Sorry, you need to enable JavaScript to visit this website.

ജനകീയ ഹര്‍ത്താല്‍ പിന്‍വലിച്ചെന്ന് പ്രചാരണം; വ്യാജവാര്‍ത്തയെന്ന് സംയുക്ത സമതി

കൊച്ചി- പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചും എന്‍.ആര്‍.സി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും ചൊവ്വാഴ്ച കേരളത്തില്‍ പ്രഖ്യാപിച്ച ജനകീയ ഹര്‍ത്താല്‍ പിന്‍വലിച്ചിട്ടില്ലെന്ന് സംയുക്ത സമതി അറിയിച്ചു. ഹര്‍ത്താല്‍ പിന്‍വലിച്ചുമെന്ന് സമതി അറിയിച്ചതായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സമൂഹ മധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

ചൊവ്വ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ സംസ്ഥാനത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചിട്ടില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഫായിസ് അഹമ്മദ് പറഞ്ഞു. 30-ലേറ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം ചേര്‍ന്ന് ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചുവെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴ് ദിവസം മുമ്പ് കോടതിയില്‍ അപേക്ഷ നല്‍കി അതിനുള്ള അനുമതി ഹൈക്കോടതിയില്‍ നിന്ന് ലഭിക്കണമെന്ന നിയമം നിലനില്‍ക്കുന്നതിനാലാണ് ഹര്‍ത്താല്‍ ഉപേക്ഷിച്ചതെന്നും വാര്‍ത്തയില്‍ പറയുന്നു.
പൗരത്വത്തിന്റെ പേരില്‍ നടത്തുന്ന് ഹര്‍ത്താലിനെതിരെ പല മുസ്ലിം സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും ജനകീയ പിന്തുണ നഷ്ടപ്പെടുമെന്നും യോഗത്തില്‍ വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും പ്രസ്താവനയിലുണ്ട്.

വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി, നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം, ഡി.എച്ച്.ആര്‍.എം, കേരള മുസ്!ലിം ജമാഅത്ത് കൗണ്‍സില്‍, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സി.എസ്.ഡി.എസ്, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, ആദിവാസി വനിതാ പ്രസ്ഥാനം, പോരാട്ടം, കെ.ഡി.പി, ദലിത് എംപവര്‍ മൂവ്‌മെന്റ്, എസ്.ഐ.ഒ, മൈനോറിറ്റി റൈറ്റ്‌സ് വാച്ച്, ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍, മുസ്‌ലിം കോഓര്‍ഡിനേഷന്‍ കമ്മിറ്റി, എന്‍ഡിഎല്‍എഫ് തുടങ്ങിയ സംഘടനകളാണ് ഇപ്പോള്‍ ഹര്‍ത്താലിന് പിന്നിലുള്ളത്.
എന്‍.ആര്‍.സി, പൗരത്വ ഭേദഗതി എന്നിവക്കെതിരെ കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെയും സംയുക്തയോഗം ആഹ്വാനം ചെയ്ത ഡിസംബര്‍ 17ലെ ഹര്‍ത്താലിന് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് സമരസമിതി നേതാക്കള്‍ അഭ്യര്‍ഥിച്ചു. അതേസമയം, ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാതൊരു വിധ അസൗകര്യങ്ങളും ഉണ്ടാകില്ലെന്നും അന്ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോ മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കോ ഒരു തടസ്സവുമുണ്ടാകില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

 

Latest News