Sorry, you need to enable JavaScript to visit this website.

വിവരാവകാശം: ഉത്തരം കണ്ടു വട്ടംകറങ്ങി അപേക്ഷകൻ

പെരിന്തൽമണ്ണ- വിവരാവകാശ നിയമപ്രകാരമുള്ള  ചോദ്യത്തിന് ലഭിച്ച മറുപടി കണ്ടു വട്ടം കറങ്ങുകയാണ് അപേക്ഷകനും നാട്ടുകാരും. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിൽ റോഡ് പുനരുദ്ധാരണത്തിനു അനുവദിച്ച തുകയെക്കുറിച്ച് പഞ്ചായത്ത്  സെക്രട്ടറി നൽകിയ മറുപടിയാണ് അബദ്ധ പഞ്ചാംഗമായത്. 2018-19 സാമ്പത്തിക വർഷത്തിൽ ഗ്രാമപഞ്ചായത്തിന് സർക്കാരിൽ നിന്ന് ലഭിച്ച വിവിധ ഇനം ഫണ്ടുകളുടെ കണക്ക് ആവശ്യപ്പെട്ടു വലമ്പൂരിലെ  പുലിയകുത്ത് മുഹമ്മദലി ആണ് അപേക്ഷ നൽകിയത്.  റോഡ് പുനരുദ്ധാരണത്തിനു എത്ര ഫണ്ട് ലഭിച്ചു എന്നായിരുന്നു ഒരു ചോദ്യം. ഇതിന് നൽകിയ മറുപടി അപേക്ഷകനെ വട്ടംകറക്കുന്നതായി. 
176 കോടി 30 ലക്ഷത്തി മുപ്പതിനായിരം രൂപ എന്നാണ് മറുപടി ലഭിച്ചത്. ഇതിൽനിന്നു എത്ര തുക ചെലവഴിച്ചു എന്ന അടുത്ത ചോദ്യത്തിനു ഒരു കോടി 71 ലക്ഷത്തി 41242 രൂപ എന്നുമാണ് ലഭിച്ച മറുപടി. 58.60 ശതമാനം തുകയാണ് ചെലവഴിച്ചത് എന്നും പറയുന്നു. ഈ മൂന്ന് ഉത്തരങ്ങളും പരസ്പരം പൊരുത്തപ്പെടാത്തതാണ്. 176 കോടി രൂപ ഒരിക്കലും ഒരു പഞ്ചായത്തിനു റോഡ് പുനരുദ്ധാരണത്തിനു ലഭിക്കില്ല എന്നിരിക്കെയാണ് തെറ്റായ കണക്ക് നൽകിയത്. 
ചെലവഴിച്ച 1.71 കോടി രൂപ ലഭിച്ച തുകയായ 176 കോടിയുടെ 58.60 ശതമാനവും അല്ല. അക്കങ്ങൾ എഴുതിയപ്പോൾ തെറ്റുപറ്റിയതാണെന്നു കരുതി അപേക്ഷകൻ ശതമാന കണക്ക് നോക്കുമ്പോൾ ഒരു സംഖ്യയും തമ്മിൽ ഒരു ബന്ധവുമില്ല. യഥാർഥ കണക്ക് ലഭിക്കാൻ വീണ്ടും അപേക്ഷ നൽകേണ്ട ഗതികേടിലാണിപ്പോൾ.

Latest News