Sorry, you need to enable JavaScript to visit this website.

ഹറമൈൻ ട്രെയിന്‍ സർവീസ് പുനരാരംഭിച്ചു; ജിദ്ദ എയർപോർട്ട് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

ജിദ്ദ - കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ട് ഒന്നാം നമ്പർ ടെർമിനലിലെ റെയിൽവേ സ്റ്റേഷൻ പ്രവർത്തിപ്പിച്ചു തുടങ്ങി. എയർപോർട്ടിൽ നിന്നുള്ള പ്രഥമ സർവീസ് റാബിഗ് വഴി മദീനയിലേക്കായിരുന്നു. ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബർ 24 ന് ആണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പുതിയ ജിദ്ദ എയർപോർട്ട് ടെർമിനലും വിമാനത്താവളത്തിലെ റെയിൽവേ സ്റ്റേഷനും ഔപചാരികമായി ഉദ്ഘാടനം ചെയതത്.

ഹറമൈൻ റെയിൽവേയിൽ പൂർത്തിയാക്കുന്ന അവസാനത്തെ റെയിൽവേ സ്റ്റേഷനാണിത്. നേരത്തെ മക്ക, ജിദ്ദ സുലൈമാനിയ, റാബിഗ്, മദീന സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് ട്രെയിൻ സർവീസുകൾ നടത്തിയിരുന്നത്. ആദ്യമായാണ് ജിദ്ദ എയർപോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസുകൾ നടത്തുന്നത്. 

 

ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ ആകെ അഞ്ചു സ്റ്റേഷനുകളാണുള്ളത്. മക്ക, റാബിഗ്, മദീന എന്നിവിടങ്ങളിൽ ഓരോ സ്റ്റേഷനും ജിദ്ദയിൽ സുലൈമാനിയയിലും വിമാനത്താവളത്തിലും ഓരോ സ്റ്റേഷനുകളുമാണുള്ളത്. ജിദ്ദ എയർപോർട്ട് റെയിൽവേ സ്റ്റേഷനിൽ ആറു പ്ലാറ്റ്‌ഫോമുകളാണുള്ളത്. ഓരോ പ്ലാറ്റ്‌ഫോമിനും 519 മീറ്റർ വീതം നീളമുണ്ട്. റെയിൽെേവ സ്റ്റേഷന്റെ ആകെ വിസ്തീർണം 12,000 ചതുരശ്ര മീറ്ററാണ്. മണിക്കൂറിൽ 3204 യാത്രക്കാരെ സ്വീകരിക്കുന്നതിന് ജിദ്ദ എയർപോർട്ട് റെയിൽവേ സ്റ്റേഷന് ശേഷിയുണ്ട്. 


ജിദ്ദ എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പ്രവർത്തിപ്പിച്ചു തുടങ്ങിയതോടെ ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ ഇന്നലെ മുതൽ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. ജിദ്ദ എയർപോർട്ട് സ്റ്റേഷനിൽ നിന്ന് മദീന സർവീസാണ് ഇന്നലെ രാവിലെ ആദ്യമായി നടത്തിയത്.

ജിദ്ദ സുലൈമാനിയ സ്റ്റേഷൻ അഗ്നിബാധയിൽ കത്തിയമർന്നതിനെ തുടർന്ന് നിർത്തിവെച്ച സർവീസുകൾ മൂന്നു മാസത്തിനു ശേഷമാണ് ഭാഗികമായി പുനരാരംഭിക്കുന്നത്. അടുത്തയാഴ്ച മുതൽ മക്ക സർവീസുകളും പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. സുലൈമാനിയ റെയിൽവേ സ്റ്റേഷനു സമീപം താൽക്കാലികമായി നിർമിക്കുന്ന ബദൽ പാത പ്രയോജനപ്പെടുത്തിയാണ് മക്ക സർവീസ് പുനരാരംഭിക്കുക. അഗ്നിബാധയിൽ തകർന്ന ഭാഗങ്ങളുടെ പുനർനിർമാണ ജോലികൾ തുടരുകയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 29 ന് ആണ് ജിദ്ദ സുലൈമാനിയ റെയിൽവേ സ്റ്റേഷൻ കത്തിയമർന്നത്. സുലൈമാനിയ റെയിൽവേ സ്റ്റേഷനും പഴയ റെയിൽ പാതയുടെ കിഴക്ക് ഹറമൈൻ റോഡിനും ഇടയിലുള്ള ഭാഗത്താണ് ബദൽ പാത നിർമിക്കുന്നത്. കഴിഞ്ഞ മാസാദ്യത്തോടെ സർവീസ് പുനരാരംഭിക്കാനാണ് നേരത്തെ ലക്ഷ്യമിട്ടിരുന്നത്. നേരത്തെ കണക്കുകൂട്ടിയതിലും ഒരു മാസത്തിലേറെ വൈകിയാണ് പാതയിൽ ഭാഗിക സർവീസ് പുനരംഭിച്ചത്. പൂർണ തോതിൽ സർവീസുകൾ പുനരാരംഭിക്കുന്നതിന് ഇനിയും സമയമെടുക്കും. മക്ക സർവീസുകൾ അടുത്തയാഴ്ച മുതൽ പുനരാരംഭിച്ചാലും സുലൈമാനിയ സ്റ്റേഷനിൽ സ്റ്റോപ്പുണ്ടാകില്ല. ജിദ്ദ എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പ്രയോജനപ്പെടുത്തിയാണ് ജിദ്ദ നിവാസികൾക്കും തീർഥാടകർ അടക്കമുള്ളവർക്കും സേവനം നൽകുക. 
 

Latest News