Sorry, you need to enable JavaScript to visit this website.
Saturday , August   15, 2020
Saturday , August   15, 2020

വധം മാത്രമല്ല ശിക്ഷ

കഴിഞ്ഞ രണ്ടു ദിവസമായി നിരന്തരമായി കേൾക്കുന്ന ചോദ്യമാണ് സൗമ്യയുടെ കൊലപാതകി ഗോവിന്ദച്ചാമിയെ ശിക്ഷിച്ചോ? നിർഭയയുടെ, ജിഷയുടെ കൊലപാതകികളെ ശിക്ഷിച്ചോ? ഹൈദരാബാദിൽ പ്രിയങ്കയുടെ കൊലയാളികളെ നിയമ വിരുദ്ധമായി പോലീസ് വെടിവെച്ചു കൊന്നതിനെ ന്യായീകരിക്കാനാണ് ഈ ചോദ്യങ്ങൾ ചോദിക്കുന്നത്. എന്നാൽ ഈ ചോദ്യങ്ങൾ വസ്തുതാപരമായും രാഷ്ട്രീയമായും തെറ്റാണെന്നതാണ് യാാഥാർത്ഥ്യം. മൂന്നു സംഭവത്തിലും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിൽ തന്നെ നിർഭയയുടെ കേസിലെ പ്രതികൾ ഉടൻ തൂക്കിലേറ്റപ്പെടും. തീർച്ചയായും പല പീഡന കേസുകളിലും പ്രതികൾ രക്ഷപ്പെട്ടിട്ടുണ്ട്. വാളയാർ തന്നെ സമീപകാല ഉദാഹരണം. എന്നാൽ ഇതെല്ലാം വ്യാജ ഏറ്റുമുട്ടൽ കൊലക്ക് ന്യായീകരണമാകുന്നതെങ്ങനെ?
ശിക്ഷ എന്നാൽ വധശിക്ഷ മാത്രം എന്ന പ്രാകൃത ചിന്തയിലാണ് നാമെല്ലാം ജീവിക്കുന്നത് എന്നതാണ് വസ്തുത. ഇപ്പോഴിതാ അതു നടപ്പാക്കാൻ കോടതി പോലും വേണ്ട, പോലീസായാലും ജനക്കൂട്ടമായാലും മതി എന്നായിരിക്കുന്നു. കൂട്ടബലാൽസംഗ - കൊലപാതക കേസുകളിലെ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും. എന്നാൽ ആ പരമാവധി ശിക്ഷ എന്നത് വധശിക്ഷയാണോ? അല്ല.  വധശിക്ഷ എന്നത് കാലഹരണപ്പെട്ട ഒന്നാണെന്നും അതിനു പകയുടെ നിലവാരമേ ഉള്ളൂ എന്നും തിരിച്ചറിഞ്ഞ് മിക്കവാറും രാജ്യങ്ങൾ അതവസാനിപ്പിച്ചു കഴിഞ്ഞു. എന്നിട്ടും നമ്മളതിനായി മുറവിളി കൂട്ടുന്നു. വിചാരണ പോലുമില്ലാതെ ആൾക്കൂട്ട വിചാരണയും ശിക്ഷനടപ്പാക്കലും ആധുനിക സമൂഹത്തിനു ചേർന്നതല്ല. പൊതുജന മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനല്ല ശിക്ഷ, മറിച്ചു നീതി നടപ്പാക്കാനാണ്. നിർഭാഗ്യവശാൽ കോടതികൾ പോലും ഇക്കാര്യത്തിൽ തെറ്റായ സമീപനം പുലർത്താറുണ്ട്. ജിഷ വധക്കേസിൽ വിധി പ്രഖ്യാപിച്ച കോടതി   സ്ത്രീകളുടെ അന്തസ്സുയർത്താനാണ് വിധിയെന്നും പൊതുജനാഭിപ്രായം കൂടി തങ്ങൾ കണക്കിലെടുക്കുന്നു എന്നും പറഞ്ഞത് നീതിയുക്തമാണെന്നു പറയാനാകില്ല. 
കണ്ണിനു കണ്ണ്, കാതിനു കാത്, തലക്കു തല തുടങ്ങിയവയൊക്കെ കാലഹരണപ്പെട്ട നീതിയാണ്. ഒരു ജനാധിപത്യ വ്യവസ്ഥയിൽ അതു ഭൂഷണമല്ല. ഭീകരന്മാരും കൊടുംകുറ്റവാളികളും മാവോയിസ്റ്റുകളും മറ്റും ചെയ്യുന്നതിനു പകരം തിരിച്ചും അതാകാം എന്ന ന്യായീകരണവും ശരിയല്ല. ഭീകര സംഘടനയല്ലല്ലോ ജനാധിപത്യ ഭരണകൂടം. കോടതി നടപടികൾ അതിവേഗമാക്കി വധശിക്ഷ ഒഴികെയുള്ള കഠിന ശിക്ഷ നടപ്പാക്കുക മാത്രമാണ് ശരി.  അമേരിക്ക, ചൈന, മതരാഷ്ട്രങ്ങൾ തുടങ്ങി ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഏകാധിപത്യം നിലനിൽക്കുന്ന രാഷ്ട്രങ്ങളാണ് മുഖ്യമായും ഇന്ന് വധശിക്ഷ നടപ്പാക്കുന്നത്. ഏതൊരു രാജ്യത്തെയും കടന്നാക്രമിക്കുന്ന അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ജയിലുകൾ ഉള്ളത്. ഭീകര സംഘടനകളും വധശിക്ഷ നടപ്പാക്കാറുണ്ട്. ജനാധിപത്യ രാഷ്ട്രങ്ങൾ മിക്കവാറും അത് നിരോധിച്ചു കഴിഞ്ഞു. 
ഐക്യരാഷ്ട്ര സഭയും ശക്തമായി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഒരു മതവിശ്വാസവും കൊലയെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ അഹിംസയുടെ പ്രവാചകനെ രാഷ്ട്രപിതാവെന്നു വിളിക്കുന്ന, ബുദ്ധന്റെ നാടെന്ന് അഭിമാനിക്കുന്ന ഇന്ത്യയടക്കം പല രാഷ്ട്രങ്ങളും അത് ചെവികൊണ്ടിട്ടില്ല. ഇനിയെങ്കിലും ആ ദിശയിൽ ചിന്തിച്ചില്ലെങ്കിൽ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്ന നമ്മുടെ അഹങ്കാരത്തിന് അർത്ഥമില്ലാതാകും. പക്ഷേ പ്രമുഖ പാർട്ടികളിൽ സിപിഎം മാത്രമാണ് വധശിക്ഷക്കെതിരെ നിലപാടെടുത്തിരിക്കുന്നത്. പലപ്പോഴും അവരത് നടപ്പാക്കുന്നു എന്നത് വേറെ കാര്യം. 
ശിക്ഷയെയും ജയിലിനെയും കുറിച്ചുള്ള തെറ്റായ ധാരണകളും പലരും നിരന്തരമായി ആവർത്തിക്കുന്നു. ഗോവിന്ദച്ചാമി ജയിലിൽ സുഖിച്ച് ഭക്ഷണം കഴിച്ച് ജീവിക്കുന്നു എന്നത് ഒരു സ്ഥിരം ശൈലിയായിരിക്കുന്നു.  ജയിലിൽ അത്രക്കു സുഖമാണെങ്കിൽ ഇപ്പറയുന്നവർക്ക് എന്തെങ്കിലും ചെറിയ കുറ്റം ചെയ്ത് അവിടെ പോയി സുഖമായി ജീവിക്കാമല്ലോ. കുറ്റവാളിയായ ഒരാൾ സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുന്നത് മറ്റുള്ളവർക്ക് അപകടകരമായതിനാൽ അവനെ മാറ്റി പാർപ്പിക്കുക എന്നതാണ് ശിക്ഷ കൊണ്ടുദ്ദേശിക്കുന്നത്. അവന് സാമൂഹ്യ ജീവിതവും ചലന സ്വാതന്ത്ര്യവും  നിഷേധിക്കുക. അതു തന്നെയാണ് മരണത്തേക്കാൾ വലിയ ശിക്ഷ. അല്ലാതെ അവനു ഭക്ഷണം നൽകാതെ പട്ടിണിക്കിട്ട് കൊല്ലുകയല്ല. കൂടാതെ കുറ്റവാളിയെ മാറ്റിയെടുക്കലും  ഏതൊരു ശിക്ഷയുടെയും അടിസ്ഥാന ലക്ഷ്യം തന്നെയാണ്. പക്ഷേ ആ ലക്ഷ്യമൊന്നും നേടാവുന്ന നിലവാരം നമ്മുടെ നീതിന്യായ സംവിധാനത്തിനോ ജയിലുകൾക്കോ ഇല്ല എന്നത് ശരിയാണ്. ജയിലിൽ പോകുന്ന കുറ്റവാളി മിക്കപ്പോഴും കൊടുംകുറ്റവാളിയായാണ് പുറത്തു വരുന്നത്. 
മറ്റൊരു പ്രധാന വിഷയം കൂടി കാണാതെ വയ്യ. വധശിക്ഷക്കു വിധിക്കപ്പെടുന്നവരിൽ ഭൂരിഭാഗത്തിന്റെയും ജാതിയും മതവും വർഗവും പരിശോധിച്ചാൽ അവരിൽ ഉന്നതരുടെ എണ്ണം വളരെ കുറവാണെന്നു കാണാം.  കുറ്റവാളികളിൽ ഉന്നതർ കുറഞ്ഞിട്ടല്ല, അവർ പക്ഷേ കൊലക്കയറിലെത്തുന്നതിനു മുമ്പ് രക്ഷപ്പെടുന്നതാണ് അതിനു കാരണം. അത്തരത്തിലുള്ള സാമൂഹ്യ അന്തരീക്ഷമാണ് ഇവിടെ നിലനിൽക്കുന്നത്. അതനു കൈയടിക്കുന്നതാണ് നമ്മുടെ പൊതുബോധം. അല്ലെങ്കിൽ നോക്കൂ, ഉന്നാവയിൽ ഭയാനകമായി കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ പിതാവ് പറഞ്ഞത് തങ്ങൾക്ക് പോലീസിൽ നിന്ന് നീതി ലഭിച്ചില്ലെന്നും സ്‌റ്റേഷനിൽ നിന്ന് ആട്ടിയോടിച്ചു എന്നുമാണ്. ഹൈദരാബാദിൽ പോലീസ് ചെയ്തത് എന്താണെന്നു നാം കണ്ടു. ഇരു സംഭവങ്ങളുടെയും പ്രതികളുടെ സാമൂഹ്യ നിലവാരം പരിശോധിച്ചാൽ മാത്രം മതി മുകളിൽ പറഞ്ഞത് യാഥാർത്ഥ്യമെന്ന് ബോധ്യമാകാൻ. നമ്മളാകട്ടെ, നിയമം കൈയിലെടുത്ത പോലീസിന് കൈയടിക്കുന്നു. 
തീർച്ചയായും നിരവധി കുറ്റവാളികൾ രക്ഷപ്പെടുന്നുണ്ട്. ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടലുകളും അതിന് പോലീസും പ്രോസിക്യൂഷനുമെല്ലാം  ഒത്താശ ചെയ്യുന്നതും സാമ്പത്തികമടക്കമുള്ള കാരണങ്ങളാൽ ഉന്നത നീതിപീഠങ്ങളെ സമീപിക്കാൻ പലപ്പോഴും ഇരകൾക്ക് കഴിയാത്തതുമൊക്കെ അതിനു കാരണമാണ്. ഉദാഹരണം വാളയാർ തന്നെ.  ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ കരുതലും പലർക്കും സംശയത്തിന്റെ ആനുകൂല്യം ലഭിക്കാൻ കാരണമാണ്. കേസുകൾ അനന്തമായി നീളുന്നു എന്നതും ശരിയാണ്. തീർച്ചയായും ഇതിനെല്ലാം ദീർഘകാലാടിസ്ഥാനത്തിൽ തന്നെ പരിഹാരം കാണണം. അപ്പോഴും നിയമ വിരുദ്ധമായാലും ആരുടേതായാലും വേണ്ടില്ല, കണ്ണിന് കണ്ണ്, ജീവനു ജീവൻ എന്ന നമ്മുടെ പ്രാകൃതമായ ചിന്താഗതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Latest News