ബംഗ്ലാദേശ് മന്ത്രിമാര്‍ക്കു പിന്നാലെ ജപ്പാന്‍ പ്രധാനമന്ത്രിയും ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കുന്നു

ന്യൂദല്‍ഹി- ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുമെന്ന് ജപ്പാനിലെ ജിജി പ്രസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ചയാണ് ആബെ ഇന്ത്യാ സന്ദര്‍ശനം ആരംഭിക്കേണ്ടിയിരുന്നത്. ആബെയും മോഡിയും തമ്മിലുള്ള ഉച്ചകോടിക്ക് അസമിലെ ഗുവാഹത്തിയിലാണ് വേദി നിശ്ചയിച്ചിരുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അസമില്‍ പ്രതിഷേധം കത്തുന്ന പശ്ചാത്തലത്തിലാണ് ആബെയുടെ പര്യടനം റദ്ദാക്കുന്നത്.
പുതിയ സാഹചര്യത്തില്‍ ബംഗ്ലാദേശ് വിദേശ മന്ത്രി എ.കെ. അബ്ദുല്‍ മോമെനും ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാനും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി ഇന്നാണ് മേഘാലയ സന്ദര്‍ശിക്കേണ്ടിയിരുന്നത്.

കഴിഞ്ഞ രണ്ടുദിവസമായി ആയിരങ്ങളാണ് അസമില്‍ പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങിയിരിക്കുന്നത്. ജപ്പാന്‍ പ്രാധനമന്ത്രി ആബേക്ക് സ്വാഗതമോതി സെന്‍ട്രല്‍ ഗുവാഹത്തിയില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു.

 

Latest News