തിരുവനന്തപുരത്ത് ആള്‍ക്കൂട്ടം മര്‍ദിച്ച യുവാവ് മരിച്ചു

തിരുവനന്തപുരം- മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ അരടങ്ങുന്ന ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച യുവാവ് മരിച്ചു. ബുധനാഴ്ച മര്‍ദനമേറ്റ് അവശനിലയില്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച മുട്ടയ്ക്കാട് സ്വദേശി അജേഷ് (30) ആണ് തിങ്കളാഴ്ച മരിച്ചത്. സംഭവത്തില്‍ അജേഷിന്റെ അയല്‍ക്കാരനും ഓട്ടോ ഡ്രൈവര്‍മാരും ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുണ്‍ (29), സജന്‍ (33). നസീര്‍ (43), റോബിന്‍സണ്‍ (39) എന്നിവരാണ് പിടിയിലായത്. മര്‍ദിച്ച ശേഷം പ്രതികള്‍ വെട്ടുകത്തി ചൂടാക്കി അജേഷിന്റെ രഹസ്യഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ച ശേഷം പാടത്ത് ഉപേക്ഷിച്ചതായിരുന്നു.

ഒന്നാം പ്രതി ജിനേഷിന്റെ മൊബൈല്‍ മോഷണം പോയതുമായി ബന്ധപ്പെട്ടാണ് യുവാവ് ക്രൂരമായ ആക്രമണത്തിനിരയായത്. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വച്ച് മൊബൈലും പഴ്‌സും മോഷ്ടിച്ചുവെന്നാണ് ജിനേഷ് പറയുന്നത്. ഇതറിഞ്ഞ നാലു ഓട്ടോ ഡ്രൈവര്‍മാരാണ് സ്ഥിരം മോഷ്ടാവെന്ന് ആരോപിച്ച് അജേഷിനെ പിടികൂടി മര്‍ദിച്ചത്. തല്ലിച്ചതച്ച ശേഷം ഓട്ടോയില്‍ കയറ്റി പ്രതികള്‍ അജേഷിനെ വീട്ടിലെത്തിച്ചു. ഇവിടെ വച്ചാണ് ജനനേന്ദ്രിയത്തിലും പിന്‍ഭാഗത്തും പൊള്ളിച്ചത്. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് അജേഷിനെ ആശുപത്രിയിലേക്കു മാറ്റിയിരുന്നത്.
 

Latest News