Sorry, you need to enable JavaScript to visit this website.

ഇ-വിമാനങ്ങൾ

പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനം പറന്നു ചെലവു കുറയ്ക്കുന്നതിനും പരിസ്ഥിതി രക്ഷക്കും ഇ-വിമാനങ്ങൾ 

ലോകത്തെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക്ക് വിമാനം കനഡയിൽ പരീക്ഷണ  പറക്കൽ നടത്തി. മലിനീകരണം ഒഴിവാക്കാൻ വിമാനങ്ങൾക്കും സാധിക്കുമെന്ന പ്രതീക്ഷ നൽകി കനേഡിയൻ പട്ടണമായ വാൻകൂവറിൽനിന്നാണ് ഇലക്ട്രിക്ക് വിമാനം പറന്നത്. 
വാണിജ്യ വിമാനങ്ങൾക്കും വൈദ്യുതിയിലേക്ക് മാറാൻ സാധിക്കുമെന്നാണ് ഇത് തെളിയിച്ചിരിക്കുന്നതെന്ന് സിയാറ്റിൽ ആസ്ഥാനമായ എൻജിനീയറിംഗ് സ്ഥാപനമായ മഗ്‌നി എക്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ റോയി ഗൻസാർസ്‌ക് പറഞ്ഞു. വിമാനത്തിന്റെ മോട്ടോർ വികസിപ്പിച്ച കമ്പനി ഹാർബർ എയറുമായി സഹകരിച്ചാണ് പരീക്ഷണം പൂർത്തിയാക്കിയത്. വാൻകൂവറിൽനിന്ന് സമീപത്തെ ദ്വീപ് സമൂഹത്തിലെ വിസ്‌ലർ സ്‌കി റിസോർട്ടിലേക്ക് വർഷം അഞ്ച് ലക്ഷത്തോളം സഞ്ചാരികളെ കൊണ്ടുപോകുന്ന കമ്പനിയാണ് ഹാർബർ എയർ.
പൂർണമായും കാർബൺ ബഹിർഗമനമില്ലാത്തത് എന്നതിലുപരി വിമാന കമ്പനികളുടെ ചെലവ് കുറയ്ക്കുന്നതിൽ സാങ്കേതിക വിദ്യക്ക് നിർണായക പങ്കുവഹിക്കാൻ സാധിക്കുമെന്ന് തെളിഞ്ഞിരിക്കയാണെന്ന് ഗൻസാർസ്‌കി പറഞ്ഞു. ഇതോടെ വൈദ്യുതി വ്യോമയാനത്തിനു തുടക്കമാകുകയാണെന്ന് അദ്ദേഹം വാർത്താ ലേഖകരോട് പറഞ്ഞു.


വ്യോമഗതാഗതം വർധിച്ചതോടെ പുറന്തള്ളുന്ന കാർബണും വർധിച്ചിരിക്കയാണ്. വിമാനത്തിൽ ഒരു യാത്രക്കാരൻ ഒരു കി.മീ യാത്ര ചെയ്യുമ്പോൾ 285 ഗ്രാം കാർബൺ പുറന്തള്ളുന്നുവെന്നാണ് കണക്ക്. മറ്റു ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് വ്യോമ ഗതാഗത മേഖലയാണ് ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്നതെന്ന് യൂറോപ്യൻ പരിസ്ഥതി ഏജൻസി പറയുന്നു. കാർബൺ നിർഗമനമാണ് ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും മുഖ്യകാരണം. തിരമാലകൾ ഉയരാനും കരകൾ നഷ്ടമാകാനും കൊടുങ്കാറ്റുകൾക്കും വരൾച്ചക്കും ആഗോള താപനം കാരണമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. 
 ഹാർബർ എയർ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവുമായ ഗ്രേഗ് മക്ഡഗളാണ്  ആറു യാത്രക്കാരുമായി ഇലക്ട്രിക്ക് മോട്ടോർ ഘടിപ്പിച്ച ഇ-വിമാനം പറത്തിയത്. 15 മിനിറ്റാണ് വിമാനം പറന്നത്. മൊത്തം വിമാനങ്ങളെ വൈദ്യുതിയിലേക്ക് മാറ്റുകയാണ് ഹാർബർ എയറിന്റെ ലക്ഷ്യമെന്ന് മക്ഡഗൾ പറഞ്ഞു. നിലവിൽ വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ചെലവാക്കുന്ന ലക്ഷങ്ങൾ ഇനി ലാഭിക്കാനാകുമെന്നും അദ്ദേഹം പറയുന്നു. 40 സീ പ്ലെയിനുകൾ മുഴുവൻ വൈദ്യുതിയിലേക്ക് മാറ്റുന്നതിന് ഹാർബർ എയറിന് രണ്ട് വർഷമെങ്കിലും വേണ്ടിവരും. സുരക്ഷിതവും വിശ്വസിക്കാവുന്നതുമാണെന്ന് ഉറപ്പുവരുത്താൻ ഇ-വിമാനം ഇനിയും പരീക്ഷണ പറക്കൽ നടത്തും. വിവിധ രാജ്യങ്ങളിൽ വ്യോമഗതാഗതം നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ ഇലക്ട്രിക്ക് മോട്ടോർ അംഗീകരിക്കേണ്ടതുണ്ട്. 
ഇ-വിമാനങ്ങൾ നന്നായി പ്രവർത്തിക്കുമെന്ന് കന്നി പറക്കലിനു മുമ്പായി കനേഡിയൻ ഗതാഗത മന്ത്രി മാർക് ഗാർണ്യു ഒട്ടാവയിൽ വാർത്താ ലേഖകരോട് പറഞ്ഞു. 

Latest News