ചെന്നൈ- ജാമിയ മില്ലിയ സർവകലാശാലയിൽ വിദ്യാർഥികൾക്കു നേരെയുണ്ടായ പോലീസ് അക്രമത്തിൽ രൂക്ഷമായി പ്രതികരിച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. ജാമിഅ മില്ലയയയിൽ ചീന്തിയ ഓരോ തുള്ളി രക്തത്തിനും വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാർ മറുപടി പറയേണ്ടി വരുമെന്ന് സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
'ജാമിയ മില്ലിയയിലും അലിഗഢ് മുസ്‌ലിം സർവകലാശാലയിലും വിദ്യാർഥികൾക്കു നേരെ നടന്ന ക്രൂരമായ അക്രമങ്ങളുടെ ദൃശ്യങ്ങൾ കണ്ട് ഞെട്ടി. ചീന്തിയ ഓരോ തുള്ളി ചോരയ്ക്കും വരും ദിവസങ്ങളിൽ മറുപടി പറയേണ്ടി വരും.' സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
അക്രമങ്ങളിൽ പ്രതിഷേധിച്ച് ദൽഹി പോലീസ് ആസ്ഥാനത്ത് വിദ്യാർഥികൾ പ്രതിഷേധം തുടരുകയാണ്. ജെ.എൻ.യു, ജാമിയ വിദ്യാർഥികളാണ് ഇന്നു രാത്രി മുഴുവൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആയിരക്കണക്കിനു പേരാണ് പ്രതിഷേധത്തിനായി പൊലീസ് ആസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഡി.വൈ.എഫ്.ഐ, ആം ആദ്മി പ്രവർത്തകരും വിദ്യാർഥികൾക്കൊപ്പം ചേർന്നു.






