ന്യൂദൽഹി- ബലാത്സംഗ തലസ്ഥാനം എന്ന പരാമർശത്തിൽ മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്തുസംഭവിച്ചാലും മാപ്പ് പറയില്ലെന്നും രാഹുൽ വ്യക്തമാക്കി. ഇന്ത്യയെ ആദ്യം റേപ്പ് കാപിറ്റൽ എന്ന് വിളിച്ചത് മോഡിയാണെന്നും ഇതിന് തെളിവായി മോഡിയുടെ പഴയ പ്രസംഗത്തിന്റെ വീഡിയോയും രാഹുൽ ട്വീറ്റിനൊപ്പം ചേർത്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും രാഹുൽ പറഞ്ഞു.
മോഡിയാണ് മാപ്പ് പറയേണ്ടത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തീപടർത്തിയതിന് ,ഇന്ത്യയുടെ സാമ്പത്തിരംഗം തകർത്തത്തിന്, ദൽഹിയെ റേപ്പ് കാപിറ്റൽ എന്ന് വിളിച്ചതിന് എന്നും രാഹുൽ ആവശ്യപ്പെട്ടു.
മേക്ക് ഇൻ ഇന്ത്യയെ കുറിച്ച് മോഡി വാചാലനാകുന്നു. എന്നാൽ നമ്മൾ പത്രം തുറന്നുനോക്കുമ്പോൾ കാണുന്നത് ഇന്ത്യയിൽ നടക്കുന്ന ബലാത്സംഗങ്ങളെ കുറിച്ചുള്ള വാർത്തകളാണ്. ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ബലാത്സംഗ വാർത്തകൾ മാത്രമാണ് പുറത്തുവരുന്നത്. ഇക്കാര്യമാണ് ഞാൻ പറഞ്ഞത്. രാഹുൽ വ്യക്തമാക്കി.
ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയെ 'റേപ്പ് കാപിറ്റൽ' എന്ന് രാഹുൽ വിളിച്ചതിനെതിരെ സ്്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ബി.ജെ.പിയുടെ വനിതാ എം.പിമാർ സഭയിൽ പ്രതിഷേധിച്ചിരുന്നു.
ഇന്ത്യയിലെ സ്ത്രീകൾ ലൈംഗികമായി ആക്രമിക്കപ്പെടണമെന്ന് ആദ്യമായായിരിക്കും ഒരു നേതാവ് കാഹളം മുഴക്കുകയെന്ന് സ്മൃതി ഇറാനി ആരോപിച്ചു. രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങൾക്കു നൽകുന്ന സന്ദേശമാണോ ഇതെന്നും അവർ ചോദിച്ചു. രാഹുലിനെ ശിക്ഷിക്കണമെന്നും മാപ്പ് പറയണമെന്നുമായിരുന്നു അവർ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രാഹുൽ രംഗത്തെത്തിയത്. രാഹുലിനെ അനുകൂലിച്ച് കനിമൊഴി എം.പി രംഗത്തെത്തിയിരുന്നു.