Sorry, you need to enable JavaScript to visit this website.

പൗരത്വ നിയമ  ഭേദഗതി കൊണ്ടുള്ള തീക്കളി

ജനങ്ങളുടെ സംശയങ്ങൾക്ക് സർക്കാർ മറുപടി പറയുന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. അത് പ്രായോഗികമാക്കാനാണ് ജനപ്രതിനിധികളുടെ നിയമ നിർമാണ സഭകൾക്ക് ഭരണഘടന രൂപം കൊടുത്തത്. 
എന്നാൽ പൗരത്വ ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരു സഭകളിലും നേരിട്ടവതരിപ്പിച്ച് പ്രതിഷേധങ്ങളെ വകവെക്കാതെ ഭൂരിപക്ഷമുണ്ടാക്കി പാസാക്കിയ കേന്ദ്ര ഗവണ്മെന്റ്, ജനങ്ങളോ അവരുടെ പ്രതിനിധികളോ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. ഇങ്ങനെ പാർലമെന്റിൽ പാസാക്കിയ ബില്ലുകൾ പിറ്റേന്നു തന്നെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കൈയൊപ്പ് വാങ്ങി നിയമമാക്കുകയും ചെയ്യുന്നു. 


പൗരത്വ ബിൽ ചർച്ചയിൽ രാജ്യസഭയിൽ രണ്ടാം വട്ടം എഴുന്നേറ്റു നിന്ന് മറുപടി പറഞ്ഞ ബി.ജെ.പി അധ്യക്ഷൻ കൂടിയായ ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിച്ചു, പുതിയ പൗരത്വ നിയമത്തെ ഭയപ്പെടേണ്ട കാര്യമെന്താണ് എന്ന്. അദ്ദേഹത്തിന് അതിന്റെ ഉദ്ദേശ്യം ബോധ്യമാണെന്നതിൽ തർക്കമില്ല. ജനങ്ങൾക്കോ സഭയിലെ ജനപ്രതിനിധികൾക്കോ തൃപ്തികരമായ ഉത്തരം പക്ഷേ ലഭിച്ചില്ല. അസമിൽ തുടങ്ങി ത്രിപുരയിലൂടെ ഉത്തര - പൂർവ സംസ്ഥാനങ്ങളിലാകെ പടർന്നുകത്തുന്ന ബില്ലിനെതിരായ പ്രതിഷേധം അതു വ്യക്തമാക്കുന്നു. 
പൗരത്വ ബില്ലിനെതിരെ ദൽഹിയിലും കേരളത്തിലുമടക്കം ഇന്ത്യയിലാകെ ഉത്ക്കണ്ഠാകുലരായ മുസ്‌ലിം ന്യൂനപക്ഷങ്ങൾ മുന്നിട്ടിറങ്ങുന്നതും എല്ലാ വിഭാഗം ജനങ്ങളും വിവിധ ബാനറുകൾക്കു കീഴിൽ തെരിവിലിറങ്ങുന്നതും അത് വ്യക്തമാക്കുന്നു. മുമ്പ് പ്രക്ഷോഭങ്ങൾ കൊണ്ടും കലാപങ്ങൾ കൊണ്ടും മുഖരിതമായിരുന്ന അസം പോലുള്ള സംസ്ഥാനങ്ങളിലാണ് അക്രമത്തിന്റെയും പ്രതിഷേധത്തിന്റെയും പഴയകാല രംഗങ്ങൾ പുനരാവിഷ്‌കരിക്കുന്നത്. ഒരിക്കൽ കൂടി ഭരണകക്ഷിക്കാരായ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴവിടെ. റോഡ്, റെയിൽ ഗതാഗതമാകെ സ്തംഭിച്ച് സംസ്ഥാനങ്ങൾ നിശ്ചലമാവുകയാണ്. 


മുൻ മന്ത്രിയും നൂറു ദിവസം ജയിലിൽ കിടന്ന് ഈയിടെ മാത്രം പുറത്തുവന്ന മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം രാജ്യസഭയിൽ ഉന്നയിച്ച ചോദ്യങ്ങളും അവക്ക് അമിത് ഷാ നൽകിയ മറുപടിയും പരിശോധിച്ചാൽ നരേന്ദ്ര മോഡിയുടെ ഭരണം ജനങ്ങളെയും രാജ്യത്തെയും എവിടേക്കാണ് നയിക്കുന്നതെന്ന് വ്യക്തമാകും.  ചിദംബരം ചോദിച്ചു: നമ്മൾ പാസാക്കുന്ന ഈ നിയമം ഭരണഘടനാനുസൃതമാണോ അല്ലയോ എന്ന് നിയമ നിർമാണ സഭയിലെ അംഗങ്ങളായ നമുക്കു പറയാൻ കഴിയണം. അതേക്കുറിച്ച് തനിക്ക് ഒട്ടേറെ സംശയങ്ങളുണ്ട്. ആരാണ് അത് സഭയിൽ തീർത്തുതരിക?   
ഒന്ന്, ഈ നിയമം കൊണ്ടുവന്നതിന് നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ മറുപടി സഭയുടെ മേശപ്പുറത്ത് വെക്കണം.  അഥവാ അറ്റോർണി ജനറലിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ അദ്ദേഹത്തെ സഭയിൽ വിളിച്ചുവരുത്തണം. ചോദ്യങ്ങൾക്കു അറ്റോർണി ജനറൽ മറുപടി പറയണം.
രണ്ട്, ഈ ബിൽ പൗരന്മാരുടെ തുല്യത സംബന്ധിച്ച ഭരണഘടനയുടെ 14 ാം അനുഛേദത്തിന്റെ ലംഘനമാണ്.  സുപ്രീം കോടതിയിൽ ഇതു നിലനിൽക്കില്ല. ഭരണഘടനാ വിരുദ്ധമായ ഈ ബില്ലിന് ആരാണ് ഉപദേശം നൽകിയതെന്ന് പറയണം.


മൂന്ന്, അയൽ രാജ്യങ്ങളിൽ മതപരമായ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് പുതിയ പൗരത്വ നിയമ ഭേദഗതി എന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. എങ്കിൽ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്നു രാജ്യങ്ങളെ മാത്രം വേർതിരിച്ച് പരിഗണിച്ചത് എന്തിനാണ്? എങ്ങനെയാണ് അഹമ്മദീയ, ഹസാരാസ്, റോഹിംഗ്യൻ എന്നിവരെ ഒഴിവാക്കിയത്.  ക്രിസ്ത്യൻ, ജൂതർ, ഇസ്‌ലാം എന്നീ ഇബ്രാഹിമിന്റെ മൂന്നു മതക്കാരിൽ ക്രിസ്ത്യനെ സ്വീകരിച്ച് ജൂതനെയും ഇസ്‌ലാമിനെയും ഒഴിവാക്കിയതെന്തിനാണ്? അയൽ രാജ്യമായ ശ്രീലങ്കയിലെ ഹിന്ദുക്കളെയും ഭൂട്ടാനിലെ ക്രിസ്ത്യാനികളെയും എന്തുകൊണ്ട് ഒഴിവാക്കി?  
ഈ രാജ്യങ്ങളിൽ മതാടിസ്ഥാനത്തിലുള്ള അടിച്ചമർത്തൽ നടക്കുന്നു എന്നാണ് പറയുന്ന കാരണം. രാഷ്ട്രീയ കാരണങ്ങളാലും ഭാഷാപരമായ കാരണങ്ങളാലും ആഭ്യന്തര യുദ്ധങ്ങളാലും മറ്റും അടിച്ചമർത്തപ്പെടുന്നത് എന്തുകൊണ്ടാണ് ബില്ലിൽ ഉൾപ്പെടുത്താതിരുന്നത്? 


ബില്ലിൽ പറയുന്ന ന്യൂനപക്ഷം ഇന്ത്യയിലെ ന്യൂനപക്ഷമല്ലെന്നും അതതു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളാണെന്നുമാണ് അമിത് ഷാ ചർച്ചയുടെ മറുപടിയിൽ പറഞ്ഞത്. അതുകൊണ്ടാണ് ഭരണഘടനയുടെ 14 ാം അനുഛേദത്തിന് വിരുദ്ധമല്ലെന്നു പറഞ്ഞത്. എന്നാൽ പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്താത്ത വിവേചനത്തെപ്പറ്റി അദ്ദേഹം നിശ്ശബ്ദനായി. ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായ, ഭരണഘടനാ അസംബ്ലിയിൽ പ്രധാനമന്ത്രി നെഹ്‌റു അവതരിപ്പിച്ച് പാസാക്കിയ, നയപ്രഖ്യാപന പ്രമേയത്തിന്റെ ആറാം ഖണ്ഡികയിൽ ഇന്ത്യയിൽ 'ന്യൂനപക്ഷങ്ങൾക്ക് ആവശ്യമായ എല്ലാ സുരക്ഷിതത്വവും ഉറപ്പു വരുത്തുമെന്ന്' വ്യവസ്ഥ ചെയ്തിരിക്കേ, ഈ വ്യവസ്ഥ ഉൾപ്പെട്ട നയപ്രഖ്യാപന പ്രമേയം ഭരണഘടനയുടെ ആമുഖമായി നിലനിൽക്കുന്ന സാഹചര്യത്തിൽ, നീതിന്യായ വ്യവസ്ഥ ഈ നിയമം തള്ളുമെന്ന ചിദംബരത്തിന്റെ പ്രത്യാശ ജനാധിപത്യ ഇന്ത്യയുടെ ആകെ പ്രതീക്ഷയാണ്.
മറുപടിക്കൊടുവിൽ ചോദ്യവും ഉത്തരവുമായി അമിത് ഷാ പറഞ്ഞതു കൂടി കേൾക്കുക: വിദേശ രാജ്യങ്ങളിൽനിന്നുള്ള ഈ ആറ് മതവിഭാഗക്കാർക്ക് എന്തിനാണ് ഈ നിയമം കൊണ്ടുവരുന്നത്? തങ്ങൾ അനധികൃത കുടിയേറ്റക്കാരാണെന്ന് പറയാൻ ആളുകൾക്കു ഭയമാണ്.  നിയമം നിലവിൽ വന്നാൽ ആയിരക്കണക്കിൽ അപേക്ഷകരുണ്ടാകും.
മോഡി ഗവണ്മെന്റ് വന്നതു മുതൽ ന്യൂനപക്ഷങ്ങൾ പറയുന്നത് അവർക്ക് ഭയമാണെന്നാണ്. ഏറ്റവും ഒടുവിൽ രാഹുൽ ബജാജ് പോലും അവരുടെ ഭയം ഇന്ത്യൻ വ്യവസായികളുടെ മനസ്സിലെ ഭയമാണെന്ന് പറഞ്ഞു.  പക്ഷേ, നമ്മുടെ രാജ്യത്തെ പൗരന്മാരുടെ ആ ഭയം നീക്കുന്നതിനു പകരം, ഇന്ത്യയുടെ വിഭജന കാലത്ത് പരിഗണിക്കാത്ത ഒരു വിഭാഗക്കാരുടെ ഭയം നീക്കാൻ മുൻകാല പ്രാബല്യത്തോടെ നിയമം കൊണ്ടുവരികയാണ് അമിത് ഷാ.


ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി നീക്കിയതടക്കമുള്ള കേന്ദ്ര ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ ഉണ്ടാകാതിരുന്ന പ്രത്യാഘാതങ്ങൾ ആഭ്യന്തരമായും സാർവദേശീയമായും ഇന്ത്യാ ഗവണ്മെന്റ് ഇപ്പോൾ നേരിടുകയാണ്. അസം, ത്രിപുരയടക്കമുള്ള ഉത്തര - പൂർവ സംസ്ഥാനങ്ങളിലെ സംഘർഷങ്ങൾ യു.എന്നിനെ പോലും ജാഗ്രത്താക്കി. ഡിസംബർ 15 ന് ഗുവാഹതിയിൽ നടക്കാനിരുന്ന ഇന്ത്യ - ജപ്പാൻ ഉന്നതതലം റദ്ദാക്കി. പുതിയ നിയമത്തിലും ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ മതപീഡനം നടക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞതിലും പ്രതിഷേധിച്ച് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും ഇന്ത്യാ സന്ദർശനം വ്യാഴാഴ്ച റദ്ദാക്കുകയും ചെയ്തു.


ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബേയും നരേന്ദ്ര മോഡിയും തമ്മിലുള്ള ഉന്നതതല ചർച്ച അസമിലെയും സമീപ സംസ്ഥാനങ്ങളിലെയും ക്രമസമാധാന നില ഗുരുതരമായതിന്റെ പേരിലാണ് മാറ്റാൻ നിർബന്ധിതമായത്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി അസമിലെയും മറ്റും സംഭവ വികാസങ്ങൾ മനുഷ്യാവകാശ ലംഘനത്തിന്റെ തലത്തിലേക്കു കടന്നിട്ടുണ്ടോയെന്ന് നിരീക്ഷിക്കുകയാണെന്നാണ് വ്യക്തമാക്കിയത്.  ഇതോടൊപ്പം ആഭ്യന്തര മന്ത്രി അമിതാ ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനം റദ്ദാക്കിയതും  പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭീതിയിലാണ്.
അസമിൽ പോലീസ് വെടിവെപ്പിൽ മൂന്നുപേർ ആശുപത്രിയിൽ മരണപ്പെടുകയും അഞ്ചുപേർക്കെങ്കിലും പരിക്കേൽക്കുകയും ചെയ്തതോടെ പ്രക്ഷോഭം കൈവിട്ടുപോകുമെന്ന അവസ്ഥയിലാണ്. അസമിലും ത്രിപുരയിലും സൈന്യത്തെ പോലും നിയോഗിച്ചിട്ടും നിരോധനാജ്ഞയും നിശാനിയമവുമടക്കം ലംഘിച്ച് പ്രതിഷേധവുമായി ജനങ്ങൾ ആയിരക്കണക്കിൽ തെരിവിലിറങ്ങിയത് മോഡി സർക്കാറിനെ അങ്കലാപ്പിലാക്കി. നൂറു ദിവസം ജമ്മു-കശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഒരാളുടെ മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പാർലമെന്റിൽ അവകാശപ്പെട്ട അമിത് ഷായെ ഉത്തര-പൂർവ സംസ്ഥാനങ്ങൾ ഞെട്ടിച്ചു. 


കേന്ദ്ര ഗവണ്മെന്റും അസം വിദ്യാർത്ഥി സമര സമിതിയും തമ്മിലുണ്ടാക്കിയ അസം കരാർ ലംഘിക്കുന്നതാണ് അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നീ മൂന്ന് അതിർത്തി രാജ്യങ്ങളിൽനിന്ന് അനധികൃതമായി കുടിയേറിയവർക്ക് പൗരത്വം നൽകാനുള്ള പുതിയ നിയമമെന്ന് അസം ജനത വിശ്വസിക്കുന്നു. അതും ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പഴ്‌സി, ക്രിസ്ത്യൻ മതങ്ങളിൽനിന്നുള്ളവരെ. ഈ രാജ്യങ്ങളിൽനിന്നുള്ള മുസ്‌ലിം കുടിയേറ്റക്കാർക്ക് പുതിയ നിയമം, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെന്ന പോലെ, ഇവിടെയും പൗരത്വത്തിന് അവകാശം നൽകുന്നില്ല. എന്നാൽ ഹിന്ദു മതക്കാരായ വിദേശ പൗരന്മാർക്ക് അഭയാർത്ഥികളുടെ പേരിൽ പൗരത്വം നൽകുന്നതിലൂടെ അസം ഭാഷയും സംസ്‌കാരവും സ്വത്വവും ഉൾക്കൊള്ളുന്ന തദ്ദേശീയർ തങ്ങളുടെ സംസ്ഥാനത്ത് പിന്തള്ളപ്പെടുമെന്ന ആകുലത പട്ടാളത്തെയും അർദ്ധസൈനിക വിഭാഗങ്ങളെയും നിരോധങ്ങളെയും മറികടന്ന് പ്രക്ഷോഭം തുടരാൻ അവരെ പ്രേരിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബി.ജെ.പി എം.എൽ.എമാരുടെയും വീടുകൾക്കു നേരെ പോലും പ്രക്ഷോഭകാരികൾ നീങ്ങുന്നു.

 


നീണ്ട വർഷങ്ങൾ ഇടത് ഭരണത്തിലായിരുന്ന ത്രിപുരയിലും പ്രക്ഷോഭം ആളിപ്പടരുന്നത് നിയന്ത്രിക്കാനാവാതെ സൈന്യത്തെ തന്നെ രംഗത്തിറക്കേണ്ടി വന്നു. അരുണാചൽ തുടങ്ങി ഉത്തരപൂർവ മേഖലയിലെ മിക്ക സംസ്ഥാനങ്ങളിലേക്കും പ്രക്ഷോഭം ആളിപ്പടരുന്നു. അസംകാർക്ക് ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി പ്രത്യേക സന്ദേശത്തിലൂടെ ആശ്വസിപ്പിക്കാൻ നിർബന്ധിതനായി. 
അസമിൽ ഭരണാധികാരം കിട്ടിയതിന്റെ പിൻബലത്തിലാണ് ത്രിപുരയടക്കം ഉത്തര-പൂർവ സംസ്ഥാനങ്ങളിൽ ഭരണം പിടിച്ചടക്കാൻ ബി.ജെ.പിക്കു കഴിഞ്ഞത്. 
പതിറ്റാണ്ടുകൾ രക്തരൂഷിത പ്രക്ഷോഭം നേരിട്ട അസമിൽ ഇപ്പോഴത്തെ പ്രക്ഷോഭം സംസ്ഥാന - കേന്ദ്ര സർക്കാറുകളെയും ഇന്റലിജൻസ് ഏജൻസികളെയും ഉൽക്കണ്ഠപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾ സമരം ചെയ്‌തോളൂ, എന്നാൽ നിയമം കൈയിലെടുക്കരുതെന്ന് അസം ഗവർണർ. ഇന്റർനെറ്റ് അടക്കമുള്ള സമൂഹ മാധ്യമങ്ങൾ നിശ്ചലമാക്കിയും എസ്.എം.എസുകൾ തടഞ്ഞും ജനങ്ങളുടെ പ്രക്ഷോഭം പരാജയപ്പെടുത്താനുള്ള ശ്രമം അസമിലും അയൽ സംസ്ഥാനങ്ങളിലും പരാജയപ്പെട്ടു.
ചുരുക്കത്തിൽ ഇന്ത്യ കത്തുകയാണ്. ഭരണഘടനയുടെ ആമുഖത്തിന് തീക്കൊളുത്തി അതിനു തുടക്കമിട്ടത് മോഡിയുടെ ബി.ജെ.പി ഗവണ്മെന്റും അമിത് ഷായുമാണ്. 
 

Latest News