Sorry, you need to enable JavaScript to visit this website.

ജിദ്ദ അന്താരാഷ്ട്ര  ബുക്ക്‌ഫെയറിന് തുടക്കം

അഞ്ചാമത് ജിദ്ദ അന്താരാഷ്ട്ര ബുക്ക്‌ഫെയർ ഖാലിദ് അൽഫൈസൽ രാജകുമാരൻ ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ - അഞ്ചാമത് ജിദ്ദ അന്താരാഷ്ട്ര ബുക്ക്‌ഫെയർ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ ഉദ്ഘാടനം ചെയ്തു. ജിദ്ദ ഗവർണർ മിശ്അൽ ബിൻ മാജിദ് രാജകുമാരൻ, മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ, മക്ക ഗവർണറുടെ ഉപദേഷ്ടാവ് സൗദ് ബിൻ അബ്ദുല്ല ബിൻ ജലവി രാജകുമാരൻ എന്നിവർ സന്നിഹിതരായിരുന്നു. സാംസ്‌കാരിക, മാധ്യമ മേഖലകളിൽ നിസ്തുല സംഭാവനകൾ അർപ്പിച്ച മൂന്നു പേരെ ചടങ്ങിൽ വെച്ച് മക്ക ഗവർണർ ആദരിച്ചു. ഡോ. ഹാശിം അബ്ദു ഹാശിം, അടുത്തിടെ അന്തരിച്ച സാഹിത്യകാരൻ അബ്ദുൽ ഫത്താഹ് അബൂമുദീൻ, പ്രശസ്ത എഴുത്തുകാരൻ മിശ്അൽ ബിൻ മുഹമ്മദ് അൽസുഹൈമി എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. 


ഉദ്ഘാടന ചടങ്ങിനു ശേഷം ബുക്ക്‌ഫെയറിലെ പവിലിയനുകൾ ഖാലിദ് അൽഫൈസൽ രാജകുമാരൻ നടന്നു കണ്ടു. നാൽപതു രാജ്യങ്ങളിൽ നിന്നുള്ള 400 പ്രസാധനാലയങ്ങൾ ബുക്ക്‌ഫെയറിൽ പങ്കെടുക്കുന്നുണ്ട്. ജിദ്ദ ബുക്ക്‌ഫെയർ വൻ വിജയമാണെന്ന് ജിദ്ദ ഗവർണറും ബുക്ക്‌ഫെയർ സംഘാടന കമ്മിറ്റി ചെയർമാനുമായ മിശ്അൽ ബിൻ മാജിദ് രാജകുമാരൻ പറഞ്ഞു. കഴിഞ്ഞ നാലു വർഷങ്ങൾക്കിടെ 22,61,000 പേർ ജിദ്ദ ബുക്ക്‌ഫെയർ സന്ദർശിച്ചിട്ടുണ്ട്. 50 രാജ്യങ്ങളിൽ നിന്നുള്ള 1820 പ്രസാധകർ ജിദ്ദ ബുക്ക്‌ഫെയറിൽ ഇതിനകം പങ്കാളിത്തം വഹിക്കുകയും ചെയ്തു. 
ദക്ഷിണ അബ്ഹുറിൽ ലാന്റ് ഓഫ് ഇവന്റ്‌സിൽ നടക്കുന്ന ബുക്ക്‌ഫെയർ പത്തു ദിവസം നീണ്ടുനിൽക്കും. 30,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ബുക്ക്‌ഫെയർ നഗരിയിൽ മൂന്നര ലക്ഷത്തിലേറെ ശീർഷകങ്ങളിലുള്ള പുസ്തകങ്ങളുണ്ട്. ബുക്ക്‌ഫെയറിനോടനുബന്ധിച്ച് സെമിനാറുകളും നാടകങ്ങളും പ്രഭാഷണങ്ങളും ഡോക്യുമെന്ററി പ്രദർശനവും ശിൽപശാലകളും അടക്കം 50 ലേറെ വൈവിധ്യമാർന്ന പരിപാടികളും അരങ്ങേറും. തങ്ങളുടെ കൃതികളുടെ കോപ്പികൾ ഒപ്പുവെച്ചു നൽകുന്നതിന് 200 ലേറെ രചയിതാക്കളും എഴുത്തുകാരും ബുക്ക് സൈനിംഗ് പ്ലാറ്റ്‌ഫോമുകളിൽ പുസ്തക പ്രേമികളെ വരവേൽക്കും. 

 

Latest News