Sorry, you need to enable JavaScript to visit this website.

ലോകത്ത് ഏറ്റവും സ്വാധീനമുള്ള വനിതകളിൽ സൗദി വനിത റാനിയ അൽനശ്ശാറും

റാനിയ അൽനശ്ശാർ

റിയാദ് - ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയിൽ  സാംബ ഗ്രൂപ്പ് സി.ഇ.ഒ റാനിയ അൽനശ്ശാർ ഇടം പിടിച്ചു. തുടർച്ചയായി രണ്ടാം വർഷമാണ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വനിതകളുടെ കൂട്ടത്തിൽ റാനിയ അൽനശ്ശാറിനെ അമേരിക്കയിലെ ഫോബ്‌സ് മാസിക ഉൾപ്പെടുത്തുന്നത്. സൗദിയിൽ ഒരു ബാങ്ക് സി.ഇ.ഒ പദവിയിലെത്തുന്ന ആദ്യ വനിതയായ റാനിയ അൽനശ്ശാർ ഫോബ്‌സ് പട്ടികയിൽ 97 ാം സ്ഥാനത്താണ്. യു.എ.ഇയിൽ നിന്നുള്ള റജാ ഈസ അൽഗുർഗ് പട്ടികയിൽ 84 ാം സ്ഥാനത്താണ്. 


2017 ഫെബ്രുവരിയിലാണ് റാനിയ അൽനശ്ശാർ സൗദിയിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനകാര്യ സ്ഥാപനമായ സാംബ ഫിനാൻഷ്യൽ ഗ്രൂപ്പ് സി.ഇ.ഒ പദവിയിൽ നിയമിതയായത്. ബാങ്കിംഗ് മേഖലയിൽ രണ്ടു ദശകത്തിലേറെ കാലം നീണ്ട പരിചയ സമ്പത്തുമായാണ് റാനിയ സാംബ ഗ്രൂപ്പ് സി.ഇ.ഒ പദവി ഏറ്റെടുത്തത്. ഇതിനു മുമ്പ് സാംബ ഗ്രൂപ്പിൽ ചീഫ് ഓഡിറ്റ് എക്‌സിക്യൂട്ടീവ് ആയിരുന്നു. 


ഈ വർഷവും ഫോബ്‌സ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ജർമൻ ചാൻസലർ ആംഗല മെർക്കലാണ്. തുടർച്ചയായി ഒമ്പതാം വർഷമാണ് മെർക്കൽ ഈ സ്ഥാനം നിലനിർത്തുന്നത്. 2007 മുതൽ 2019 വരെയുള്ള കാലത്ത് ഒരു കൊല്ലം ഒഴികെ ലോകത്ത് ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികകളിൽ ഒന്നാം സ്ഥാനത്ത് ജർമൻ ചാൻസലർ ആംഗല മെർക്കലാണ്. 2010 ൽ മാത്രമാണ് ആംഗല മെർക്കലിന് ഈ സ്ഥാനം നഷ്ടപ്പെട്ടത്. ആ വർഷം ലോകത്തെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മെർക്കൽ നാലാം സ്ഥാനത്തും മുൻ അമേരിക്കൻ പ്രഥമ വനിത മിഷേൽ ഒബാമ ഒന്നാം സ്ഥാനത്തുമായിരുന്നു. 


ഈ വർഷം പട്ടികയിൽ രണ്ടാം സ്ഥാനത്ത് ക്രിസ്റ്റീൻ ലഗാർഡ് ആണ്. യൂറോപ്യൻ യൂനിയൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് പദവി വഹിക്കുന്ന ആദ്യ വനിതയാണ് ക്രിസ്റ്റീൻ ലഗാർഡ്. കഴിഞ്ഞ മാസമാണ് ഇവർ യൂറോപ്യൻ യൂനിയൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് പദവിയിൽ നിയമിതയായത്. മൂന്നാം സ്ഥാനത്ത് യു.എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് സ്പീക്കർ നാൻസി പെലോസിയാണ്. 
ബംഗ്ലാദേശ് പ്രസിഡന്റ് ശൈഖ് ഹസീന വാജിദ് 28 ാം സ്ഥാനത്തും ഇന്ത്യൻ ധനമന്ത്രി നിർമല സീതാരാമൻ 34 ാം സ്ഥാനത്തും ബ്രിട്ടനിലെ എസിബത്ത് രാജ്ഞി 40 ാം സ്ഥാനത്തും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുത്രിയും ഉപദേശകയുമായ ഇവാൻക ട്രംപ് 42 ാം സ്ഥാനത്തും കാലാവസ്ഥാ വ്യതിയാനത്തിൽ ഊന്നി പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തക ഗ്രെയ്റ്റ തുംബെർഗ് 100 ാം സ്ഥാനത്തുമാണ്. 

Latest News