Sorry, you need to enable JavaScript to visit this website.

ജനമനസുകളിലേക്കിറങ്ങി  പൂക്കോട്ടുംപാടം പോലീസ്

ശ്രുതിയുടെ ചികിത്സക്കായി പൂക്കോട്ടുംപാടം പോലീസ് സഹായം കൈമാറുന്നു. 

പൂക്കോട്ടുംപാടം- ജനമൈത്രി എന്നത് പേരിൽ മാത്രമല്ല പ്രവൃത്തിയിലും തെളിയിച്ചു കൊടുക്കുകയാണ് പൂക്കോട്ടുംപാടം പോലീസ്. ജനമൈത്രി ആയതിനു ശേഷം ആദ്യമായി ഏറ്റെടുത്ത ദേവികാ ഭവന നിർമാണം പൂർത്തിയാക്കി ഏതാനും ദിവസങ്ങൾക്കുള്ളിൽ കൈമാറാൻ ഒരുങ്ങുകയാണ് പൂക്കോട്ടുംപാടം പോലീസ്. കാൻസർ രോഗബാധിതയായ ദേവികയുടെ അവസ്ഥ കണ്ടറിഞ്ഞ് പൂക്കോട്ടുംപാടം ജനമൈത്രി പോലീസ് ജനകീയ കൂട്ടായ്മ രൂപീകരിച്ച് ദേവികയ്ക്കു സ്വന്തമായൊരു വീടെന്ന സ്വപ്‌നം സഫലമാക്കുകയായിരുന്നു. പൂക്കോട്ടുംപാടം എസ്.ഐ രാജേഷ് അയോടൻ, മുൻ എസ്.ഐ ജോർജ് ചെറിയാൻ എന്നിവർ ഇതിനായി മുന്നിട്ടിറങ്ങിയപ്പോൾ എല്ലാ പ്രശ്നങ്ങളും തരണം ചെയ്യാൻ കഴിഞ്ഞു. വീടിന്റെ വാർപ്പിന് എസ്‌ഐ ഉൾപ്പെടെയുള്ള പോലീസുകാർ കയ്യും മെയ്യും മറന്നു രംഗത്തിറങ്ങി.

ഇതോടൊപ്പം തന്നെ ആദിവാസി കോളനികളിലും മറ്റും ഒറ്റപ്പെട്ടു കഴിയുന്ന വീടുകളിലും ഓണത്തിനും മറ്റു വിശേഷങ്ങൾക്കും ഭക്ഷണ വസ്തുക്കൾ ഉൾപ്പടെ എത്തിക്കുന്നതിലും ഇവർ മുന്നിലുണ്ടായിരുന്നു. അശരണർക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി രക്താർബുദം ബാധിച്ച് വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രുതിയുടെ ചികിത്സക്ക് തങ്ങളുടെ സഹായം കൈമാറി. പൂക്കോട്ടുംപാടം സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പൂക്കോട്ടുംപാടം എസ്.ഐ രാജേഷ് അയോടൻ ശ്രുതി ചികിത്സാ സഹായ സമിതി ചെയർപേഴ്‌സൺ മുനീഷ കടവത്ത്, സുജീഷ് മഞ്ഞളാരി, മറ്റു കമ്മിറ്റിയംഗങ്ങൾ എന്നിവർക്ക് കൈമാറി. തുടർന്ന് ദേവിക ഭവന നിർമാണ ഫണ്ടിലേക്കുള്ള സഹായവും കൈമാറി. മുൻ എസ്.ഐയും ദേവികാ ഭവന നിർമാണ കമ്മിറ്റി കൺവീനറുമായ ജോർജ് ചെറിയാൻ, ജോയിന്റ് ട്രഷറർ ഫവാസ് ചുള്ളിയോട് എന്നിവർ എസ്.ഐ രാജേഷ് അയോടനിൽ നിന്നു ഏറ്റുവാങ്ങി. എ.എസ്.ഐ സൈനുൽ ആബിദീൻ, സീനിയർ സി.പി.ഒ ജാഫർ, മറ്റു പോലീസുകാർ തുടങ്ങിയവർ പങ്കെടുത്തു.

 

Latest News