Sorry, you need to enable JavaScript to visit this website.

മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം സി.ബി.ഐ അന്വേഷിക്കും

ചെന്നൈ- മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കും. അന്വേഷണം സിബിഐക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കി. ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയായ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിനെ കഴിഞ്ഞ മാസം ഒമ്പതിനാണ് ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്.

ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസ് കേന്ദ്ര ഏജന്‍സിക്ക് വിടുന്നതാണ് നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ പിതാവ് ലത്തീഫ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ടിരുന്നു.

ഐഐടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുമൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഐഐടി അധികൃതര്‍ വിശദീകരിച്ചത്.

അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദിയെന്നായിരുന്നു ഫാത്തിമയുടെ ഫോണില്‍ സ്‌ക്രീന്‍ സേവറായി ഉണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ്. മൊബൈല്‍ ഫോണിലെ രണ്ട് കുറിപ്പുകളും ഫാത്തിമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവംബര്‍ ഒന്‍പതിന് മുമ്പ് എഴുതിയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നാണു കുടുംബത്തിന്റെ ആരോപണം.

 

Latest News