Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്രയിൽ ശിവസേനക്ക്  ആഭ്യന്തരം, എൻ.സി.പിക്ക് ധനകാര്യം

മുംബൈ - മഹാരാഷ്ട്രയിൽ ശിവസേന, എൻ.സി.പി കോൺഗ്രസ് സർക്കാരിലെ മന്ത്രിമാർക്ക് വകുപ്പുകളായി. സുപ്രധാനമായ ആഭ്യന്തര വകുപ്പ് ശിവസേനക്കുതന്നെയാണ്. സേനയിലെ ഏക്‌നാഥ് ഷിൻഡേയാവും പുതിയ ആഭ്യന്തര മന്ത്രി. എൻ.സി.പിയുടെ ജയന്ത് പാട്ടീലാണ് ധനകാര്യമന്ത്രി. കോൺഗ്രസിന് റവന്യു, പൊതുമരാമത്ത് വകുപ്പുകൾ നൽകി.


ആഭ്യന്തരത്തിനുപുറമെ ഷിൻഡേക്ക് വനം, ടൂറിസം, പൊതുമേഖലാ സ്ഥാപനങ്ങൾ, ജലവിതരണം, ജല സംരക്ഷണം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളും നൽകിയിട്ടുണ്ട്. ജയന്ത് പാട്ടീലിന് ധനകാര്യത്തിനുപുറമെ, ആസൂത്രണം, ഭവനനിർമാണം, പൊതുജനാരോഗ്യം, സഹകരണം, സിവിൽ സപ്ലൈസ്, തൊഴിൽ, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകളും നൽകി. കോൺഗ്രസിലെ ബാലാസാഹിബ് തോറാത്താണ് പുതിയ റവന്യൂ മന്ത്രി.  ഇതിനുപുറമെ ഊർജം, മെഡിക്കൽ വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ഫിഷറീസ് എന്നീ വകുപ്പുകളുമുണ്ട്.
മറ്റൊരു കോൺഗ്രസ് മന്ത്രിയായ നിതിൻ റൗത്തിനാണ് പൊതുമരാമത്ത് വകുപ്പ്. ഇതിനുപുറമെ ടെക്‌സ്റ്റൈൽസ്, വനിതാ ശിശുക്ഷേമം, ട്രൈബൽ വെൽഫെയർ തുടങ്ങിയ വകുപ്പുകളും നൽകി.
ശിവസേനയിലെ സുഭാഷ് ദേശായിക്ക് വ്യവസായം, ഉന്നത സാങ്കേതിക വിദ്യാഭ്യാസം, സ്‌പോർട്‌സ്, യുവജന കാര്യ വകുപ്പുകളാണ് നൽകിയത്.


എൻ.സി.പിയിലെ ഛഗൻ ഭുജ്ബലിന് ഗ്രാമ വികസനം, സാമൂഹിക നീതി വകുപ്പുകൾ നൽകി. മന്ത്രിമാർക്ക് അനുവദിച്ചിട്ടില്ലാത്ത മറ്റ് വകുപ്പുകളെല്ലാം മുഖ്യമന്ത്രി ഉദ്ധവ് താക്കറേക്കായിരിക്കും. മന്ത്രിസഭ വികസിപ്പിക്കുമ്പോൾ ഇപ്പോൾ മന്ത്രിമാർക്ക് നൽകിയിരിക്കുന്ന വകുപ്പുകൾ, അതത് കക്ഷികളിലെ പുതിയ മന്ത്രിമാർക്ക് വീതിച്ചുനൽകും.

 

Latest News