ചാരവൃത്തി: രണ്ടു ചൈനീസ് എംബസി ഉദ്യോഗസ്ഥരെ യുഎസ് പുറത്താക്കി

വാഷിങ്ടണ്‍- തന്ത്രപ്രധാന സൈനിക കേന്ദ്രത്തിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ച ചൈനീസ് എംബസിയിലെ രണ്ട് നയന്ത്ര ഉദ്യോഗസ്ഥരെ സെപ്തംബറില്‍ യുഎസ് പുറത്താക്കി. ചാരവൃത്തി സംശയിച്ചാണ് നടപടി. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് യുഎസ് ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരെ ഈ ആരോപണത്തിന്റെ പേരില്‍ പുറത്താക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ഒരാള്‍ രഹസ്യമായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് ഇന്റലിജന്‍സ് ഓഫീസറാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. വിര്‍ജിനിയയിലെ നോര്‍ഫോക്കിനടുത്ത സൈനിക കേന്ദ്രത്തിലേക്ക് ഈ രണ്ടു ചൈനീസ് ഉദ്യോഗസ്ഥരും ഭാര്യമാരോടൊത്താണ് കാറോടിച്ച് എത്തിയത്. ഇവര്‍ക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് സുരക്ഷാ ഗാര്‍ഡ് കണ്ടെത്തുകയും തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സൈനിക ഉദ്യോഗസ്ഥരെ മറികടന്ന് ഇവര്‍ യാത്ര തുടര്‍ന്നു. ഫയര്‍ ട്രക്കുകളുപയോഗിച്ച് വഴിയടച്ചാണ് ഇവരെ തടഞ്ഞത്. നിര്‍ദേശങ്ങള്‍ മനസ്സിലായിരുന്നില്ലെന്നാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ ഈ വിശദീകരണത്തില്‍ യുഎസ് അധികൃതര്‍ തൃപ്തരല്ല. സൈനിക താവളത്തിലെ സുരക്ഷാ നടപടികള്‍ പരിശോധിക്കാനാണു ഇവര്‍ എത്തിയതെന്ന് കരുതപ്പെടുന്നു. ഈ സംഭവം യുഎസും ചൈനയും പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ യുഎസ് നടപടിക്ക് മറുപടിയെന്നോണം രണ്ടു യുഎസ് ഉദ്യോഗസ്ഥരെ ചൈനയും പുറത്താക്കിയിരുന്നു. ഇതിനും ചൈനീസ് അധികൃതര്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. 

Latest News