Sorry, you need to enable JavaScript to visit this website.

ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കേന്ദ്രം കുത്തനെ വിലകൂട്ടി; ചരിത്രത്തിലാദ്യം

ന്യൂദല്‍ഹി- വില നിയന്ത്രിച്ചുവച്ചിരുന്ന അത്യാവശ്യ ജീവന്‍ രക്ഷാ മരുന്നുകളുടെ വില കേന്ദ്ര മരുന്നുവില നിയന്ത്രണ അതോറിറ്റി കുത്തനെ വര്‍ധിപ്പിച്ചു. പ്രധാന ഇനങ്ങളായ 21 തരം മരുന്നുകള്‍ക്കാണ് 50 ശതമാനം വരെ വില വര്‍ധിപ്പിച്ചത്. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) ആദ്യമായാണ് മരുന്നുവില വര്‍ധിപ്പിക്കുന്നത്. അടിയന്തര ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുറക്കുകയും വിലകയറ്റം നിയന്ത്രിക്കലുമാണ് ഈ അതോറിറ്റ് ചെയ്തു വന്നിരുന്നത്. ഈ മരുന്നുകളുടെ അഭാവത്തില്‍ രോഗികള്‍ വിലകൂടിയ ബദല്‍ മരുന്നുകള്‍ തേടിപ്പോകുന്നത് തടയാനായി, പൊതുതാല്‍പര്യം കണക്കിലെടുത്താണ് വില കൂട്ടുന്നത് എന്നാണ് വിശദീകരണം.

വില വര്‍ധിപ്പിക്കുന്ന ജീവന്‍ രക്ഷാ മരുന്നുകളില്‍ ഭൂരിഭാഗവും ചികിത്സയുടെ ആദ്യഘട്ടത്തില്‍ ഉപയോഗിക്കുന്നവയും പൊതുജനാരോഗ്യ പദ്ധതികളില്‍ മുഖ്യമായും ഉള്‍പ്പെടുന്നവയുമാണ്. ബിസിജി വാക്‌സിന്‍, വൈറ്റമിന്‍ സി, മെട്രോനൈഡസോള്‍, ബെന്‍സില്‍പെനിസിലിന്‍ പോലുള്ള ആന്റി ബയോട്ടിക്കുകള്‍, മലേറിയ മരുന്ന്, കുഷ്ഠരോഗ മരുന്ന് തുടങ്ങിയവും ഇതിലുള്‍പ്പെടും. ഡിസംബര്‍ ഒമ്പതിനു ചേര്‍ന്ന യോഗത്തിലാണ് അതോറിറ്റി വില വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച തീരുമാനമെടുത്തത്. 

ഈ 21 ഇനം മരുന്നുകളുടേയും വില വര്‍ഷങ്ങളായി തുടര്‍ച്ചയായി നിയന്ത്രിച്ചു നിര്‍ത്തിപ്പോരുകയായിരന്നു. ലാഭക്കുറവ് കാരണം ഇവ ഉല്‍പ്പാദിപ്പിക്കുന്നത് നിര്‍ത്തുന്നതായി പല കമ്പനികളും സര്‍ക്കാരിനെ അറിയിച്ചിരുന്നു. വില കൂട്ടിയ നടപടി പൊതുജനാരോഗ്യ പദ്ധതികളെ ബാധിക്കില്ലെന്നും പൊതുജനങ്ങള്‍ എപ്പോഴും ഈ മരുന്നുകള്‍ ലഭ്യമായിരിക്കുമെന്നും എന്‍പിപിഎ പറയുന്നു.
 

Latest News