Sorry, you need to enable JavaScript to visit this website.

കര്‍ഫ്യൂ ലംഘിച്ച് അസമില്‍ ആയിരങ്ങള്‍ തെരുവില്‍; ആര്‍ക്കും അവകാശം കവരാന്‍ കഴില്ലെന്ന് മോഡി

ഗുവാഹത്തി/ന്യൂദല്‍ഹി- പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നടന്നു വരുന്ന പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നു. വന്‍ സൈനിക വിന്യാസം നടത്തിയും മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധം വേര്‍പ്പെടുത്തിയും നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും ആയിരങ്ങളാണ് നിരോധനാജ്ഞ ലംഘിച്ച് തെരുവില്‍ പ്രതിഷേധവുമായി രംഗത്തുള്ളത്. പലയിടത്തും പ്രതിഷേധക്കാര്‍ സൈന്യവുമായും പോലീസുമായും ഏറ്റുമുട്ടി. അസമിന്റെ നാലു മേഖലകളിലായാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. ഗതാഗത സംവിധാനങ്ങളേയും പ്രതിഷേധം കാര്യമായി ബാധിച്ചു. അയല്‍ സംസ്ഥാനമായ ത്രിപുരയിലും പ്രതിഷേധവും സമരവും ശക്തമാണ്. ഗുവാഹത്തി, ദിബ്രുഗഢ് എന്നിവിടങ്ങളിലേക്കുള്ള നിരവധി വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. റോഡ്, റെയില്‍ ഗതാഗതത്തേയും സമരം സാരമായി ബാധിച്ചു.

അതിനിടെ പ്രതിഷേധിക്കുന്ന അസമുകാരെ തണുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതിയ പ്രസ്താവനയിറക്കി. ആര്‍ക്കും ആരുടേയും അവകാശം കവരാന്‍ കഴിയില്ലെന്ന് അസമിലെ സഹോദരീ സഹോദരന്‍മാര്‍ക്ക് ഉറപ്പു നല്‍കുന്നതായി മോഡി ട്വീറ്റ് ചെയ്തു. ഇന്റെര്‍നെറ്റ് ബന്ധം വിച്ഛേദിച്ച് ശേഷമാണ് ട്വിറ്ററിലൂടെ അസമുകാരോട് ഇങ്ങനെ പറഞ്ഞത്. അസമുകാരുടെ സവിശേഷ സ്വത്വത്തേയും മനോഹരമായ സംസ്‌കാരത്തേയും അവകാശങ്ങളേയും എടുത്തുമാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഉറപ്പു നല്‍കുന്നു എന്നായിരുന്നു മോഡിയുടെ ട്വീറ്റ്.
 

Latest News