Sorry, you need to enable JavaScript to visit this website.

കൂത്തമ്പലം നിർമാണത്തിൽ അഴിമതി: സാഹിത്യ അക്കാദമി മുൻ  ചെയർപേഴ്‌സനെതിരെ സി.ബി.ഐ കേസ്

ന്യൂദൽഹി- ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷന്റെ കൂത്തമ്പലം നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സാഹിത്യ അക്കാദമി മുൻ ചെയർപേഴ്‌സൻ ലീല സാംസനെതിരെ സി.ബി.ഐ കേസെടുത്തു. പത്മശ്രീ പുരസ്‌കാരം ലഭിച്ച ഭരതനാട്യം കലാകാരിയാണ് ലീല സാംസൺ. ഏഴു കോടിയിലേറെ രൂപ ചെലവിട്ട് കൂത്തമ്പലം നിർമിച്ചതിൽ ക്രമക്കേടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ലീല സാംസന് പുറമെ, കലാക്ഷേത്ര ഉദ്യോഗസ്ഥരായിരുന്ന പത്തു പേർക്കെതിരെയും കേസുണ്ട്. ചീഫ് അക്കൗണ്ട്‌സ് ഓഫീസർ ടി.എസ്. മൂർത്തി, അക്കൗണ്ട്‌സ് ഓഫീസർ എസ്. രാമചന്ദ്രൻ, എൻജിനീയറിംഗ് ഓഫീസർ വി. ശ്രീനിവാസൻ, സി.എ.ആർ.ഡി ചെന്നൈ എൻജീനീയേഴ്‌സിന്റെ നടത്തിപ്പുകാരൻ വി. ശ്രീനിവാസൻ എന്നിവർക്കെതിരെയും കേസുണ്ട്.
ചട്ട വിരുദ്ധമായാണ് കൂത്തമ്പലം പുനർനിർമാണത്തിനുള്ള കരാർ കമ്പനിക്ക് നൽകിയതെന്ന് ചൂണ്ടിക്കാട്ടി സാംസ്‌കാരിക മന്ത്രാലയത്തിലെ ചീഫ് വിജിലൻസ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 7.02 കോടി നിർമാണ ചെലവ് കണക്കാക്കിയ പദ്ധതിക്ക് മുൻകൂട്ടി നിശ്ചയിച്ചിരുന്നതിനേക്കാൾ 62.20 കോടി രൂപ അധികം ചെലവഴിച്ചു എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. 2005 മുതൽ 2012 വരെയായിരുന്നു ലീല സാംസൺ ഫൗണ്ടേഷന്റെ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത്. 1985 ൽ നിർമിച്ച കൂത്തമ്പലം പുനർനിർമിക്കാൻ തീരുമാനം എടുത്തത് 2006 ലാണ്. 
2009 ൽ ചേർന്ന ഫൗണ്ടേഷന്റെ ഗവേണിംഗ് ബോഡി യോഗത്തിലാണ് പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ഒരു ഉപദേശക സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. പി.ടി. കൃഷ്ണൻ, ലീല സാംസൺ, മാധവി മുദ്ഗൽ എന്നിവർ ചേർന്നാണ് ഇതിനുള്ള ചെലവ് കണക്കാക്കുന്നത് ഉൾെപ്പടെയുള്ള കാര്യങ്ങൾ ചെയ്തത്. ഇവർ ഉൾപ്പെട്ട സിവിൽ വർക്ക് കമ്മിറ്റിയാണ് നിർമാണ പ്രവർത്തനങ്ങൾക്കായി 2010 ൽ സി എ.ആർ.ഡിയെ ചുമതലപ്പെടുത്തിയത്. കരാറുകാരെ തെരഞ്ഞെടുക്കാൻ ഓപൺ ടെണ്ടർ നടപടി പൂർത്തിയാക്കിയിരുന്നില്ലെന്നാണ് ഇവർക്കെതിരെയുള്ള പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, നിർമാണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നില്ലെന്നും ആരോപണമുണ്ട്. 

Latest News