Sorry, you need to enable JavaScript to visit this website.

മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് ശിക്ഷ; ബില്‍ ലോക്‌സഭയില്‍

ന്യൂദല്‍ഹി - മാതാപിതാക്കളെയും മുതിര്‍ന്നവരെയും കരുതിക്കൂട്ടി അധിക്ഷേപിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന മക്കള്‍ക്കും ബന്ധുക്കള്‍ക്കും ആറു മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ഉറപ്പാക്കുന്ന ബില്‍ ലോക്‌സഭയില്‍. ഒന്നുകില്‍ തടവോ അല്ലെങ്കില്‍ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന വയോജന സംരക്ഷണ ഭേദഗതി ബില്‍ (വെല്‍ഫയര്‍ ഓഫ് പേരന്റ്‌സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ്) ആണ് ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവര്‍ ചന്ദ് ഗെലോട്ട് അവതരിപ്പിച്ച ബില്ലില്‍ മുതിര്‍ന്നവര്‍ക്ക് ജീവനാംശവും വൃദ്ധസദനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നു.


ബില്ലിലെ പുതിയ വ്യവസ്ഥ അനുസരിച്ച് രക്ഷിതാക്കള്‍ക്ക് അവകാശപ്പെടാവുന്ന ജീവനാംശം പതിനായിരം രൂപ എന്ന പരിധി നീക്കിയിട്ടുണ്ട്. ജീവനാംശം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന മക്കള്‍ക്കും ബന്ധുക്കള്‍ക്കും പിഴ ചുമത്താനുള്ള അധികാരം ട്രൈബ്യൂണലിനുണ്ട്. ജീവനാംശം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഒരു മാസമോ അല്ലെങ്കില്‍ ജീവനാംശം നല്‍കുന്നതുവരെയോ തടവ് ശിക്ഷ ലഭിക്കും. ജീവനാംശം എന്നത് മതാപിതാക്കളുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, സുരക്ഷ എന്നിവ കൂടി ഉള്‍പ്പെടുന്നതാണ്. രക്ഷിതാക്കളേയും വയോധികരേയും സാമ്പത്തികമായും മാനസികമായും ശാരീരികവും വാക്കാലുമുള്ള ഉപദ്രവത്തില്‍ നിന്നും അവഗണനയില്‍ നിന്നും സുരക്ഷ ഉറപ്പുവരുത്തുന്നതും സംരക്ഷിക്കുന്നതുമാണ് പുതിയ നിയമമെന്ന് മന്ത്രി ഗെലോട്ട് പറഞ്ഞു.


മാതാപിതാക്കളോട് കരുതിക്കൂട്ടിയുള്ള ശാരീരികമോ വാക്കാലോ വികാരപരമായോ സാമ്പത്തികമായോ ഉള്ള അധിക്ഷേപവും അവഗണനയും ബോധപൂര്‍വമുള്ള കൈയൊഴിയലും ബില്ല് പാസാകുന്നതോടെ ശിക്ഷാര്‍ഹമായ കുറ്റമാകും. മാതാപിതാക്കളെയും മുതിര്‍ന്ന പൗരന്‍മാരെയും മര്‍ദിക്കുന്നതും മാനസിക വ്യഥയിലാക്കുന്നതും കുറ്റകരമാണ്. ഇത്തരത്തില്‍ ശിക്ഷാര്‍ഹരാകുന്നവരില്‍ മക്കള്‍ക്ക് പുറമേ ദത്തെടുത്ത മകളുടെ ഭര്‍ത്താവ്, മകന്റെ ഭാര്യ, പേരക്കുട്ടികള്‍ എന്നിവരും ഉള്‍പ്പെടും. 80 വയസിനു മുകളിലുള്ളവര്‍ ജീവനാംശത്തിനും തുണയ്ക്കും വേണ്ടി നിര്‍ദിഷ്ട ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കിയാല്‍ 60 ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമോ രേഖാമൂലമുള്ള അപേക്ഷയുടെ അടിസ്ഥാനത്തിലോ ട്രൈബ്യൂണലിന് ഈ കാലയളവ് 30 ദിവസം കൂടി നീട്ടാം. മറ്റു മുതിര്‍ന്ന പൗരന്‍മാരുടെയും മാതാപിതാക്കളുടെയും ജീവനാംശത്തിനായുള്ള അപേക്ഷയില്‍ ട്രൈബ്യൂണല്‍ 90 ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കിയിരിക്കണം.


ബില്ലിലെ വ്യവസ്ഥ അനുസരിച്ച് ഓരോ പോലീസ് സ്റ്റേഷനിലും സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു നോഡല്‍ ഓഫീസറെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ഇത്തരത്തിലുള്ള പരാതികള്‍ കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തണം. വയോജന ക്ഷേമത്തിനായി ഓരോ ജില്ലയിലും ഒരു പ്രത്യേക പോലീസ് യൂനിറ്റ് ഉണ്ടായിരിക്കണം. എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ഈ യൂനിറ്റിന്റെ ചുമതല വഹിക്കണം. കൃത്യമായി തീര്‍പ്പുകളുണ്ടാകുന്നു എന്നുറപ്പു വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യ ക്ഷേമ ഓഫീസറെയും ചുമതലപ്പെടുത്തണം.

 

Latest News