
  ജീവനോടെ പിടികൂടിയ അദ്ദേഹത്തെ ശത്രുക്കൾ എവിടെയെങ്കിലും പോറ്റി വളർത്താൻ നിശ്ചയിച്ചു. അതിനുവേണ്ടി ഒരുക്കിയ താവളമായിരുന്നു സെന്റ് ഹെലേന എന്ന ദ്വീപ്. ദ്വീപിന്റെ ആവർജകത്വം കൊണ്ടോ അസാധ്യത കൊണ്ടോ നെപ്പോളിയൻ മരണം വരെ അവിടെ കൂടി. അതുപോലൊരു താവളത്തുരുത്ത് സ്വാമി നിത്യാനന്ദയും കണ്ടെത്തിയേക്കും.
 

Latest News