Sorry, you need to enable JavaScript to visit this website.
Saturday , September   26, 2020
Saturday , September   26, 2020

ലീവ് വേക്കൻസിയും ഉള്ളിയും അച്ചടക്കവും

ഉള്ളി വില ഇനി എങ്ങോട്ട് എന്ന പേരിൽ ചർച്ച, സിമ്പോസിയം, ക്യാമ്പ് എന്നിവ ഇഷ്ടം പോലെ സംഘടിപ്പിക്കാനുള്ള സുവർണാവസരമാണ് പ്രതിപക്ഷത്തിന് കിട്ടിയിരിക്കുന്നത്. ഉള്ളി സംഭരിക്കാൻ പ്രത്യേക സംവിധാനങ്ങൾ കേന്ദ്ര സർക്കാറിനില്ലെന്ന് ഉള്ളി കണ്ണിൽ തേക്കാതെ തന്നെ കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാൻ തുറന്നു പറഞ്ഞതു നന്നായി. ഉള്ളി വെജിറ്റബിളാണോ, 'നോൺ' ആണോ എന്ന വിഷയം ആദ്യം ജനമധ്യത്തിലെറിഞ്ഞു കൊടുത്തത് ധനമന്ത്രി നിർമല സീതാരാമൻ. അവർക്ക് ധനകാര്യമോ സാമ്പത്തികമോ അറിയില്ലെന്ന് 104 ദിവസത്തെ ജയിൽ വാസം കഴിഞ്ഞ് പി. ചിദംബരം കണ്ടുപിടിച്ചു. അതിനുള്ള മറുപടിയാണ് നിർമലാജി നൽകിയത്.

ബി.ജെ.പിയുടെ ഭരണ നയമനുസരിച്ച് അങ്ങനെ മാത്രമേ മറുപടി പറയാവൂ. ബലാത്സംഗക്കേസാണ് ചോദ്യ വിഷയമെങ്കിൽ, സംശയിക്കേണ്ട, മറുപടി ചന്ദ്രയാൻ-5 നെക്കുറിച്ചായിരിക്കും. ഏതായാലും താൻ അധികം ഉള്ളി കഴിക്കാറില്ലെന്ന് ധനമന്ത്രി പറഞ്ഞതോടെ ഉറപ്പായി, വില താഴേക്കു പതിക്കും, കാറ്റുപോയ ബലൂൺ പോലെ. ഇന്ത്യയിലെ സാധാരണ ജനങ്ങൾ മന്ത്രിയുടെ ആരാധകരായതിനാൽ ഇനി ഉള്ളിക്ക് കഷ്ടകാലമാണ് വരാൻ പോകുന്നത്. വിവാഹലോചനകൾ നടക്കുന്നിടത്ത് പൂരിയും ഉള്ളിക്കറിയും വിളമ്പി പ്രൗഡി കാട്ടിയിരുന്ന കാലമൊക്കെ പോയി. അച്ഛന് ഉള്ളിക്കൃഷിയുണ്ടോ എന്നു ചോദിക്കുന്ന യുവാക്കളെ തിരസ്‌കരിക്കാൻ ഉത്തരേന്ത്യൻ യുവതികൾ ഒരുമ്പെടുന്നുവെന്നാണറിവ്.

****                     ****                      ****

അവധി പല തരമുണ്ട്. കാഷ്വൽ ലീവ്, ഏൺഡ് ലീവ്, ഹാഫ്‌പേ ലീവ്, ലോസ് ഓഫ് പേ ലീവ് ഇവയിൽ ഏതാണ് കോടിയേരി ബാലകൃഷ്ണൻ സഖാവിന്റെ അവധി? ഈയടുത്ത കാലത്തായി ഒന്നിലും വ്യക്തതയില്ലാത്ത അവസ്ഥയിലൂടെ കടന്നുപോകുകയാണ് അദ്ദേഹത്തിന്റെ പാർട്ടി. ശബരിമല കയറ്റിറക്കത്തിലെ സുപ്രീം കോടതി വിധിയും ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ അവാർഡും യൂനിവേഴ്‌സിറ്റി കോളേജിലെ ഗുണ്ടാവിളയാട്ടവുമെല്ലാം ആ ഗണത്തിൽ പെടുന്നു. ഒന്നിനും വ്യക്തത പോരാ…..
സഖാവ് കോടിയേരിക്ക് വയസ്സ് അറുപത്തിയാറ്. ഒരു സമകാലീന കമ്യൂണിസ്റ്റ് സഖാവിന് ആ പ്രായം യുവജന ഫെഡറേഷനിൽ ചുറ്റിക്കളിക്കാൻ ധാരാളം മതിയാവും. പക്ഷേ, പാർട്ടിക്ക് യുവരക്തത്തോടു വല്ലാത്ത കമ്പമായിരുന്നതിനാൽ നാലു കൊല്ലം മുമ്പ് യുവാവായിരുന്ന സഖാവിനെ പിടിച്ചു ബന്ധനസ്ഥനാക്കി സംസ്ഥാന സെക്രട്ടറിയാക്കിക്കളഞ്ഞു. അങ്ങനെയാണ് പിണറായി വിജയൻ വിമോചിതനായതും മുഖ്യമന്ത്രിയായതും. അതിനൊക്കെ വളമിട്ടു കൊടുത്തതാകട്ടെ യു.ഡി.എഫും. കോൺഗ്രസ്, കേരളാ കോൺഗ്രസ് എന്നിവയുടെ തമ്മിലടിയും കൊട്ടാരക്കരയിലെ രണ്ടു കൊമ്പനാനകളും സരിത എസ്. നായർ എന്ന മോഴയും അതിൽ വഹിച്ച പങ്ക് അറിയാത്തവരില്ല. ഉണ്ടെങ്കിൽ അവർക്ക് മന്ദബുദ്ധിയെന്ന പേരു നൽകി ചുമലിലേറ്റണം.


വിദ്യാർഥി സമരങ്ങളില്ലാത്തതിന്റെ കുറവ് കുട്ടിക്കാലം മുതൽക്കേ കോടിയേരി പരിഹരിച്ചു വന്നിരുന്നു. മക്കൾക്കു മീശ മുളച്ചതോടെ അവരും പിതാവിനെ സഹായിക്കാനിറങ്ങി. കേരളം മൊത്തം സമരതാണ്ഡവമാടിയ ശേഷം ഇന്ന് പിതാവ് സഖാവ് ചികിത്സാർഥം സ്ഥലം വിടുന്നു. യൂനിവേഴ്‌സിറ്റി കോളേജും കേരളാ യൂനിവേഴ്‌സിറ്റി ഓഫീസും കൂടി പിടിച്ചെടുത്ത് എ.കെ.ജി സെന്ററിനോടു ചേർക്കാൻ പടയൊരുക്കുന്നതിനിടക്കാണ് സഖാവിന് അമേരിക്കയിൽ പോകേണ്ടിവന്നത്. വാളും പരിചയും ആരെ ഏൽപിക്കണമെന്നത് ഒരു ഗുരുതരമായ പ്രശ്‌നമായി. എവൈലബിൾ പി.ബി ദില്ലിയിലും, പതിവ് അന്തിയുറക്കക്കാരായ അംഗങ്ങൾ എ.കെ.ജി സെന്ററിലും യോഗം ചേർന്നു. ഫലമുണ്ടായില്ല. 'പാർട്ടി സെന്റർ'- എന്നൊരു കേന്ദ്രമുള്ളതായി അന്നേരമാണ് യോഗികൾക്ക് (യോഗത്തിൽ പങ്കെടുന്നവർ എന്നർഥം) വെളിപാടുണ്ടായത്. അവിടെ മേൽക്കൈ എം.വി. ഗോവിന്ദനാണ് എന്നോർത്തപ്പോൾ യോഗം മൊത്തമായി തന്നെ ഞെട്ടിവിറച്ചു. ഭക്തജനങ്ങളെ കൈപിടിച്ച് മലകയറ്റുമെന്ന് പാർട്ടി പത്രാധിപരായിരിക്കേ പ്രഖ്യാപിച്ച ശിങ്കമാണ് സഖാവ്. അദ്ദേഹത്തെ സെക്രട്ടറിയുടെ പേനയും മേശയും ഫയലുകളുമൊക്കെ ഏൽപിച്ചാൽ ഇനി തീർഥാടന കാലമായതിനാൽ സൂക്ഷിക്കണം. ഒരു പ്രസ്താവനയുടെ മാനക്കേട് ഇതുവരെ മാറിയിട്ടില്ല. ചുരുക്കത്തിൽ കോടിയേരി റിമോർട്ട് കൺട്രോളും വീഡിയോ കോൺഫറൻസും വഴി പാർട്ടിയെ നയിക്കും. കാലം മാറുകയല്ലേ!

****                        ****                    ****

ഉന്നത വിദ്യാഭ്യാസ വകുപ്പും അതിനൊരു പ്രത്യേക മന്ത്രിയും എന്ന വിപ്ലവകരമായ നടപടി എൽ.ഡി.എഫിന്റെ സംഭാവനയാണ്. ഇനി അബദ്ധവശാൽ ഭാവിയിലെങ്ങാനും യു.ഡി.എഫ് ജയിച്ചാലും ആ ഒറ്റ വകുപ്പു കൊണ്ട് ഏതെങ്കിലും ഒരു അത്യാഗ്രഹിയെ തൃപ്തിപ്പെടുത്താം. വിദ്യാഭ്യാസ വകുപ്പ് ഇന്ന് ഭരിക്കുന്ന രവീന്ദ്രനാഥിന്റെ കുടുംബത്തിന് സ്വന്തമായി സ്‌കൂളുമുണ്ടായിരുന്നുവത്രേ! അതാണ് സഖാവിനെ ഒതുക്കി സാദാ മന്ത്രിയാക്കിയത്? ജലീലാകട്ടെ കോളേജ് അധ്യാപകൻ. ലീഗിൽ നിന്നു ചാടി ഇടതുമുന്നണിയിലെത്തി.  അപ്പോൾ അതിനുസരിച്ച് ആദരവു നൽകണം. അങ്ങനെ ഉന്നത വിദ്യാഭ്യാസം തന്നെയായി. ഇപ്പോഴും മാഷ് അധ്യാപക മുറിയിലിരുന്ന് ഓരോ കുട്ടിയുടെയും റെക്കോർഡ് ബുക്ക് പരിശോധിക്കുന്ന ഓർമയിലാണ്. നേരം പുലരുമ്പോൾ ഓരോ സർവകലാശാലയുടെയും ഫയലുകൾ വിളിച്ചു വരുത്തണം എന്നൊരു നിർബന്ധം. അതിനാണ് അദാലത്ത് എന്നൊരു പേരിട്ടത്. മന്ത്രി ഒരിക്കലും രംഗത്തുണ്ടാവില്ല.

എന്നാൽ എല്ലാം സംവിധാനം ചെയ്യും. അദ്ദേഹം പണ്ട് ഉദയാ സ്റ്റുഡിയോയിൽ കുഞ്ചാക്കോ സിനിമ സംവിധാനം ചെയ്യുന്നതു കാണാൻ പോയി ശീലമുണ്ടായിരിക്കാം. ചാക്കോച്ചനെ അവിടെ കണ്ടെത്താൻ മഷിനോട്ടം വേണം. എന്നാൽ ഷൂട്ടിംഗിനിടക്ക് ആ ശബ്ദം മുഴങ്ങുകയും ചെയ്യും. സാങ്കേതിക സർവകലാശാലയിലാണ് മന്ത്രി ഷൂട്ടിംഗ് നടത്തിയത്. 'എന്റെ മാർക്കുദാന സ്മരണകൾ' എന്ന പേരിൽ അദ്ദേഹത്തിന് ഒരു പുസ്തകമെഴുതാം. അത്രക്ക് സംഭവ ബഹുലമായ കാര്യങ്ങൾ. ഗവർണർ ഒറ്റ ഹിയറിംഗിലൂടെ മന്ത്രിയുടെ അദൃശ്യ മാർക്ക് ദാനം റദ്ദാക്കിയാൽ അത് ക്ലൈമാക്‌സായി പുസ്തകത്തിൽ ചേർക്കാം. ഇവയെല്ലാം ഒരു 'ഡോക്യു ഫിക്ഷനാ'യോ  ഷോർട്ട് ഫിലിമായോ എടുത്താലും ഭാവിയുണ്ട്. കൊച്ചും വലുതുമായി നൂറ്റമ്പതിലേറെ ഫെസ്റ്റിവലുകൾ നടക്കുന്ന വേദിയാണ് ഈ ഭൂലോകം. എവിടെ നിന്നെങ്കിലും ഒരു അവാർഡ് തരപ്പെടാതെ പോകില്ല. മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന ശ്രുതി മാത്രം ശ്രദ്ധിക്കണം. ജലീലിനെ ഒഴിവാക്കാൻ വേണ്ടിയെങ്കിലും മറ്റു സഖാക്കൾ അതു ചെയ്യും. മന്ത്രിയാകാൻ വേണ്ടി മാത്രം പുരനിറഞ്ഞു നിൽക്കുന്ന അനേകം സഖാക്കളുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ അങ്ങനെ പ്രായപൂർത്തിയായിട്ടും കാര്യമൊന്നുമില്ലല്ലോ!

****                             ****                      ****

ഒട്ടും മര്യാദയില്ലാതെ കോൺഗ്രസ് യോഗങ്ങളിൽ വിമർശിച്ചു നടന്നവരാണ് ഡീൻ കുര്യാക്കോസും ടി.എൻ. പ്രതാപനും. ഹൈക്കമാന്റ് അന്നു തന്നെ നോട്ടമിട്ടിരുന്നു. രണ്ടു പേരെയും അച്ചടക്ക മര്യാദ പഠിപ്പിക്കണം. പിടിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിർത്തി. ജനം ചതിച്ചു. അവരെ ജയിപ്പിച്ചുവിട്ടു 'പിള്ളേരെ ഇനി ആരുണ്ട് ഒന്നു വരുതിക്കു നിർത്താൻ' എന്നു നേതൃത്വം മനംനൊന്ത് കഴിയുമ്പോഴാണ് ഉന്നാവ് സംഭവം വന്നെത്തിയത്. രണ്ടുപേരും മാമാങ്കത്തിനിറങ്ങി. പുത്തൻ പടത്തിന്റെ ട്രെയിലർ കണ്ടിരിക്കാം. പക്ഷേ ലോക്‌സഭ കെ.പി.സി.സിയല്ല. അവിടെ രണ്ടും കൽപിച്ച് ആസനസ്ഥരായിട്ടുള്ള വനിതകളുടെ ഒരു പട തന്നെയുണ്ട്.

ഇന്ന് ഡീൻ - പ്രതാപന്മാരെ നിർത്തി 'ഫ്രൈ'യാക്കുന്ന മന്ത്രി സ്മൃതി ഇറാനിയെയും കൂട്ടരെയും കണ്ട് പ്രധാനമന്ത്രിജി പോലും അമ്പരക്കുന്നു! രണ്ടു പയ്യന്മാരെയും സസ്‌പെന്റ് ചെയ്തു പടികടത്തണമെന്ന് ഭരണ കക്ഷിയും നടപ്പില്ലെന്ന് കൊടിക്കുന്നിലെ ചീഫ് വിപ്പും. 'മാറ്റുരയ്ക്കുന്നു'വെന്ന പ്രയോഗം അന്യംനിന്നു പോയിട്ടില്ലെന്ന് സംഭവം തെളിയിക്കുന്നു. ലോക്‌സഭയിൽ നടന്ന അത്യന്തം സംഭ്രമജനകമായ സംഭവങ്ങൾ പുറത്തു വരുന്നതേയുള്ളൂ. അതിലൊന്നാണ് പ്രതിപക്ഷ പിള്ളേർ കൈ ചൂണ്ടി സംസാരിച്ചുവെന്ന കുറ്റം. പാർലമെന്റ് നിയമം, പീനൽ കോഡ്, സിവിൽ കോഡ് തുടങ്ങി ഏതു വകുപ്പനുസരിച്ചും ജീവപര്യന്തം വിധിക്കാം. എന്നാൽ ഭരണകക്ഷിക്ക് ഇതു ബാധകമായിരിക്കില്ലെന്നേയുള്ളൂ.

Latest News