ആക്രമികളെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്ന് മോഡി

ധുംക (ജാര്‍ഖണ്ഡ്)- പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന അസമില്‍ അക്രമങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നവര്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ധരിച്ച വസ്ത്രം നോക്കി ആക്രമികളെ വേഗത്തില്‍ തിരിച്ചറിയാം- മോഡി പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസിനെ പഴിചാരിയായിരുന്നു മോഡി ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ സംസാരിച്ചത്. പാക്കിസ്ഥാന്‍ ചെയ്യുന്നതു പോലെയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് അദ്ദേഹം അധിക്ഷേപിച്ചു. അയോധ്യ ബാബരി കേസിലെ സുപ്രീം കോടതി വിധി വന്നപ്പോഴും ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കിയപ്പോഴും അവര്‍ ചെയ്തത് വിദേശങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധിക്കുകയാണ് ചെയ്തതെന്നും മോഡി ആരോപിച്ചു. 

അസമില്‍ അക്രമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന സഹോദരി സഹോദരന്‍മാര്‍ക്ക് എന്റെ നന്ദിയുണ്ട്. അവര്‍ സമാധാന വഴികളിലൂടെയാണ് കാര്യങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസ് അണികള്‍ തീ പടര്‍ത്തുകയാണ്. അവരുടെ വാദം കേട്ടില്ലെങ്കില്‍ തീ പടര്‍ത്തുകയാണ് അവര്‍ ചെയ്യുക- മോഡി പറഞ്ഞു. അസമിനു പുറമെ നാഗാലാന്‍ഡ്, മേഘാലയ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പ്രതിഷേധം തുടരുന്നതു കാരണം പലയിടത്തും നിരോനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
 

Latest News