കൊച്ചി- പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ നിരപരാധികൾ ബലിയാടാകുന്നുണ്ടോയെന്ന് പോലീസും പ്രോസിക്യൂഷനും ജാഗ്രതയോടെ പരിശോധിക്കണമെന്ന് ഹൈക്കോടതി. കോട്ടയം പാമ്പാടി പോലിസ് പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
അനാവശ്യമായി പ്രതിയാക്കപ്പെടുന്നവർ സംഭവത്തിലെ ഇരകളാണെന്നും കോടതി ചൂണ്ടിക്കാട്ടി. കോട്ടയം പാമ്പാടിയിൽ 13കാരിയായ സ്‌കൂൾ വിദ്യാർഥിനി സ്‌കൂൾ ബസിൽ പീഡനത്തിനിരയായെന്ന പരാതിയിൽ പ്രതി ചേർക്കപ്പെട്ടയാൾ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ബസിന്റെ പിൻസീറ്റിൽ എത്തി തന്നെ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു വിദ്യാർഥിനിയുടെ മൊഴി. തൊട്ടടുത്ത സീറ്റിലിരുന്ന രണ്ട് കുട്ടികളുടെ മൊഴിയിൽ ഇത്തരമൊരു സംഭവം നടന്നതായി കണ്ടില്ലെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ നിന്നും ഈ കേസ് തെറ്റായി രജിസ്റ്റർ ചെയ്തതാണെന്ന് വ്യക്തമാണെന്ന് കോടതി കണ്ടെത്തി.
ലൈംഗികാതിക്രമ പരാതികളിൽ ഏറെ ജാഗ്രതയോടെ വേണം കേസുകൾ രജിസ്റ്റർ ചെയ്യാനെന്ന് കോടതി നിർദേശം നൽകി. നിരപരാധിയായ ഒരാൾ ഇത്തരം കേസുകളിൽ പ്രതിയായാൽ അയാളായിരിക്കും ഈ കേസുകളിലെ യഥാർഥ ഇരയെന്നും കോടതി ഓർമിപ്പിച്ചു. തുടർന്ന് കോട്ടയം സെഷൻസ് കോടതിയിൽ നടക്കുന്ന ഈ കേസിലെ എല്ലാ നടപടികളും റദാക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചു.






