ക്രിസ്മസ് ബോണസായി ഓരോരുത്തര്‍ക്കും 35 ലക്ഷം വീതം! ജീവനക്കാരെ ഞെട്ടിച്ച് കമ്പനി ഉടമ

മേരിലാന്‍ഡ്- ആഘോഷ വേളകളില്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് ബോണസ് വിതരണം ചെയ്യുക പതിവാണ്. ഇതു കണ്ട് അധികമാരും ഞെട്ടാറൊന്നുമില്ല. എന്നാല്‍ യുഎസിലെ മേരിലാന്‍ഡിലെ ഒരു കമ്പനി ഉടമ തന്റെ ജീവനക്കാര്‍ ബോണസ് നല്‍കി ശരിക്കും അമ്പരിപ്പിച്ചിരിക്കുകയാണ്. ക്രിസ്മസ് ബോണസായി തന്റെ 200 ജീവനക്കാര്‍ക്ക് 35 ലക്ഷത്തോളം രൂപ വീതമാണ് 81കാരനായ എഡ്വേര്‍ഡ് സെന്റ് ജോണ്‍ വിതരണം ചെയ്തത്. ക്രിസ്മസ് ഡിന്നറിനായി എല്ലാവരേയും വിളിച്ചു വരുത്തി സര്‍പ്രൈസ് ആയാണ് ചുവന്ന കവറിലിട്ട് തുക ഓരോരുത്തര്‍ക്കും നല്‍കിയത്. അപ്രതീക്ഷിത ബോണസ് തുക കണ്ട് എല്ലാവരും ഞെട്ടിത്തരിച്ചു. കമ്പനിയുടെ വളര്‍ച്ചയ്ക്കും നേട്ടങ്ങള്‍ക്കും സഹായിച്ച ഓരോ ജീവനക്കാര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും നന്ദി രേഖപ്പെടുത്തിയുള്ള കുറിപ്പും എഡ്വേര്‍ഡ് കവറിലിട്ടിരുന്നു. 

കമ്പനി ലക്ഷ്യമിട്ട നേട്ടങ്ങളെല്ലാം നേടിയത് ഗംഭീരമായി തന്നെ ആഘോഷിക്കാനാണ് ഇത്തരമൊരു വന്‍ സമ്മാനം ജീവനക്കാര്‍ക്കു നല്‍കിയത്. നല്‍കുന്നത് എന്തായാലും അത് ജീവനക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നത് ആയിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും ഉടമ പറയുന്നു. ടീം ഇല്ലാതെ ഒന്നുമില്ലെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. എഡ്വേര്‍ഡിന്റെ സെന്റ് ജോണ്‍ പ്രോപര്‍ട്ടീസ് എന്ന കമ്പനിക്ക് റിയല്‍എസ്റ്റേറ്റ് രംഗത്ത് 350 കോടി ഡോളര്‍ മൂല്യമുള്ള നിക്ഷേപമുണ്ട്.
 

Latest News