Sorry, you need to enable JavaScript to visit this website.

ഗ്രെറ്റ തുൻബർഗ് ടൈം പെഴ്‌സൺ ഓഫ് ദി ഇയർ

തുൻബർഗിനെ പെഴ്‌സൺ ഓഫ് ദി ഇയറായി അറിയിച്ചുകൊണ്ടുള്ള ടൈം മാഗസീന്റെ കവർ ചിത്രം. 

ന്യൂയോർക്ക് - കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള നടപടികളുടെ അടിയന്തര സ്വഭാവം ചൂണ്ടിക്കാട്ടി ഒറ്റയാൾ പോരാട്ടത്തിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ സ്വീഡിഷ് വിദ്യാർഥിനി ഗ്രെറ്റ തുൻബർഗ് ടൈം മാഗസീന്റെ ഈ വർഷത്തെ പെഴ്‌സൺ ഓഫ് ദ ഇയർ. കഴിഞ്ഞ വർഷം സ്വീഡിഷ് പാർലമെന്റിനു മുന്നിൽ ഒറ്റക്ക് നടത്തിയ സമരത്തിലൂടെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ 16 കാരി, ഉന്നയിച്ച ചോദ്യങ്ങൾ ലോകത്തിന്റെ മനസ്സിൽ തറയ്ക്കുന്നതായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുതൽ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസൊനാരോ വരെയുള്ള പ്രമുഖരുടെ ആക്ഷേപങ്ങളും പരിഹാസവും നേരിട്ടിട്ടും, തന്റെ നിലപാടിൽനിന്ന് പിന്നോക്കം പോകാൻ അവൾ തയാറായില്ല. 'നാളെ എന്നൊന്നില്ല എന്നതുപോലെ ചുമ്മാതങ്ങ് ജീവിക്കാൻ നമുക്കാവില്ല, കാരണം നാളെ എന്നൊന്നുണ്ട്. അതുമാത്രമേ ഞങ്ങൾ പറയുന്നുമുള്ളു' ടൈം മാഗസീനോട് തുൻബർഗ് പറഞ്ഞു.


ലോകത്തിന്റെ നിലനിൽപ്പിനുവേണ്ടി ഇന്ന് ചെയ്യാനുള്ളത് ഉടൻ ചെയ്യുക എന്ന സന്ദേശവുമായി യൂറോപ്പിലും അമേരിക്കയിലും കാനഡയിലുമൊക്കെയായി ആഴ്ചകൾ നീണ്ട പര്യടനം നടത്തിയ തുൻബർഗിന്റെ വാക്കുകൾ പരിസ്ഥിതിവാദികൾ മാത്രമല്ല, സാധാരണ ജനങ്ങളും ഏറ്റെടുത്തു. ഇക്കാര്യത്തിൽ രാഷ്ട്രനേതാക്കളും, കമ്പനി മേധാവികളും, ശാസ്ത്രജ്ഞരും പുലർത്തുന്ന നിഷ്‌ക്രിയത്വത്തെയും നിസ്സംഗതയെയും അവൾ ചോദ്യം ചെയ്തു. അവാർഡ് പ്രഖ്യാപനം വരുമ്പോൾ സ്‌പെയിൻ തലസ്ഥാനമായ മഡ്രീഡിൽ നടക്കുന്ന യു.എൻ കാലാവസ്ഥാ ഫോറത്തിൽ പങ്കെടുക്കുകയായിരുന്നു തുൻബർഗ്. ഭൂമിയുടെ നിലനിൽപ്പിനുവേണ്ടി അടിയന്തരമായി ചിലത് ചെയ്യേണ്ടതുണ്ടെന്ന ബോധം ലോകത്ത് വ്യാപിപ്പിക്കുന്നതിൽ അവൾ വിജയിച്ചുവെന്ന് ടൈം മാഗസീൻ പറയുന്നു. പ്രവർത്തിക്കുന്നവർക്ക് പ്രചോദനം നൽകുകയും, പ്രവർത്തിക്കാത്തവരെ പരിഹസിക്കുകയുമായിരുന്നു അവൾ.


ഈ വർഷം ജനുവരിയിൽ സ്വിറ്റ്‌സർലാന്റിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ തുൻബർഗ് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 'എനിക്ക് നിങ്ങളെ പരിഭ്രാന്തരാക്കുകയാണ് വേണ്ടത്. ഓരോ ദിവസം ഞാൻ അനുഭവിക്കുന്ന ഭയം നിങ്ങളിലും ഉണ്ടാകണം. എന്നിട്ട് നിങ്ങൾ പ്രവർത്തിക്കണം' - ഫോറത്തിൽ പങ്കെടുത്ത ലോക നേതാക്കളോടും കമ്പനി സി.ഇ.ഒമാരോടുമായി തുൻബർഗ് പറഞ്ഞ ഈ വാക്കുകൾ സാമൂഹ്യമാധ്യമങ്ങളിൽ തീയായി പടർന്നു.


ഗായികയായ അമ്മയുടെയും, നടനായ അഛന്റെയും മകളായി ജനിച്ച ഗ്രെറ്റ തുൻബർഗ് സ്വന്തം സ്‌കൂളിനുമുന്നിലാണ് ലോകത്തിന്റെ നിലനിൽപ്പിനുവേണ്ടി അടിയന്തരമായി പ്രവർത്തിക്കൂ എന്ന സന്ദേശവുമായി ആദ്യമായി ഒറ്റയാൾ പോരാട്ടം തുടരുന്നത്. പിന്നീടത് സ്വീഡിഷ് പാർലമെന്റിനുമുന്നിലേക്കും ക്രമേണ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. 
ലോക ശ്രദ്ധ പിടിച്ചുപറ്റുമ്പോഴും വിമർശനങ്ങളും തുൻബർഗിനുനേരെ ഉയർന്നു. വികൃതിയെന്നും മനോരോഗിയെന്നുമൊക്കെയാണ് തുൻബർഗിനെ ബ്രസീൽ പ്രസിഡന്റ് ബോൾസനാരോ ഈയിടെ കളിയാക്കിയത്. 
ഓൺലൈൻ ഗൂഢാലോചനയുടെ ഭാഗമാണവൾ എന്നും കുറ്റപ്പെടുത്തി. എന്നാൽ വ്യത്യസ്തമായിരിക്കുന്നത് ഒരു രോഗമല്ലെന്നായിരുന്നു ഇതിന് തുൻബർഗിന്റെ മറുപടി. 
എതിർപ്പുകൾക്കിടയിലും തുൻബർഗിന്റെ സ്വീകാര്യത നാൾക്കുനാൾ വർധിക്കുകയാണ്. അവളുടെ ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾക്ക് ഇന്ന് 1.2 കോടി ഫോളോവേഴ്‌സുണ്ട്. അക്കൂട്ടത്തിൽ ബരാക്ക് ഒബാമയും, ദലൈലാമയും, അർനോൾഡ് ഷ്വാർസിനീഗറുമുണ്ട്.

Latest News