Sorry, you need to enable JavaScript to visit this website.

മൂന്നര മാസത്തിനിടെ 20 ലക്ഷത്തിലേറെ ഉംറ വിസകള്‍ അനുവദിച്ചു

മക്ക - മൂന്നര മാസത്തിനിടെ ഇരുപതു ലക്ഷത്തിലേറെ ഉംറ വിസകൾ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. മുഹറം ഒന്നു മുതൽ റബീഉൽആഖിർ 15 വരെയുള്ള കാലത്ത് ആകെ 20,31,751 ഉംറ വിസകളാണ് അനുവദിച്ചത്. ഇക്കൂട്ടത്തിൽ 15,66,754 തീർഥാടകർ പുണ്യഭൂമിയിലെത്തുകയും 12,21,304 പേർ ഉംറ കർമം നിർവഹിച്ച് സ്വദേശങ്ങളിലേക്ക് തിരിച്ചുപോവുകയും ചെയ്തു. 


തീർഥാടകരിൽ 15,01,673 പേർ വിമാന മാർഗവും 65,063 പേർ കര മാർഗവും 18 പേർ കപ്പൽ മാർഗവുമാണ് രാജ്യത്തെത്തിയത്. പാക്കിസ്ഥാനിൽ നിന്ന് 4,11,140 തീർഥാടകരും ഇന്തോനേഷ്യയിൽനിന്ന് 3,68,193 പേരും ഇന്ത്യയിൽനിന്ന് 2,21,956 പേരും മലേഷ്യയിൽ നിന്ന് 97,709 തീർഥാടകരും തുർക്കിയിൽ നിന്ന് 65,083 പേരും ഈജിപ്തിൽ നിന്ന് 53,962 പേരും ബംഗ്ലാദേശിൽ നിന്ന് 47,962 തീർഥാടകരും അൾജീരിയയിൽ നിന്ന് 45,950 പേരും യു.എ.ഇയിൽ നിന്ന് 29,544 ഉംറ തീർഥാടകരും ജോർദാനിൽ നിന്ന് 23,926 പേരും മൂന്നര മാസത്തിനിടെ പുണ്യഭൂമിയിലെത്തിയതായും ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 


ഉംറ സർവീസ് കമ്പനികൾ, ഹോട്ടലുകൾ, ബസ് കമ്പനികൾ എന്നിവയും ഉംറ തീർഥാടകരും തമ്മിൽ നേരിട്ട് സേവന കരാറുണ്ടാക്കുന്നതിന് അവസരമൊരുക്കുന്ന സെൻട്രൽ ബുക്കിംഗ് എൻജിൻ ആയ മഖാം ഹജ്, ഉംറ മന്ത്രാലയം വികസിപ്പിച്ചിട്ടുണ്ട്. ഇ-വിസകൾ അനുവദിക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയം, വിദേശ മന്ത്രാലയം, നാഷണൽ ഇൻഫർമേഷൻ സെന്റർ എന്നിവ തമ്മിലെ സംയോജനത്തിനും സെൻട്രൽ ബുക്കിംഗ് എൻജിൻ അവസരമൊരുക്കുന്നു. വിദേശ ഉംറ തീർഥാടകർക്ക് അടിയന്തര സാഹചര്യങ്ങളിൽ ചികിത്സയും മടക്കയാത്രാ സർവീസുകൾ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും അപകടങ്ങളിലും ദുരന്തങ്ങളിലും നഷ്ടപരിഹാരവും ഉറപ്പു വരുത്തുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതി ദിവസങ്ങൾക്കു മുമ്പ് ഹജ്, ഉംറ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

Latest News