Sorry, you need to enable JavaScript to visit this website.

പൗരത്വ ബില്ലിൽ പ്രതിഷേധം ദൽഹിയിലും

പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് വടക്കുകിഴക്കൻ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇന്നലെ ദൽഹിയിൽ നടന്ന പ്രകടനം. 
ത്രിപുരയിലെ അഗർത്തലയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ യൂനിഫോമിൽ തീപ്പിടിച്ച ഒരു പോലീസുകാരനെ രക്ഷിക്കാൻ സഹപ്രവർത്തകരുടെ ശ്രമം.

ന്യൂദൽഹി- രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കാൻ ഇടയാക്കുന്ന പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തുടരുന്ന രൂക്ഷമായ പ്രതിഷേധം തലസ്ഥാനമായ ദൽഹിയിലുമെത്തി. വിവിധ രാഷ്ട്രീയ കക്ഷികളുടെയും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥി സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് ദൽഹിയിൽ ഇന്നലെ പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. പ്രതിഷേധക്കാർ ജന്തർ മന്ദിറിൽ ബില്ലിന്റെ കോപ്പി കത്തിച്ചു.


വടക്കുകിഴക്കൻ വിദ്യാർഥി യൂനിയൻ, സി.പി.എം ദൽഹി ഘടകം എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ജന്തർ മന്ദിറിലെ പ്രതിഷേധം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബില്ലിന് പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് ജന്തർ മന്ദിറിലെ ജെ.ഡി.യു ഓഫീസിലേക്കും പ്രതിഷേധക്കാർ പ്രകടനം നടത്തി. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വ ബിൽ അംഗീകരിക്കില്ലെന്നും അത് പിൻവലിക്കണമെന്നും പ്രകടനക്കാർ ആവശ്യപ്പെട്ടു.
ഈ നിയമം നമ്മുടെ ഭരണഘടനക്ക് എതിരാണെന്ന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി. ഇതാദ്യമായാണ് നമ്മുടെ രാജ്യത്ത് മതം പൗരത്വത്തിന്റെ അടിസ്ഥാനമായി മാറുന്നത്. ഇത്രയേറെ എതിർപ്പുണ്ടായിട്ടും ബിൽ പാർലമെന്റിൽ പാസാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐയുടെ ആഭിമുഖ്യത്തിൽ ഗാന്ധി പ്രതിമക്കു മുന്നിലും പ്രതിഷേധ പ്രകടനം നടന്നു.


ഈ ബിൽ ഭരണഘടനാ വിരുദ്ധം മാത്രമല്ല, ജനവിരുദ്ധം കൂടിയാണെന്ന് പ്രതിഷേധക്കാർ വിളിച്ചു പറഞ്ഞു. ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്നതും, ഇസ്‌ലാം വിരുദ്ധവുമായ ബില്ലാണിത്. ഇത് സമൂഹത്തിൽ സ്പർധ വളർത്തുകയും രാജ്യത്ത് പുതിയ വിഭജനത്തിന് കാരണമാവുകയും ചെയ്യും. അതുകൊണ്ട് രാജ്യത്തെ സ്‌നേഹിക്കുന്ന ഓരോ പൗരനും ബില്ലിനെ ബഹിഷ്‌കരിക്കണം. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ ചോദിച്ച് സർക്കാർ വന്നാൽ ബഹിഷ്‌കരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്നലെയും ബില്ലിനെതിരെ കനത്ത പ്രതിഷേധമാണ് നടന്നത്. സംഘർഷത്തെത്തുടർന്ന് അസമിലടക്കം കർഫ്യൂ പ്രഖ്യാപിച്ചു.

 

Latest News