Sorry, you need to enable JavaScript to visit this website.

ദമാം കാർ ഷോറൂം ഏരിയയിൽ 21 നിയമ ലംഘകർ പിടിയിൽ

ദമാം കാർ ഷോറൂം ഏരിയയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ലേബർ ഓഫീസ് ഉദ്യോഗസ്ഥരും പോലീസും സഹകരിച്ച് പരിശോധന നടത്തുന്നു. 

ദമാം - ദമാം ലേബർ ഓഫീസും നഗരസഭയും പോലീസും സഹകരിച്ച് ദമാം കാർ ഷോറൂം ഏരിയയിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 21 നിയമ ലംഘകർ പിടിയിലായി. 46 ഇഖാമ, തൊഴിൽ നിയമ ലംഘനങ്ങളും റെയ്ഡിനിടെ കണ്ടെത്തി.

ഹെൽത്ത് ഇൻഷുറൻസ് ഇല്ലാതിരിക്കൽ, വർക്ക് പെർമിറ്റ് ഇല്ലാതിരിക്കൽ, സൗദിവൽക്കരണം ലംഘിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. നഗരസഭയുമായി ബന്ധപ്പെട്ട 16 നിയമ ലംഘനങ്ങളും പരിശോധനക്കിടെ കണ്ടെത്തി. മോശം ശുചീകരണ നിലവാരം, കേടായ ഭക്ഷണം, ലൈസൻസില്ലാതിരിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളിൽ കണ്ടെത്തിയത്. 


സൗദിവൽക്കരണവും തൊഴിൽ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് കാർ ഷോറൂം ഏരിയയിൽ റെയ്ഡ് നടത്തിയതെന്ന് ദമാം ലേബർ ഓഫീസ് മേധാവി ഉമൈർ അൽസഹ്‌റാനി പറഞ്ഞു.


അതിനിടെ, അൽകോബാറിൽ പെട്രോൾ ബങ്കുകളിൽ അൽകോബാർ ബലദിയ നടത്തിയ പരിശോധനകളിൽ 13 നിയമ ലംഘനങ്ങൾ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ അൽകോബാറിലെ 67 പെട്രോൾ ബങ്കുകളിലാണ് നഗരസഭാധികൃതർ പരിശോധനകൾ നടത്തിയത്. നിയമ ലംഘനങ്ങൾക്ക് ഒമ്പതു പെട്രോൾ ബങ്കുകൾ ഭാഗികമായി അടപ്പിച്ചു. വില പ്രദർശിപ്പിക്കുന്ന ഇലക്‌ട്രോണിക് സ്‌ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇ-പെയ്‌മെന്റ് ഉപകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മീറ്ററുകളിൽ കൃത്രിമമില്ലെന്നും ഉറപ്പു വരുത്തുന്നതിനും പെട്രോൾ ബങ്ക് നവീകരണ പദ്ധതി പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിനുമാണ് ബങ്കുകളിൽ നഗരസഭ പരിശോധനകൾ നടത്തുന്നത്. 

Latest News