Sorry, you need to enable JavaScript to visit this website.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ചാവക്കാട്   പ്രതിഷേധം ഇരമ്പി, ആയിരങ്ങൾ റാലിയിൽ പങ്കെടുത്തു

മണത്തല ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നടന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധ റാലി.

ചാവക്കാട്- പൗരത്വ ഭേദഗതിബില്ലിനെതിരെ ചാവക്കാട് പ്രതിഷേധം ഇരമ്പി. ആയിരങ്ങൾ റാലിയിൽ പങ്കെടുത്തു. മണത്തല ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ അയൽ പ്രദേശങ്ങളിലെ മഹല്ലിൽ നിന്നും ആളുകളും കമ്മിറ്റി ഭാരവാഹികളും അണിചേർന്നു. അസർ നമസ്‌കാരത്തിനു ശേഷം മണത്തല ഖത്തീബ് കമറുദ്ദീൻ ബാദുഷ തങ്ങളുടെ പ്രാർഥനയോടെയാണ് റാലിക്ക് തുടക്കം കുറിച്ചത്. സംഘാടകർ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ ഒഴുകിയെത്തിയതോടെ മണത്തലയും പരിസരങ്ങളും   ജനങ്ങളാൽ നിറഞ്ഞൊഴുകി.

പിറന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശത്തെ ആരു ചോദ്യം ചെയ്താലും അടിയറവെക്കുന്ന പ്രശ്‌നമില്ലെന്ന് റാലിയിലെ മുദ്രാവാക്യങ്ങൾ  കേന്ദ്ര ഗവൺമെന്റിന് മുന്നറിയിപ്പു നൽകി. പ്രതിഷേധ റാലി വീക്ഷിക്കാൻ നൂറുകണക്കിനാളുകൾ ചാവക്കാട് പട്ടണത്തിൽ തടിച്ചുകൂടി. സമീപകാലത്ത് ചാവക്കാട് പട്ടണം കണ്ട ഏറ്റവും വലിയ പ്രതിഷേധ റാലിയാണ് ഇന്നലെ നടന്നത്. റാലിക്ക് മണത്തല മഹല്ല് ഭാരവാഹികൾക്കു പുറമെ വിവിധ മത സംഘടനാ നേതാക്കളും മറ്റു മഹല്ല് ഭാരവാഹികളും നേതൃത്വം നൽകി. വടക്കെ ബൈപാസിലൂടെ നീങ്ങി തെക്കെ ബൈപാസിലൂടെ നഗരത്തിൽ  എത്തി ഏനാമാവ് റോഡ് വഴി ബസ്സ്റ്റാന്റ് ചതുരത്തിൽ റാലി സമാപനം കുറിച്ചു. സമാപന സമ്മേളനം മണത്തല മഹല്ല് ഖത്തീബ് ഖമറുദ്ദീൻ ബാദുഷ തങ്ങൾ ഉദ്ഘാടനം ചെയ്തു. മുതുവട്ടൂർ ജുമാഅത്ത് ഖത്തീബ് സുലൈമാൻ അസ്ഹരി പ്രഭാഷണം നടത്തി. മണത്തല ജുമാഅത്ത് പ്രസിഡന്റ് ഹിമാമുദ്ദീൻ റംജുസേഠ് അധ്യക്ഷത വഹിച്ചു.  വി ടി മുഹമ്മദാലി, അബ്ദു ഹാജി, ടി എസ് നിസാം,  അക്ബർ പെലയം പാട്ട,്  ബഷീർ മൗലവി, ഫിറോസ് തൈപറമ്പിൽ, നൗഷാദ് തെക്കും പുറം, തുടങ്ങിയവർ സംബന്ധിച്ചു. 


 

Latest News