Sorry, you need to enable JavaScript to visit this website.

ആശുപത്രിയുടെ നാലാംനിലയില്‍ നിന്ന് ചാടിയ യുവാവ് രക്ഷപ്പെട്ടു

പത്തനംതിട്ട- പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയുടെ നാലാംനിലയില്‍ നിന്ന് ചാടിയ യുവാവ് പരിക്കുകളോടെ രക്ഷപ്പെട്ടു. പുത്തന്‍പീടിക മല്ലേത്ത് വീട്ടില്‍ ഷോബി ശാമുവേലാണ് (36) ആത്മഹത്യാ ശ്രമം നടത്തിയത്. കാലൊടിഞ്ഞ ഷോബിക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അടിയന്തര ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 11.45ഓടെയായിരുന്നു സംഭവം. ഒന്നാംനിലയിലെത്തിയ ഷോബി ഐ.സി.യുവിന് സമീപത്ത് നിന്നയാളോട് ഇവിടെ നിന്ന് ചാടിയാല്‍ മരിക്കുമോ എന്നു ചോദിച്ചിരുന്നു. ഇല്ലെന്ന് മറുപടി പറഞ്ഞയാള്‍ സെക്യൂരിറ്റിയെ വിളിക്കാന്‍ പോയപ്പോഴേക്കും ഷോബി താഴേക്കിറങ്ങി. തുടര്‍ന്ന് ലിഫ്റ്റ് വഴി നാലാം നിലയിലെത്തി.
കുരിശുവരച്ച് കര്‍ത്താവേ കാത്തോളണേ എന്നു വിളിച്ച് ഒരാള്‍ താഴേക്ക് ചാടുകയായിരുന്നുവെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു. ആശുപത്രിക്കുളളില്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിര്‍മിച്ച ആഴം കുറഞ്ഞ കുളത്തിലേക്കാണ് ചാടിയത്. വെളളത്തില്‍ വീണതിനാലാണ് ഗുരുതരമായി പരിക്കേല്‍ക്കാതിരുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ ക്രിസ്മസിന്റെ ഭാഗമായുള്ള വൈദ്യുത അലങ്കാരത്തില്‍ നിന്ന് ഷോക്കേറ്റതാണെന്ന് കരുതി ആദ്യം മാറി നിന്നു. തുടര്‍ന്ന് വൈദ്യുതി ഓഫാക്കിയ ശേഷം, അബോധാവസ്ഥയില്‍ കിടന്ന ഷോബിയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഉടന്‍ ബോധം തെളിയുകയും ചെയ്തു.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന് ഇയാള്‍ ആശുപത്രി അധികൃതരോടും പോലീസിനോടും പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനസിക പ്രശ്‌നത്തിന് ഷോബി മുത്തൂറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു.

 

Latest News