Sorry, you need to enable JavaScript to visit this website.

'സല്‍മാന്‍ ഖാന്റെ വസതിയില്‍ ബോംബ്  പൊട്ടിത്തെറിക്കും'- പതിനാറുകാരന്‍ പിടിയില്‍

മുംബൈ-ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിയില്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്ന തരത്തില്‍ വ്യാജ ഇമെയില്‍ സന്ദേശമയച്ച പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ യുവാവിനെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ നാലിനാണ് യുവാവ് ബാന്ദ്ര പൊലീസ് സ്‌റ്റേഷനിലേക്ക് വ്യാജ സന്ദേശമയച്ചത്. 'ഈ സന്ദേശം ലഭിച്ചയുടന്‍ അടുത്ത രണ്ടുമണിക്കൂറിനുള്ളില്‍ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്‌മെന്റില്‍ ബോംബ് പൊട്ടിത്തെറിയുണ്ടാകും. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ തടയൂ', എന്നായിരുന്നു സന്ദേശം.
പൊലീസെത്തിയ സമയത്ത് സല്‍മാന്‍ ഖാന്‍ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവ് സലിം ഖാനെയും മാതാവ് സല്‍മ ഖാനെയും സഹോദരി അര്‍പ്പിതയെയും വീട്ടില്‍നിന്ന് പുറത്തിറക്കിയതിന് ശേഷം പൊലീസും ബോംബ് സ്‌ക്വാഡും സംയുക്തമായി ചേര്‍ന്ന് വീട് പരിശോധിക്കുകയായിരുന്നു. നാല് മണിക്കൂറോളം വീടും പരിസരവും പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. തുടര്‍ന്ന് താരത്തിന്റെ കുടുംബത്തെ തിരിച്ച് വീട്ടിലെത്തിച്ചതായും പൊലീസ് പറഞ്ഞു.
സ്‌റ്റേഷനിലേക്ക് അയച്ചത് വ്യാജ സന്ദേശമാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സന്ദേശം അയച്ചയാളിന്റെ സ്ഥലവും പേരുവിവരങ്ങളും പൊലീസ് ശേഖരിച്ചു. ഗാസിയാബാദിലെ പ്രതിയുടെ വീട്ടിലെത്തുകയും വീട്ടുകാരോട് കേസിനെക്കുറിച്ച് പൊലീസ് വിശദീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജുവനയില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി വിട്ടയച്ചു.

Latest News