Sorry, you need to enable JavaScript to visit this website.

ധനകാര്യ വിപണികളിൽ ചുവടുറപ്പിച്ച് നിർമിത ബുദ്ധി 

പല മേഖലകളിലുമെന്ന പോലെ ധനകാര്യ വിപണികളിലും നിർമിത ബുദ്ധിയുടെ സ്വീകാര്യത വർധിക്കുന്നു. ഓഹരി വിപണികൾ നിയന്ത്രിക്കുന്ന അധികൃതർക്ക് ചങ്കിടിപ്പ് നൽകുന്നുണ്ടെങ്കിലും ഷെയർ ഉടമകളും ബ്രോക്കർമാരും ഫണ്ട് മാനേജർമാരും നിർമിത ബുദ്ധിയിലൂടെ പുതിയ നേട്ടങ്ങൾ കൊയ്യുകയാണ്. 
അൽഗോരിതങ്ങളും നിർമിത ബുദ്ധിയും വഴി വിപണിയിലെ ചെറിയ ചാഞ്ചാട്ടങ്ങൾ മുതലെടുത്ത് സെക്കൻഡിൽ ആയിരക്കണക്കിനു ഇടപാടുകളാണ് ബാങ്കുകളും ഫണ്ടുകളും നടത്തുന്നത്.  നിശ്ചിത വില കടന്നാൽ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിന് സങ്കീർണമായ കണക്കുകളാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. 
2016 ഒക്ടോബറിൽ ബ്രിട്ടീഷ് പൗണ്ട് തകർന്നതുപോലുള്ള പൊടുന്നനെയുള്ള തകർച്ചകൾക്ക് അൽഗോരിതങ്ങളെ പഴിച്ചുവെങ്കിലും ഇപ്പോൾ നിർമിത ബുദ്ധി വിപണികളിലെ വ്യാപാരങ്ങളെ പുതിയ തലങ്ങളിലെത്തിക്കുകയാണ്. ഡസൻകണക്കിനു ഡാറ്റാബേസുകളെ കണ്ണ് ചിമ്മി തുറക്കുന്നതിനു മുമ്പ് വിശകലനം ചെയ്ത് മുന്നിലെത്തിക്കുകയാണ് മെഷീൻ ലേണിംഗ് (എം.എൽ). വിപണിയിലെ ട്രെൻഡുകളും പ്രവചനങ്ങളും ഫലങ്ങളുമൊക്കെ വിശകലനം ചെയ്ത് ഓഹരി വാങ്ങണോ വങ്ങണ്ടയോ എന്ന കാര്യം കംപ്യൂട്ടർ പറയും. തങ്ങളുടെ  ഇടപാടുകാർക്ക് അധികം പരിക്കില്ലാത്തതും ലാഭം ഉറപ്പിക്കാവുന്നതുമായ ഓഹരികൾ നിർണയിച്ച് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകൾക്കും പോർട്ട്‌ഫോളിയോ മാനേജർമാർക്കും വലിയ സേവനമാണ് നിർമിത ബുദ്ധി നൽകുന്നത്. 
തട്ടിപ്പുകൾ കണ്ടെത്താനും കമ്പ്യൂട്ടറുകൾ ആക്രമിക്കപ്പെടുന്നത് തടയാനുമുള്ള ജോലി കുറഞ്ഞ ചെലവിൽ ബാങ്കുകൾ നിർമിത ബുദ്ധിയെയാണ് ഏൽപിച്ചിരിക്കുന്നത്. ഉൽപന്നങ്ങളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നതിനു പുറമെ, വായ്പാ അപേക്ഷകരുടെ കുഴപ്പങ്ങൾ കണ്ടുപിടിക്കാനും സമർഥനായ ജീവനക്കാരനെ പോലെ നിർമിത ബുദ്ധി ഇപ്പോൾ ബാങ്കുകളെ സഹായിക്കുന്നു. 


വരുംവർഷങ്ങളിൽ ധനകാര്യ സേവനങ്ങളിൽ നിർമിത ബുദ്ധി കൂടുതൽ ഇടം പിടിക്കുമെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. 
അടുത്ത രണ്ടു വർഷത്തിനകം നിർമിത ബുദ്ധിയെ തങ്ങളുടെ ജോലികളിൽ പങ്കെടുപ്പിക്കാതെ നിർവാഹമില്ലെന്നാണ് ഡാറ്റാ അനലിസ്റ്റ് സ്ഥാപനമായ ഗ്രീൻവിച്ച് അസോസിയേറ്റ്‌സ് നടത്തിയ സർവേയിൽ മാർക്കറ്റ് പ്രൊഫഷണലുകൾ പറയുന്നത്. 
പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ഇപ്പോൾ തന്നെ നിരവധി സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും നിർമിത ബുദ്ധിയേയും മെഷീൻ ലേണിംഗിനേയും ആശ്രയിക്കുന്നു. 

Latest News