Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയുടെ ഗെയിം പ്ലാനിൽ വടക്കുകിഴക്കിന് ആശങ്ക

അസമിലെ ഗുവാഹതിയിൽ ദേശീയ പൗരത്വ ബില്ലിൽ പ്രതിഷേധിക്കുന്നവർക്കെതിരെ സുരക്ഷാ  ഉദ്യോഗസ്ഥൻ കണ്ണീർവാതകം പ്രയോഗിക്കുന്നു.

ഗുവാഹതി - ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ദേശീയ പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ഓരോ ദിവസവും രൂക്ഷമാവുകയാണ്. കൂടുതൽ സൈന്യത്തെ വിന്യസിച്ചും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ വിഛേദിച്ചും പ്രതിഷേധക്കാരെ നേരിടാൻ കേന്ദ്ര സർക്കാർ തുനിയുമ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര ഗ്രാമങ്ങളിൽ വരെ ജനം തെരുവിലിറങ്ങുകയാണ്. ഇന്നലെ പോലീസ് വെടിവെയ്പിൽ മൂന്ന് പേർ മരിക്കുകയും ചെയ്തു.


ദേശീയ പൗരത്വ ബിൽ ഇന്ത്യയിലെ ജനങ്ങളെ രണ്ടാം വിഭജിക്കുന്നതാണെന്ന് പറഞ്ഞ് രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ പ്രതിഷേധം നിലനിൽക്കുന്നതെങ്കിൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജനങ്ങളുടെ ആശങ്ക, സ്വന്തം ഭാഷയും സംസ്‌കാരവുമെല്ലാം അന്യം നിന്നുപോകുമെന്നാണ്. 
വാസ്തവത്തിൽ വടക്കുകിഴക്കൻ മേഖലയിൽ സ്ഥിരമായി ആധിപത്യം നേടാനും, ഒപ്പം രാജ്യത്തെ ഹിന്ദു മനസ്സിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനും വേണ്ടിയുള്ള ബി.ജെ.പിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഗെയിം പ്ലാനാണ് പൗരത്വ ഭേദഗതി ബിൽ. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ അയൽ രാജ്യങ്ങളിൽനിന്ന് മതപരമായ പീഡനം മൂലം അഭയം തേടി ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ മതവിഭാഗക്കാർക്ക് പൗരത്വം നൽകാൻ അവസരമൊരുക്കുന്നതാണ് പൗരത്വ ബിൽ. സാധാരണഗതിയിൽ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് മേൽക്കോയ്മയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്തരമൊരു ബില്ലിനെതിരെ പ്രതിഷേധം ഉയരേണ്ടതല്ല. എന്നാൽ അമിത് ഷായുടേത് കുറുക്കൻ തന്ത്രമാണെന്ന് മനസ്സിലായതോടെയാണ് അവിടങ്ങളിലെ ഭൂരിപക്ഷ വിഭാഗങ്ങൾതന്നെ ബില്ലിനെതിരെ രംഗത്തെത്തിയത്.


നിലവിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നും, ബംഗ്ലാദേശിൽനിന്നുമായി കുടിയേറിയ ലക്ഷണക്കിനാളുകൾ അസമിലും ഇതര വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ്. ഇവർക്ക് നിലവിൽ ഇന്ത്യൻ പൗരത്വമില്ല. അസമിൽ ഈയിടെ പുറത്തുവിട്ട പൗരത്വ പട്ടികയിൽനിന്ന് ഒഴിവായ 19 ലക്ഷം പേരിൽ 16 ലക്ഷവും ഹിന്ദുക്കളായിരുന്നു. സമാന സാഹചര്യമാണ് മറ്റ് സംസ്ഥാനങ്ങളിലും നിലനിൽക്കുന്നത്. ഇങ്ങനെയുള്ള ഹിന്ദു കുടിയേറ്റക്കാർക്ക് പൗരത്വവും വോട്ടവകാശവും നൽകുന്നതുവഴി അവരുടെ പിന്തുണയോടെ വരുന്ന തെരഞ്ഞെടുപ്പുകളിൽ ഈ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിക്ക് ആധിപത്യം ഉറപ്പിക്കാനാവുമെന്ന് അമിത് ഷാ കരുതുന്നു. എന്നാൽ ഇത്തരത്തിൽ കുടിയേറ്റക്കാർക്ക് പൗരത്വം നൽകിയാൽ അവർ തങ്ങളെ ജനസംഖ്യയിൽ പിന്തള്ളുമെന്നാണ് ഹിന്ദുക്കൾ തന്നെയായ തദ്ദേശീയ ഗോത്രവിഭാഗങ്ങളുടെ ഭയം. അതാണ് അവരെ ബില്ലിനെതിരെ തെരുവിലിറങ്ങാൻ പ്രേരിപ്പിക്കുന്നതും.

 

 

Latest News