ഉള്ളി വില കുത്തനെ കുറയുന്നു

കൊച്ചി- നോക്കി നില്‍ക്കെ കുതിച്ചുയര്‍ന്ന ഉള്ളി വില കുത്തനെ ഇടിഞ്ഞു. കേരളത്തില്‍ മൊത്തവ്യാപാര വിലയില്‍ കിലോയ്ക്ക് 40 രൂപയാണ് കുറഞ്ഞത്. വിപണിയിലും ആനുപാതികമായി വില കുറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഉള്ളി വില ഇനിയും കുറയുമെന്നാണ് വിപണി നിരീക്ഷകര്‍ നല്‍കുന്ന സുചന. കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും. കിലോയ്ക്ക് 60 രൂപ എന്ന നിരക്കിലെത്തുമെന്നാണ് പ്രതീക്ഷ. വില കുതിച്ചുയര്‍ന്ന് രാജ്യത്ത് പലയിടത്തും കിലോയ്ക്ക് 180 രൂപ വരെയായിരുന്നു. പൂനെയില്‍ നിന്ന് കൂടുതല്‍ ഉള്ളി എത്തിയതാണ് വില കുറയാനിടയാക്കിയത്. വില വര്‍ധന നിയന്ത്രിക്കാന്‍ കൂടുതല്‍ ഉള്ളി വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൂടുതല്‍ ഉള്ളി വിപണിയില്‍ ലഭ്യമാകുന്നതോടെ വിലയും കുറയും. മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങി പ്രധാന ഉള്ളി ഉല്‍പ്പാദക സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്ത് കൃഷി നശിച്ചതു മൂലമുണ്ടായ ദൗര്‍ലഭ്യതയാണ് വില ഉയരാന്‍ പ്രധാന കാരണം. കയറ്റുമതിയും സംഭരണ അളവും നിയന്ത്രിച്ചും ഇറക്കു മതി വര്‍ധിപ്പിച്ചുമാണ് വില വര്‍ധനയെ സര്‍ക്കാര്‍ നേരിടുന്നത്.
 

Latest News