Sorry, you need to enable JavaScript to visit this website.

പന്ത്രണ്ടു കൊല്ലം മുമ്പ് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്തു

ഹൈദരാബാദ്- പന്ത്രണ്ട് വർഷം മുമ്പ് കൊലപ്പെട്ട ബി.ഫാം വിദ്യാർഥിനിയുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. വിജയവാഡയിലെ ഹോസ്റ്റൽ മുറിയിൽ 2007 ഡിസംബർ 27 നാണ് പത്തൊൻപതുകാരി കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം മറവ് ചെയ്ത ഗുണ്ടൂർ ജില്ലയിലെ ടെനാലി ടൗണിലെ ശ്മശാനത്തിൽനിന്നാണ് ദൽഹിയിലെ ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ സി.ബി.ഐയുടെ സാന്നിധ്യത്തിൽ പുറത്തെടുത്തത്. കഴിഞ്ഞ വർഷം ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. വിജയവാഡയിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ മുറിയിൽ ദേഹമാസകലം മുറിവേറ്റ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുൻ മന്ത്രിയും സുഹൃത്തുക്കളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. 2008 ൽ മൊബൈൽ മോഷണക്കേസിൽ പ്രതിയായ സത്യം ബാബു എന്നയാൾ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 2010 ൽ സത്യം ബാബുവിനെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാൽ 2017 ൽ ഹൈക്കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയും അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. സംഘത്തിന്റെ അന്വേഷണത്തിൽ തൃപ്തി വരാതെ ഹൈക്കോടതി പിന്നീട് കേസ് സി.ബി.ഐക്ക് കൈമാറി. കേസുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിച്ചതിന് വിചാരണക്കോടതിയിലെ ചില ജീവനക്കാരുടെ പേരിൽ സി.ബി.ഐ കേസെടുത്തിരുന്നു. ബലാത്സംഗക്കേസിൽ 21 ദിവസത്തിനകം വിധി പറയുന്ന തരത്തിൽ ആന്ധ്രപ്രദേശ് സർക്കാർ പാസാക്കിയ ദിശ നിയമത്തിൽ ഉൾപ്പെടുത്തി മകളുടെ കൊലപാതക കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢിക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
 

Latest News