Sorry, you need to enable JavaScript to visit this website.
Saturday , August   15, 2020
Saturday , August   15, 2020

എയർ ഇന്ത്യ വരാൻ ഉത്സവ സീസൺ ഇനിയുമുണ്ടല്ലോ 

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് നടത്തിയ പ്രഖ്യാപനങ്ങളിലൊന്നാണ് എയർ കേരള വിമാനം തുടങ്ങുകയെന്നത്. വിഷുവിന് കേരളത്തിന്റെ സ്വന്തം വിമാനം ഗൾഫ് നാടുകളിലേക്ക് പറന്നു തുടങ്ങുന്നതോടെ പ്രവാസി മലയാളികളുടെ യാത്രാ പ്രശ്‌നമെല്ലാം തീരും. സ്‌കൂൾ അവധി പോലുള്ള സീസണുകളിലെ കൊള്ളക്ക് ഇതോടെ അറുതി വരുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. വിഷുവിന് പറന്നുയരുന്ന എയർ ഇന്ത്യാ വിമാനത്തെ രാഷ്ട്രീയ എതിരാളികൾ പരിഹസിക്കുന്നതാണ് പിന്നീട് കണ്ടത്. എല്ലാ വർഷവും വിഷുവുണ്ടല്ലോ. അതുകൊണ്ട് എപ്പോൾ വേണമെങ്കിലും എയർ കേരളക്ക് പറന്നു വന്ന് ഗൾഫ് മലയാളികളെ സേവിക്കാം. ഏതാണ്ട് ഈ പറഞ്ഞത് പോലെയായി എയർ ഇന്ത്യയുടെ ജിദ്ദ-കാലിക്കറ്റ് ജംബോ സർവീസ് പുനരാരംഭിക്കൽ. ഇക്കഴിഞ്ഞ ജൂണിന് ശേഷം പല തവണ ബ്രേക്കിംഗ് ന്യൂസായി വന്നതാണ് അടുത്ത മാസം ജിദ്ദ-കാലിക്കറ്റ് റൂട്ടിൽ വലിപ്പമേറിയ വിമാനം പറന്നു വരുമെന്ന്. കഴിഞ്ഞ മാസം വളരെ ആധികാരികമായി റിപ്പോർട്ട് വന്നു. ക്രിസ്മസ്-പുതു വർഷ സമ്മാനമായി എയർ ഇന്ത്യയുടെ വൈഡ് ബോഡി വിമാനം പറന്നിറങ്ങുമെന്ന്. നാട്ടിലെ കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷത്തിന് പങ്കെടുക്കാൻ പുറപ്പെടുന്നവർക്കും ചെറിയ അവധി ഉപയോഗപ്പെടുത്തി യാത്ര തിരിക്കുന്നവർക്കുമെല്ലാം നാനൂറിലേറെ പേർ യാത്ര ചെയ്യുന്ന എയർ ഇന്ത്യയുടെ വൈഡ് ബോഡി വിമാനത്തിൽ യാത്ര ചെയ്യാം. ഡിസംബർ 25 ന് വിമാനം പറന്നുയരുന്നുവെങ്കിൽ ഒരു മാസം മുമ്പെങ്കിലും ബുക്കിംഗ് തുടങ്ങേണ്ടതായിരുന്നു. അതിന്റെ ഒരു ലാഞ്ചനയും ഇപ്പോഴും കാണുന്നില്ല. എല്ലാ  വർഷവും ആഘോഷമുള്ളതിനാൽ ഏതെങ്കിലും കൊല്ലം ഇത് തുടങ്ങുമായിരിക്കും. കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ ഒളിച്ചു കളിക്കുമ്പോഴാണ് ഒരു വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ദമാമിലേക്ക് ഇന്ത്യയുടെ ബജറ്റ് എയർലൈനായ ഗോ എയർ അടുത്ത വാരത്തിൽ സർവീസ് തുടങ്ങുന്നത്. വലിയ കോലാഹലങ്ങളൊന്നുമില്ലാതെയാണ് ഈ വിമാനത്തിന്റെ വരവ്. അങ്ങനെയാണ് ആൺകുട്ടികൾ. കാര്യം നടത്തിക്കഴിയുമ്പോഴായിരിക്കും മറ്റുള്ളവർ വിവരമറിയുക. 
എയർ ഇന്ത്യയുടെ കാലിക്കറ്റ്-ജിദ്ദ സർവീസ് ഓരോ കാരണം പറഞ്ഞ് നീണ്ടു പോവുകയാണ്. ആഴ്ചയിൽ രണ്ടെന്ന നിലയ്ക്ക് സർവീസ് പുനരാരംഭിക്കാൻ ഇടക്ക് ധാരണയായതാണ്. 420 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനം കരിപ്പൂരിൽ രാവിലെ എത്തി വൈകുന്നേരം വരെ പാർക്ക് ചെയ്യുന്നത് നിമിത്തമുണ്ടാവുന്ന പ്രയാസത്തെ കുറിച്ചായി അടുത്ത സംവാദം. മൂന്ന് വിമാനങ്ങൾ പാർക്ക് ചെയ്യുന്ന അത്രയും സ്ഥലം എയർ ഇന്ത്യയുടെ ഭീമന് ആവശ്യമായി വരുമത്രേ. ഇത്രയും നേരം പാർക്ക് ചെയ്യുന്നതിന് പകരം ഇതിന് കാലിക്കറ്റ്-ദൽഹി സർവീസാക്കി പകൽ ഉപയോഗപ്പെടുത്തിയാൽ ലാഭകരമാവുമെന്നാണ് കണ്ടെത്തിയത്. കാലിക്കറ്റിൽ നിന്ന് ദൽഹിക്കു നേരിട്ട് ഫ്‌ളൈറ്റ് ഇല്ലാത്തതിന്റെ കുറവും പരിഹരിക്കാം. 
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് സൗദി അറേബ്യൻ എയർലൈൻസ് സർവീസ് പുനരാരംഭിച്ചിട്ട് ഒരു വർഷമായി.   കൂടുതൽ ലാഭകരമായ റൂട്ടാണെന്ന് തിരിച്ചറിഞ്ഞ സൗദിയ തുടക്കത്തിലുണ്ടായിരുന്നതിലും കൂടുതൽ വിമാന സർവീസുകൾ ഉൾപ്പെടുത്തുകയുണ്ടായി. ഈ റൂട്ടിന്റെ ഗുണം അനുജനും ലഭിച്ചോട്ടെയെന്ന് കരുതി സൗദി അറേബ്യയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈനാസും റിയാദ്-കാലിക്കറ്റ് റൂട്ടിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. വിസ്തൃതമായ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലെ വിമാനത്താവളങ്ങളിൽ നിന്നെല്ലാം ഫ്‌ളൈനാസ് കണക്ഷൻ ഏർപ്പെടുത്തിയിട്ടുണ്ടെന്നതാണ് സവിശേഷത. 
കരിപ്പൂരിൽ എയർ ഇന്ത്യയുടെ കൂടി വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുക വഴി മലബാർ മേഖലയിൽ വ്യവസായ, കാർഗോ, ടൂറിസം മുന്നേറ്റത്തിൽ കുതിപ്പുണ്ടാക്കാനാവും.  സൗദി അറേബ്യയിലെ ജിദ്ദയിലും മറ്റുമുള്ള പതിനായിരക്കണക്കിന് പ്രവാസി മലയാളികളുടെ യാത്ര എളുപ്പമാവുകയും ചെയ്യും. 
2015 ഏപ്രിൽ 30 നാണ്  റൺവേ അറ്റകുറ്റപ്പണിയുടെ പേരിൽ കോഴിക്കോട്ട് വലിയ വിമാനങ്ങളുടെ സർവീസ്  നിർത്തിയത്. കോഴിക്കോടിനെ തകർക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് ഇടക്കാലത്ത് അരങ്ങേറിയത്. സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകളുണ്ട്. ഏറ്റവുമൊടുവിൽ പ്രവർത്തനമാരംഭിച്ച കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വരെ ചെലവ് കുറഞ്ഞ വിമാന സർവീസ് ഇന്ത്യയുടെ പതാക വാഹകരായ എയർ ഇന്ത്യ ഏർപ്പെടുത്തിയിട്ടുണ്ട്. നല്ല കാര്യം. വാർഷിക അവധിക്ക് നാട്ടിൽ ചെല്ലാൻ കുടുംബ ബജറ്റിന്റെ താളം തെറ്റാത്ത വിധം ഏറ്റവും ചെലവ് കുറഞ്ഞ മാർഗമെന്ന നിലയിലാണ് ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്‌സ്പ്രസിന് ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്യാറുള്ളത്.  മാസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്തതായതിനാൽ ആകർഷകമായ നിരക്കിൽ ടിക്കറ്റ് ലഭിച്ചിരിക്കും. സാധാരണ വിമാനങ്ങളെ അപേക്ഷിച്ച് ബജറ്റിൽ പഞ്ചനക്ഷത്ര ഭക്ഷണം ലഭിക്കില്ല. ട്രാവൽ ഏജൻസികൾ മുഖേനയുള്ള ബുക്കിംഗ് ചാർജും ഹോട്ടൽ ബില്ലും  മറ്റും ചുരുക്കിയാണ് യാത്രക്കാർക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകാൻ ഇത്തരം വിമാന സർവീസുകൾക്ക് സാധിക്കുന്നത്. 
ഗൾഫ് നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വൈകുന്നതും മുടങ്ങുന്നതും പുതിയ കാര്യമല്ല. ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു പോകുന്ന ഉംറ തീർഥാടകർ വിമാനം രണ്ടും മൂന്നും ദിവസം വൈകി ഹോട്ടലിൽ കഴിയേണ്ടി വരുന്നതും ശീലമായി. പൊതുമേഖലാ സ്ഥാപനമായ  എയർ ഇന്ത്യയുടെ    ഏതെങ്കിലും വിമാനം കൃത്യത  പാലിക്കുന്നതായി ഈ കമ്പനി പോലും  അവകാശപ്പെടാറില്ല.  കൃത്യനിഷ്ഠ പാലിക്കുകയെന്നത് എയർ ഇന്ത്യക്ക് സാധിക്കാത്ത കാര്യമാണ്.  അബുദാബിയിൽ നിന്ന് കോഴിക്കോട്ടെത്തി മുംബൈക്ക് പറന്ന് ക്ഷീണം തീരുന്നതിന് മുമ്പ് ദുബായിക്ക് പോയി ദുബായിൽ നിന്ന് കോഴിക്കോട്ട വന്ന് വീണ്ടും പറന്ന് കഷ്ടപ്പെടുന്ന എയർ ഇന്ത്യാ വിമാനത്തിന് വിശ്രമിക്കാൻ നേരമെവിടെ? മെയ് ദിനം വന്നാലും ഓണം വന്നാലും പറക്കലോടു പറക്കൽ തന്നെ. 
എയർ ഇന്ത്യ  ദീർഘദൂര സർവീസുകൾക്ക് പോലും കാലാവധി കഴിഞ്ഞ വിമാനങ്ങൾ ഉപയോഗിക്കുന്നത് യാത്രക്കാരുടെ നെഞ്ചിടിപ്പേറ്റുന്നു. ബോയിംഗ്, എയർ ബസ് എന്നീ കമ്പനികളിൽ നിന്നാണ് എയർ ഇന്ത്യാ  വിമാനങ്ങൾ വാങ്ങിയത്. രാജ്യാന്തര സെക്ടറുകളിൽ സർവീസ് നടത്തുന്ന എയർ ഇന്ത്യയുടെ ഭൂരിഭാഗം വിമാനങ്ങളും ഈ ഗണത്തിൽ പെടുന്നു. ഇത്രയും കാലപ്പഴക്കമുള്ള വിമാനങ്ങൾ ലോകത്തൊരിടത്തും ആകാശ യാത്രക്ക് ഉപയോഗിക്കുന്നില്ല. 
വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കൽ, ബുക്ക് ചെയ്ത യാത്രക്കാരെ ഓഫ് ലോഡ് ചെയ്യൽ തുടങ്ങിയ ദ്രോഹങ്ങൾ തുടരുകയാണ്. പലപ്പോഴും യാത്രക്കാർക്ക് മതിയായ താമസ സൗകര്യം പോലും ഒരുക്കാറില്ല. ഉപഭോക്തൃ സംസ്‌കാരം ശക്തമായ ഒരു പരിഷ്‌കൃത സമൂഹത്തിലും ഈ പരിപാടി നടക്കില്ല. ലക്ഷങ്ങളും കോടികളും നഷ്ടപരിഹാരം ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘങ്ങൾ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചാൽ എയർ ഇന്ത്യ വിവരമറിയും. ടിക്കറ്റ് വാങ്ങി യാത്ര ചെയ്യുന്നവർ ഉപഭോക്താവിന്റെ നിർവചനത്തിലുൾപ്പെടുമെന്നത് വിമാന കമ്പനി അധികൃതർ അറിയാതിരിക്കാനിടയില്ല.
കോഴിക്കോട് വിമാനത്താവള പരിധിയിലെ ജനപ്രതിനിധികൾ അൽപം ഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്യുന്നത് നല്ലതാണ്. മണ്ണും ചാരി നിന്നവൻ എന്തോ ഒപ്പിച്ചത് പോലെയാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ശൈശവ കാലത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നത്. ദമാമിലേക്ക് ഗോ എയർ തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ച വേളയിൽ മറ്റൊരു ഇന്ത്യൻ വിമാന കമ്പനി കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് സർവീസ് തുടങ്ങാൻ  ആലോചിക്കുന്ന കാര്യവും പുറത്ത് വന്നിരുന്നു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ധാരണ പ്രകാരം ലഭിച്ച കൂടുതൽ സീറ്റുകൾ കണ്ണൂരിലേക്ക് മാറ്റാനും ശ്രമമുണ്ട്. കാലിക്കറ്റിൽ തുടങ്ങാൻ വിഷമമുള്ള ഏത് വിദേശ സർവീസിനേയും മനസ്സറിഞ്ഞ് സ്വീകരിക്കാൻ മട്ടന്നൂരിലെ കിയാൽ എപ്പോഴേ റെഡി. 

Latest News